|    Nov 25 Sat, 2017 11:10 am
FLASH NEWS

മഴ കനത്തു; മണ്ണിടിച്ചിലില്‍ നാശനഷ്ടം

Published : 6th August 2017 | Posted By: fsq

 

രാജാക്കാട്: ജില്ലയില്‍ ഹൈറേഞ്ചില്‍ അടക്കം മഴ ശക്തമായി. മൂന്നാര്‍,കുമളി,നെടുങ്കണ്ടം,ചെറുതോണി,ഇടുക്കി, തൊടുപുഴ, മൂലമറ്റം എന്നിവടങ്ങളിലും മഴ ശക്തമായിട്ടുണ്ട്. ഇന്നലെ പെയ്ത മഴയില്‍ മൂന്നാറില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണ് വീട് തകര്‍ന്നു. മൂന്നാര്‍ ലക്ഷംവീട് കോളനിയില്‍ ഹക്കീമിന്റെ വീടാണ് തകര്‍ന്നത്. നാല് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ വീടിനുള്ളില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രിമുതല്‍ ശക്തമായി പെയ്യുന്ന മഴയിലാണ് വീടിന്റെ പിന്‍വശത്തുള്ള കല്‍ക്കെട്ട് തകര്‍ന്ന് വീടിന് മുകളിലേയ്ക്ക് വീണത്. വീടിന്റെ ഭിത്തിയടക്കം തകര്‍ന്ന് വീണു. ഹക്കിം സാഹിബിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ കന്നിയമ്മാളും കുടുംബവും, കൂടാതെ നാല് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുമാണ് വാടകയ്ക്ക് താമസിക്കുന്നത്. മഴ ശക്തമായതോടെ ഹൈറേഞ്ച് വലിയ മണ്ണിടിച്ചിലിന്റേയും, ഉരുള്‍പൊട്ടലിന്റേയും ഭീതിയിലാണ്. കനത്ത മഴയില്‍ കട്ടപ്പന കല്യാണത്തണ്ടില്‍ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സമീപവാസിയുടെ വീടിന്റെ ഭിത്തിയില്‍ പതിച്ചു. കല്യാണത്തണ്ട് വാഴക്കാലായില്‍ ബിജുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. ശക്തിമായ മഴയില്‍ കഞ്ഞിക്കുഴിയിലും വീട് തകര്‍ന്നു. ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. കഞ്ഞിക്കുഴി തച്ചോട്ട്പാറയില്‍ മോഹനന്റെ വീടാണ് തകര്‍ന്നത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന മോഹനന്‍ അത്ഭുതകരമായിട്ടാണ് രക്ഷപെട്ടത്. ശോചനീയാവസ്ഥയിലായിരുന്ന വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി നിലം പതിയ്ക്കുകയായിരുന്നു. ഈ സമയം മോഹനന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കുമളിയില്‍ വലിയ പാറക്കഷ്ണങ്ങള്‍ അടര്‍ന്ന് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. മഴക്കാലം  ശക്തി പ്രാപിച്ചതോടെ കൊച്ചി-മധുര ദേശീയപാത അപകടക്കെണിയായി. ദേശിയപാത വികസനത്തിന്റെ ഭാഗമായി നേര്യമംഗലം മുതല്‍ രണ്ടാംമൈല്‍വരെ നിര്‍മിച്ചിരിക്കുന്ന കല്‍ക്കെട്ടുകളും ജലനിധി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പുകളുമാണ് ദേശിയപാതയോരത്തെ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നത്. കനത്ത മഴയെ തുടര്‍ന്ന്  ദേശീയപാതയിലെ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞതാണ് ആശങ്കക്ക് ഇടനല്‍കുന്നത്. ജലനിധി പദ്ധതിക്കായി വെട്ടിപ്പൊളിച്ച ഭാഗത്തും പുതിയതായി നിര്‍മ്മിച്ച കല്‍ക്കെട്ടിനുള്ളിലും മഴവെള്ളമിറങ്ങുന്നതോടെ മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. ജലനിധി പദ്ധതിയുടെ പൈപ്പിടല്‍ പൂര്‍ത്തിയായതോടെ വെള്ളമൊഴുകി പോകാനുള്ള ഓടകള്‍ പലതുമിടിഞ്ഞതും വേണ്ടത്ര ഉറപ്പില്ലാതെ സംരക്ഷണ ഭിത്തികള്‍ കെട്ടിയതും അപകടത്തിനുള്ള പ്രധാനകാരണങ്ങളായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ബലക്ഷയം സംഭവിച്ച ഭാഗങ്ങളില്‍ റിബണുകള്‍ കെട്ടി ദേശീയപാത വിഭാഗം കൈകഴുകുകയാണെന്ന ആരോപണവുമുണ്ട്. അപായ സൂചന നല്‍കുന്ന റിബണുകള്‍ കാറ്റില്‍ പറന്നതോടെ അപകട സാധ്യതയുള്ള പ്രദേശത്തെ സുരക്ഷ മുന്‍കരുതലുകളും ഇല്ലാതായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക