|    Mar 20 Tue, 2018 1:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മഴ, കടല്‍ക്ഷോഭം: 300ഓളം വീടുകള്‍ തകര്‍ന്നു

Published : 18th May 2016 | Posted By: SMR

പി പി ഷിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കഴിഞ്ഞദിവസം രാത്രിമുതല്‍ ആരംഭിച്ച ശക്തമായ മഴയില്‍ തെക്കന്‍ ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. കൃത്യമായ കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടില്ലെന്ന് കണ്‍ട്രോള്‍ റൂം അധികൃതര്‍ അറിയിച്ചു.
കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 20 വരെ കനത്ത മഴയുണ്ടാവുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും 14 ജില്ലകളിലെയും കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ഒപ്പം, എല്ലാ ജില്ലാ കേന്ദ്രങ്ങളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് ചെറിയതുറ, വലിയതുറ എന്നിവിടങ്ങളിലാണു കടലാക്രമണം ശക്തമായത്. വലിയതുറയില്‍ 80ഓളം വീടുകള്‍ പൂര്‍ണമായും 110 വീടുകള്‍ ഭാഗികമായും തകര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വലിയതുറയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ശാശ്വതപരിഹാരം ആവശ്യപ്പെട്ടുമായിരുന്നു ഉപരോധം. ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഓരോ ജില്ലയ്ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ വീതം അനുവദിച്ചു. സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും മണ്ണിടിച്ചിലുംമൂലമുള്ള കെടുതികള്‍ നേരിടാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി റവന്യൂ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്തെ വലിയതുറയിലും അടിമലത്തുറയിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇവിടെ 24 കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയുടെ വിവിധ തീരപ്രദേശങ്ങളില്‍ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണു കടലാക്രമണം ഉണ്ടായത്. പള്ളിത്തോട്, ചാപ്പക്കടവ്, അന്ധകാരനഴി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, മണ്ണഞ്ചേരി എന്നിവിടങ്ങളിലാണു കടല്‍ക്ഷോഭമുണ്ടായത്. ഇവിടങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. 85ഓളം വീടുകള്‍ തകര്‍ന്നെന്നാണു പ്രാഥമിക വിവരം. വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ നാല് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 149 കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. പള്ളിത്തോട്, വാടയ്ക്കല്‍, അന്ധകാരനഴി എന്നിവിടങ്ങളില്‍ ദുരിത്വാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.
അതേസമയം, ഇന്നു കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇപ്പോഴത്തേത് കാലവര്‍ഷമല്ലെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാറ്റിന്റെ വേഗത 70 കിലോമീറ്റര്‍ വരെയാവാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കണ്‍ട്രോള്‍ റൂം തുറന്നു
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളില്‍ നേവി, തീരസേന, ആര്‍മി, ഐടിബിപി, വ്യോമസേന, ദുരന്തനിവാരണസേന എന്നിവയുടെ സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍: 0471 -2331639.
ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെ സമ്പര്‍ക്ക നമ്പര്‍: തിരുവനന്തപുരം 0471-2730045, കൊല്ലം 0474 -2794004, പത്തനംതിട്ട 0468-2322515, ആലപ്പുഴ 0477-2238630, കോട്ടയം 0481-2562201, ഇടുക്കി 0486- 2232242, എറണാകുളം 0484- 2423513, തൃശൂര്‍ 0487-2362424, പാലക്കാട് 0491-2512607, മലപ്പുറം 0483-2736320, കോഴിക്കോട് 0495-2371002, വയനാട് 04936-204151, കണ്ണൂര്‍ 0497-2713266, കാസര്‍കോട് 0499-4257700.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss