|    Jul 16 Mon, 2018 10:32 am

മഴയ്ക്കു ശമനം; റോഡുകള്‍ വെള്ളക്കെട്ടില്‍ തന്നെ

Published : 20th September 2017 | Posted By: fsq

 

ഇരിക്കൂര്‍: ഏതാനും ദിവസങ്ങളായി കനത്ത തോതില്‍ പെയ്ത മഴക്ക് അല്‍പം ശക്തി കുറയുകയും പുഴകളിലും തോടുകളിലും ജലവിതാനം അല്‍പം താഴുകയും ചെയ്‌തെങ്കിലും നാശനഷ്ടം തുടരുകയാണ്. റോഡുകളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വെള്ളക്കെട്ടുകള്‍ നില്‍നില്‍ക്കുന്നതിനാല്‍ ഗതാഗത തടസ്സമുണ്ടാവുന്നുണ്ട്. കുട്ടാവിലെ തീപ്പെട്ടിക്കമ്പനിക്ക് മുന്നിലെ പെരുവളത്തുപറമ്പ്-ചൂളിയാട് റോഡില്‍ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ടുകളുണ്ട്. ഇരിക്കൂര്‍, കൂടാളി, പടിയുര്‍ പഞ്ചായത്തുകളിലെ വയലുകളിലെ വിളഞ്ഞ് കൊയ്‌തെടുക്കാറായ നെല്ലുകള്‍ ചാഞ്ഞ് വെള്ളത്തിലാണ്. നെല്‍മണികള്‍ നനഞ്ഞ് കുതിര്‍ന്ന് വീണ് വെള്ളത്തില്‍ മുളച്ചുപോവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നെല്ലും വൈക്കോലുമില്ലാത്ത അവസ്ഥയില്‍ മേഖലയില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. പച്ചക്കറി കൃഷികളും ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കപ്പ എന്നിവയും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. തുടര്‍ച്ചയായി പെയ്ത മഴയില്‍ എല്ലാവിധ കര്‍ഷകരും തീരാദുഃഖത്തിലാണ്. പല സ്ഥലങ്ങളിലും ചെറുതും വലുതുമായ മണ്ണിടിച്ചിലുകള്‍ ഉണ്ടായതും യാത്രാഭീഷണിയായിരിക്കുകയാണ്. പുഴയോരങ്ങളിലും പുറമ്പോക്കുകളിലും ചെയ്ത കൃഷികളും നാശത്തിന്റെ വക്കിലാണ്.അതേസമയം, ഇരിക്കൂര്‍-ചാലോട് റോഡില്‍ ആയിപ്പുഴ തുരങ്ക റോഡിലേക്ക് സമീപത്തെ ഉയരത്തിലുള്ള ഭിത്തി പൊട്ടിവീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങിയ സ്ഥലത്ത് ഇപ്പോഴും ഭീതി തുടരുകയാണ്.റോഡില്‍ നിന്നു 20 മീറ്ററിലധികം ഉയരമുള്ള ഭിത്തിയില്‍ മണ്ണും പാറകളുമാണ്. ഈ ഭാഗത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍ വിള്ളലുണ്ടായപ്പോള്‍ ചെങ്കല്ലില്‍ കെട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം പൊട്ടിവീണ മുകള്‍ ഭാഗത്ത് ഇപ്പോഴും പാറയും മണ്ണും വിണ്ടുകീറിക്കിടക്കുകയാണ്. വാഹനങ്ങളുടെ ഓട്ടത്തിലുണ്ടാവുന്ന കുലുക്കത്തിലും കനത്തമഴയിലും വീണ്ടും പൊട്ടിവീഴാനിടയുണ്ട്. കുടുതല്‍ വലിയ ദുരന്തം ഉണ്ടാവാതിരിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നാണ് പരിസരവാസികളുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss