|    Jul 22 Sun, 2018 10:29 am
FLASH NEWS

മഴയ്ക്കു പിന്നാലെ വീണ്ടും കാട്ടാന: വാളയാര്‍ വനമേഖലയില്‍ കര്‍ഷകര്‍ ദുരിതത്തില്‍

Published : 22nd September 2017 | Posted By: fsq

 

പാലക്കാട്:കര്‍ഷകരെ കണ്ണീരിലാഴ്ത്തി കഞ്ചിക്കോട് വാളയാര്‍ വനയോരമേഖയില്‍ കാട്ടാനശല്യം തുടരുന്നു. കഴിഞ്ഞ രാത്രി വൈകി വനംവകുപ്പ് കാടുകയറ്റിയ കാട്ടാനകള്‍ മണിക്കൂറുകള്‍ക്കകം ഇന്നലെ വീണ്ടും ജനവാസമേഖലയിലെത്തി.വനയോരമേഖലയെ വിറപ്പിച്ച് കനത്ത നാശനഷ്ടമുണ്ടാക്കി ഒരു പകല്‍ മുഴുവന്‍ കാട്ടാനകള്‍ ജനവാസമേഖലയില്‍ തമ്പടിച്ചു. അയ്യപ്പന്‍മലയ്ക്കു താഴെ വേലഞ്ചേരി കാട്ടിലേക്കു കയറ്റിയെങ്കിലും ആന വീണ്ടും തിരിച്ചിറിങ്ങി. നിലവിലെ ആറെണ്ണത്തിനു പുറമേ എട്ടംഗങ്ങളുള്ള മറ്റൊരു കാട്ടാനക്കൂട്ടം കൂടി വാളയാര്‍ വനയോരമേഖലയിലേക്കെത്തിയിട്ടുണ്ടെന്നാണ് വനവംകുപ്പിന്റെ നിഗമനം.വനയോരമഖലയോട് ചേര്‍ന്ന കുറ്റിക്കാട്ടിലും പാടങ്ങളിലും കൃഷിയിടങ്ങളിലും ആനകള്‍ ഇന്നലെ എത്തി. പുലര്‍ച്ചെ കാടിറങ്ങിയെത്തിയ കാട്ടാനക്കൂട്ടം പുതുശ്ശേരി വേനോലി, പയറ്റിക്കാട്, കൊട്ടാമുട്ടി, വല്ലടി തുടങ്ങിയിടങ്ങളില്‍ വ്യാപക കൃഷിനാശത്തിനിടയാക്കി.വേനോലി വടക്കേത്തറയില്‍ വേലായുധന്‍-സത്യഭാമ ദമ്പതികളുടെ അഞ്ചേക്കറിലേറെ നെല്‍ക്കൃഷി കാട്ടാന ചവിട്ടിമെതിച്ചു. ഇവരുടെ പാടത്തിനു സമീപമുള്ള കൃഷ്ണന്‍, വേലായുധന്‍, ഉദയന്‍, ചാമി തുടങ്ങിയ കര്‍ഷകരുടെ നെല്‍ക്കൃഷിയും ആന നശിപ്പിച്ചു. അടുത്ത ദിവസം കൊയ്‌തെടുക്കാന്‍ പാകമായ ഇരുപതേക്കറിലേറെ കൃഷിയാണ് കൊയ്യാറായ പുതുശ്ശേരി പഞ്ചായത്തില്‍ ആന നശിപ്പിച്ചിട്ടുള്ളത്. കനത്ത മഴയ്ക്കു പിന്നാലെ കാട്ടാനകൂടി കൃഷിനാശം വരുത്തിയതോടെ വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതത്തിലായി. അറുന്നൂറിലേറെ വാഴകളും ഇതോടപ്പം നശിപ്പിച്ചു.വാച്ചര്‍മാരും ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും തീയിട്ടും ആനകളെ വിരട്ടാന്‍ ശ്രമിച്ചെങ്കിലും ഇവ കൂട്ടമായി ചേര്‍ന്ന് ആക്രമണത്തിനു മുതിര്‍ന്നത് പരിഭ്രാന്തിയിലാക്കി. കനത്ത മഴപോലും അവഗണിച്ച് റേഞ്ച് ഓഫിസര്‍ ഇമോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും ദുദ്രകര്‍മ്മസേനയും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു ശ്രമം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss