|    Jul 20 Fri, 2018 6:01 pm
FLASH NEWS

മഴയ്ക്ക്് താല്‍ക്കാലിക ശമനം; ജലനിരപ്പ്് താഴ്ന്നില്ല

Published : 19th September 2017 | Posted By: fsq

 

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ പകല്‍മുഴുവന്‍ മഴ മാറി നിന്നെങ്കിലും ജലനിരപ്പില്‍ താഴ്ചയുണ്ടായില്ല. നഗരപ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഇന്നലെ പുലര്‍ച്ച വരെയുണ്ടായ കഠിനമായ മഴയില്‍ വ്യാപക നാശനഷ്ടങ്ങളും ഉണ്ടായി. ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്്.പല വീടുകളുടെയും മുറ്റം കവിഞ്ഞ് മഴവെള്ളം വതില്‍പ്പടി വരെ എത്തി നില്‍ക്കുകയാണ്. ഇനിയും ശക്തിയായി മഴ ഉണ്ടായാല്‍ വീടുകള്‍ വിട്ട് പോകേണ്ടി വരുന്ന അവസ്ഥയാണ് പലയിടത്തും. വേമ്പനാട്ടു കായലിനോടു ചേര്‍ന്നു കിടക്കുന്ന പള്ളിപ്പുറം, പൂച്ചാക്കല്‍, തൈക്കാട്ടുശേരി,പെരുമ്പളം, അരുക്കുറ്റി ഫെറി എന്നിവിടങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് അനുഭവിക്കുന്നത്.ഇവിടം കൂടുതലും താഴ്ന്ന പ്രദേശങ്ങളാണ്. സാധാരണ വേലിയിറക്കത്തിന് കായലിലെ വെള്ളം കുറയുന്നതനുസരിച്ച് തോടുകളിലെയും വെള്ളം കുറയുന്നതാണ്. എന്നാല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ സാധിക്കാതെ വരുന്നു. പല സ്ഥലങ്ങളിലും കൃഷി നാശം സംഭവിച്ചിട്ടുണ്ട്. ഉളവയ്പ്പ് പ്രദേശത്തെ പാടശേഖരങ്ങള്‍ പകുതിയോളം വെള്ളത്തിനടിയിലാണ്. തുടര്‍ച്ചയായ കാറ്റിലും മഴയിലും വെണ്മണിയില്‍ വീടു തകര്‍ന്നു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഇല്ലത്തുമേപ്രം മണത്തറയില്‍ കൃഷ്ണന്റെ വീടാണ് തകര്‍ന്നത്. ഇന്നലെ രാവിലെ 11 ഓടെ കൃഷ്ണന്റെ ഭാര്യ ജാനമ്മ അടുക്കളയില്‍ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആസ്ബറ്റോസ് ഷീറ്റ് പറന്ന് താഴെ വീണ് വീടിന്റെ ഭിത്തിയും,ഇടിഞ്ഞ് പാത്രങ്ങള്‍ക്കും, മറ്റ് വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തുടര്‍ച്ചയായ മഴകാരണം വെണ്മണി കല്യാത്ര താഴത്തമ്പലം റോഡിലും കല്യാത്ര വരമ്പൂര്‍ റോഡിലും പേരിശേരി റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് അടിയിലും വെള്ളം കയറി വാഹനഗതാഗത തടസം ഉണ്ടായി. പേരിശേരി പഴയാറ്റില്‍ അമ്പലത്തിനു സമീപം വാതല്ലൂര്‍ വിദ്യയുടെ പറമ്പിലെ പുളിമരം വൈദ്യുതി ലൈനും തകര്‍ത്ത് വന്മിഴി പാണ്ടനാട് റോഡിലേക്ക് വീണ് ഗതാഗത തടസമുണ്ടായി. ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ച് നീക്കിയത്. പമ്പ അച്ചന്‍കോവില്‍ മണിമലയാറുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രളയഭീഷണിയിലാണ്. മഴ തുടര്‍ന്നാല്‍ വെണ്മണി, മുളക്കുഴ, എണ്ണയ്ക്കാട് വില്ലേജുകളില്‍ നാശനഷ്ടങ്ങള്‍ ഉയരും. ദുരിതാശ്വാസ ക്യാംപുകള്‍ ഒന്നും ഇതുവരെ തുറന്നിട്ടില്ല. ചേര്‍ത്തലയില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീടിന് മുകളില്‍ വീണ് മേല്‍ക്കൂര തകര്‍ന്നു. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാര്‍ഡില്‍ വളവംചിറയില്‍ സുധാകരന്റെ വീടാണ് തകര്‍ന്നത്. ഈ സമയം സുധാകരനും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.  വീടിന്റെ മേല്‍ക്കൂരയും ഭിത്തിയുംതകരുകയും വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.കുട്ടനാട്ടില്‍ ജനജീവിതം സ്തംഭനാവസ്ഥയില്‍ തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss