|    Apr 27 Fri, 2018 2:40 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മഴവെള്ളസംഭരണം അത്യാവശ്യം

Published : 9th June 2016 | Posted By: SMR

slug-sasthram-samoohamഇന്ത്യയില്‍ തന്നെ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണു കേരളം. എന്നിട്ടുമെന്തേ മഴക്കാലം തീരുമ്പോള്‍ മുതല്‍ അടുത്ത കാലവര്‍ഷം തുടങ്ങുന്നതുവരെയുള്ള മാസങ്ങളില്‍ കേരളത്തില്‍ പലയിടങ്ങളിലും വരള്‍ച്ച അനുഭവപ്പെടുന്നു? അതേസമയം, മഴക്കാലം വന്നുകഴിഞ്ഞാല്‍ പലയിടങ്ങളിലും പ്രളയമാണ്. എന്തുകൊണ്ടാണ് പ്രളയവും വരള്‍ച്ചയും ഇങ്ങനെ മാറി മാറി ഉണ്ടാവുന്നത്?
ഭൂമിയില്‍ ആകപ്പാടെ ഏകദേശം 140 കോടി ഘനകിലോമീറ്റര്‍ ജലമുണ്ട് (ഒരു ഘനകിലോമീറ്റര്‍ എന്നാല്‍ ഒരു ലക്ഷംകോടി ലിറ്റര്‍). ഇതില്‍ ഭൂരിഭാഗവും (ഏതാണ്ട് 97 ശതമാനം) സമുദ്രത്തിലെ ഉപ്പുവെള്ളമാണ്. ശുദ്ധജലം ഏകദേശം മൂന്നരക്കോടി ഘനകിലോമീറ്റര്‍ വരും. എന്നാല്‍, ഇതില്‍ ഏറിയഭാഗവും ധ്രുവങ്ങളിലും പര്‍വതങ്ങളുടെ മുകള്‍ഭാഗങ്ങളിലും മറ്റുമുള്ള മഞ്ഞുമലകളിലും ഭൂമിക്കുള്ളില്‍ വലിയ ആഴങ്ങളിലും മറ്റുമായാണ് അടങ്ങിയിരിക്കുന്നത്. പല കാരണങ്ങളാല്‍ ഇതില്‍ ചെറിയൊരു ഭാഗമായ നദികളിലെയും കുളങ്ങളിലെയും മറ്റും ജലം മാത്രമാണു മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും എല്ലാംകൂടി ഉപയോഗിക്കാനായി ലഭ്യമായിട്ടുള്ളത്. ഈ ചെറിയഭാഗം ജലം മാത്രമാണു മനുഷ്യരും മൃഗങ്ങളും എക്കാലവും വലിയ പ്രശ്‌നമില്ലാതെ ഉപയോഗിച്ചുവന്നത്.
എന്നാല്‍, മനുഷ്യരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ശുദ്ധജലത്തിന്റെ ഉപഭോഗം അതിലുപരി വര്‍ധിക്കുകയും ചെയ്തത് ശുദ്ധജലത്തിന്റെ ലഭ്യതയെ ബാധിച്ചു. അതേസമയം, ജലം സംഭരിക്കാനും മണ്ണില്‍ പിടിച്ചുനിര്‍ത്താനും സഹായിച്ചിരുന്ന പ്രകൃതിയുടെ സ്വാഭാവികമായ സംവിധാനങ്ങളെ മനുഷ്യര്‍ തന്നെ തകര്‍ക്കുകയും ചെയ്തു.
ലോകമൊട്ടാകെ എടുത്താല്‍ ഏറ്റവുമധികം ജലമുപയോഗിക്കുന്നതു കൃഷിക്കാണ്. ശുദ്ധജലത്തിന്റെ മൊത്തം ഉപഭോഗത്തിന്റെ 70 ശതമാനത്തോളം കൃഷിക്കുവേണ്ടിയാണ് ചെലവിടുന്നത്. ഏതാണ്ട് 20 ശതമാനം വ്യവസായത്തിനും അവശേഷിക്കുന്ന 10 ശതമാനം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, എല്ലാ രാജ്യങ്ങളിലും ഇതുപോലെതന്നെയല്ല. ഉദാഹരണമായി ലഭിക്കുന്ന ശുദ്ധജലത്തിന്റെ 80 ശതമാനവും വ്യവസായത്തിനുവേണ്ടി ഉപയോഗിക്കുന്ന രാജ്യമാണ് ബല്‍ജിയം. ഇന്ത്യയിലാണെങ്കില്‍ 91 ശതമാനം ശുദ്ധജലവും ഉപയോഗിക്കുന്നതു കൃഷിക്കും കന്നുകാലികള്‍ക്കും വേണ്ടിയാണെന്ന് യുഎന്‍ ഭക്ഷ്യകൃഷി സംഘടന (എഫ്എഒ) പറയുന്നു.
കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 3,000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുണ്ട്. അതായത്, കേരളത്തിലെ ഓരോ ഭാഗത്തും പെയ്യുന്ന മഴ അവിടെതന്നെ കെട്ടിക്കിടന്നാല്‍ ഒരുകൊല്ലം കൊണ്ട് അവിടെ മൂന്നു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ടാവും. എന്നാല്‍, ഒരിടത്തും പെയ്യുന്ന മഴ അവിടെതന്നെ കിടക്കില്ലല്ലോ. വിശേഷിച്ചു കേരളമൊരു വീതികുറഞ്ഞ സംസ്ഥാനമാണെന്നതും ഒരുവശത്തു പര്‍വതവും മറുവശത്തു സമുദ്രവും ആണെന്നതും ജലം പെട്ടെന്നു തന്നെ ഒഴുകി സമുദ്രത്തിലെത്താന്‍ കാരണമാവുന്നു. കേരളത്തിലെ മഴയെപ്പറ്റി കുറച്ചുകൂടി വിശദമായി പരിശോധിക്കാം. തിരുവനന്തപുരത്തെ ഭൗമശാസ്ത്ര പഠനകേന്ദ്രത്തില്‍ മുമ്പൊരിക്കല്‍ നടത്തിയ പഠനത്തില്‍ കണ്ടതനുസരിച്ചു നമുക്കു മഴ ലഭിക്കുന്ന മൊത്തം സമയത്തിന്റെ ചെറിയൊരു ഭാഗം കൊണ്ടാണ് മഴവെള്ളത്തിന്റെ വലിയ ഭാഗം കിട്ടുന്നത്. ഉദാഹരണമായി, കോഴിക്കോട്ട് ഒരു വര്‍ഷം മൊത്തം ലഭിക്കുന്നത് 962 മണിക്കൂര്‍ സമയത്തെ മഴയാണ്. എന്നാല്‍, ഇതില്‍ പകുതി വെള്ളവും ലഭിക്കുന്നത് 800 മണിക്കൂര്‍ സമയത്തെ കാലവര്‍ഷ മഴയില്‍ നിന്നാണ്. ഒരു വര്‍ഷമെന്നാല്‍ 8,760 മണിക്കൂര്‍ ആണെന്നോര്‍ക്കുക. അതായത്, ഒരു വര്‍ഷത്തിന്റെ പത്തു ശതമാനം സമയംകൊണ്ടാണ് ആകെ മഴയുടെ പകുതിയും കിട്ടുന്നത്. മഴവെള്ളം സംഭരിച്ചുവയ്‌ക്കേണ്ടതിന്റെ ആവശ്യകതയിലേക്കല്ലേ ഇതു കൈചൂണ്ടുന്നത്?
മഴയില്‍ നിന്നു ലഭിക്കുന്ന ശുദ്ധജലം വേഗത്തില്‍ സമുദ്രത്തില്‍ ചേര്‍ന്നു നഷ്ടമാവുന്നതു തടഞ്ഞിരുന്ന സ്വാഭാവിക സംവിധാനങ്ങളായിരുന്നു തടാകങ്ങളും കുളങ്ങളും നിബിഡവനങ്ങളും. സഹ്യപര്‍വതത്തെ പൊതിഞ്ഞിരുന്ന ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍ ജലവുമായി ബന്ധപ്പെട്ട് രണ്ടുവിധത്തില്‍ നമുക്കു സഹായകമായിരുന്നു. ഉന്നതമായ വൃക്ഷങ്ങള്‍ മുതല്‍ പുല്‍ക്കൊടികള്‍ വരെയുള്ള സസ്യജാലം കാരണം മഴവെള്ളം ഒരിക്കലും നേരെ ഭൂമിയിലേക്കു പതിക്കുന്നില്ല. നേരെ ഭൂമിയിലേക്കു പതിക്കുന്ന മഴവെള്ളം, വിശേഷിച്ച് ശക്തമായ മഴ, മണ്ണൊലിപ്പിനു കാരണമാവുന്നു. ഇതുകൂടാതെ ഈ സസ്യങ്ങളുടെ വേരുകള്‍ ചേര്‍ന്നുണ്ടാവുന്ന വലയും ശക്തിയായ മഴയില്‍പോലും മണ്ണൊലിപ്പു തടയാന്‍ സഹായിച്ചിരുന്നു. കൂടാതെ, മരങ്ങളിലൂടെയും ചെടികളിലൂടെയും ഒഴുകി മണ്ണിലെത്തുന്ന ജലത്തെ അവിടെ പിടിച്ചുനിര്‍ത്താനും ഈ സസ്യങ്ങള്‍ സഹായിച്ചിരുന്നു. ഈ ജലം ക്രമേണയായി ഒഴുകി സാവധാനത്തില്‍ മാത്രം നദികളിലൂടെ സമുദ്രത്തിലെത്തുമായിരുന്നു. മാത്രമല്ല, കേരളത്തില്‍ സര്‍വസാധാരണമായിരുന്ന തടാകങ്ങളും കുളങ്ങളും മറ്റും ജലം പെട്ടെന്നു സമുദ്രത്തിലെത്തുന്നതിനു തടസ്സമായി നിന്നിരുന്നു.
ജനസംഖ്യാ വര്‍ധനവും പ്രകൃതിയെ വിസ്മരിച്ചുകൊണ്ടുള്ള വികസനവും മൂലം മേല്‍പറഞ്ഞവയില്‍ പലതും ക്രമേണ നമുക്കു നഷ്ടമായി. കേരളത്തിലുണ്ടായിരുന്ന കുളങ്ങളും തടാകങ്ങളും നികത്തി വീടുകളും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും നാം പണിതുയര്‍ത്തി. വനങ്ങളുടെ വലിയഭാഗം വെട്ടിനിരത്തി കൃഷിക്കായും ജനവാസത്തിനായും ഉപയോഗിച്ചു. ഇങ്ങനെ, മണ്ണില്‍ ജലത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചിരുന്ന പലതും ക്രമേണ ഇല്ലാതായി. ജലം പെട്ടെന്നുതന്നെ ഒഴുകി സമുദ്രത്തില്‍ എത്തിത്തുടങ്ങി. ഏതാണ്ട് 1970കള്‍ വരെ കേരളത്തില്‍ ശുദ്ധജലമൊരു പ്രശ്മല്ലായിരുന്നു. എന്നാല്‍ അതിനുശേഷം വേനല്‍ക്കാലം തുടങ്ങുന്നതോടെ ജലക്ഷാമവും തുടങ്ങുന്ന സ്ഥിതയായി. കേരളത്തില്‍ ലക്ഷക്കണക്കിനു തുറന്ന കിണറുകളുണ്ടായിരുന്നു. വേനല്‍ക്കാലമാവുമ്പോള്‍ അവയില്‍ പലതും വറ്റാന്‍ തുടങ്ങി. പിന്നീട് ജലവിതരണ സംവിധാനങ്ങളിലും ജലലഭ്യത കുറഞ്ഞുതുടങ്ങി. ഇതോടെ മഴക്കാലം കഴിഞ്ഞാല്‍ വരള്‍ച്ച എന്ന അവസ്ഥയുണ്ടായി. പലയിടങ്ങളിലും മുമ്പു കണ്ടിട്ടില്ലാത്തവിധത്തില്‍ ലോറികളില്‍ വെള്ളമെത്തിക്കേണ്ട സ്ഥിതി വന്നു.
അതേസമയം, മഴക്കാലം തുടങ്ങുമ്പോള്‍ വെള്ളത്തിന് ഒഴുകിപ്പോയി കെട്ടിക്കിടക്കാനുണ്ടായിരുന്ന സ്ഥലങ്ങളായിരുന്ന കുളങ്ങളും ജലാശയങ്ങളും ഇല്ലാതാവുകയും ചെയ്തു. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും മുമ്പുണ്ടായിരുന്ന കുളങ്ങളും തടാകങ്ങളും നികത്തിയതിന്റെ ഫലമായി നല്ല മഴ പെയ്താല്‍ അവിടെയൊക്കെ പ്രളയമായിത്തുടങ്ങി. കഴിഞ്ഞവര്‍ഷം ചെന്നൈയിലും 2005ല്‍ മുംബൈയിലുമുണ്ടായ പ്രളയത്തിനു പിന്നിലെ ഒരു കാരണം ഇതുതന്നെയാണ്. നമ്മുടെ പ്രശ്‌നം എന്താണെന്നു വശദീകരിച്ചല്ലോ. ഇതിനുള്ള പരിഹാരം എന്താണ്? മഴപെയ്തു ഭൂമിയിലെത്തുന്ന വെള്ളം അപ്പോള്‍ തന്നെ ഒഴുകിപ്പോവാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.
1998ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ മഴവെള്ള സംഭരണ സംവിധാനം രാഷ്ട്രപതിഭവനില്‍ നടപ്പാക്കി. 133 ഹെക്ടര്‍ വിസ്തീര്‍ണമുള്ള രാഷ്ട്രപതിഭവന്‍ പറമ്പിലെ കൂറ്റന്‍ ജലോപഭോഗം കണക്കിലെടുത്താണ് അദ്ദേഹം അങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
മഴവെള്ള സംഭരണം നിര്‍ബന്ധമാക്കിയ ആദ്യത്തെ സംസ്ഥാനം തമിഴ്‌നാടായിരുന്നു. 2003ല്‍ നടപ്പാക്കിയ നിയമമനുസരിച്ച് എല്ലാ കെട്ടിടങ്ങളും ഉടമസ്ഥനോ വാടകക്കാരനോ മഴവെള്ളസംഭരണം ആഗസ്ത് 31നകം നടപ്പാക്കിയിരിക്കണം എന്നു നിഷ്‌കര്‍ഷിച്ചിരുന്നു. ഇതു പലരില്‍ നിന്നും പ്രതിഷേധത്തിലേക്കു നയിച്ചെങ്കിലും ഒടുവില്‍ എല്ലാവരും നടപ്പാക്കാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് ആ സംസ്ഥാനം രാജ്യത്തിനു മൊത്തം മാതൃകയായി. ഇതു പുതിയ സംഗതിയൊന്നുമല്ല. വളരെക്കാലം മുമ്പേ ചിലയിടങ്ങളില്‍ നടത്തിപ്പോരുന്ന വിദ്യയാണ് മഴവെള്ള സംഭരണം. വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന സ്ഥലങ്ങളിലാണ് സ്വാഭാവികമായും ജലോപഭോഗ നിയന്ത്രണ സംവിധാനങ്ങളും മഴവെള്ള സംഭരണ സംവിധാനങ്ങളും വികസിച്ചുവന്നത്. ഉത്തരപൂര്‍വ ഭാരത്തിലെ ചില സംസ്ഥാനങ്ങളില്‍ വളരെ കാര്യക്ഷമമായി വെള്ളം ഉപയോഗിക്കാനുള്ള വിദ്യകളും തമിഴ്‌നാട്ടിലും രാജസ്ഥാനിലും മറ്റും മഴവെള്ളം സംഭരിച്ചുവയ്ക്കാനുള്ള കുളങ്ങളും മറ്റും സ്ഥാപിച്ചതും ഈ സാഹചര്യത്തിലാണ്. അതുകൊണ്ട് ഇത്തരം സംവിധാനങ്ങള്‍ തീര്‍ച്ചയായും പുതുതല്ല. വളരെയധികം മഴ ലഭിക്കുന്ന കേരളത്തില്‍ ഇതു വേണ്ടിവന്നത് നാം വരുത്തിവച്ച പ്രശ്‌നമാണ്. ഇനി, നമുക്ക് എങ്ങനെ മഴവെള്ളം സംഭരിക്കാം എന്നു പരിശോധിക്കാം. മഴവെള്ള സംഭരണം രണ്ടു വിധത്തിലാവാം. ഒന്ന്, ഉപരിതലത്തിലൂടെ ഒഴുകിപ്പോവുന്ന വെള്ളം ശേഖരിച്ചു സംഭരിക്കുക, രണ്ട്, മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം ശേഖരിച്ചു സംരക്ഷിക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss