|    Jul 27 Thu, 2017 12:12 am
FLASH NEWS

മഴയും പൈപ്പ് പൊട്ടലും; നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. ഇടക്കിടെ പെയ്യുന്ന മഴയും ഇതേത്തുടര്‍ന്നുണ്ടാവുന്ന വെള്ളക്കെട്ടും ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. മഴയില്‍ സിഗ്നല്‍ സംവിധാനങ്ങളും അവതാളത്തിലാവുന്നതും ഗതാഗതം താറുമാറാക്കുന്നു. സ്‌കൂള്‍ പരിസരങ്ങളിലാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. രാവിലെയും വൈകീട്ടും മണിക്കൂറുകളോളം നഗരം ഗതാഗതക്കുരുക്കില്‍പ്പെടുന്നു. വെള്ളം കെട്ടിനിന്ന് പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു. ഇതോടെ റോഡേത് കുഴിയേതെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്.
തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടാവുന്നതാണ് ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നത്. ഓപറേഷന്‍ അനന്തയുടെ ഭാഗമായി ഓടകളുടെ നിര്‍മാണത്തിനും മറ്റുമായി പൊളിച്ച ചില റോഡിലെ കുഴികളൊന്നും ഇതുവരെ പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല. പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നതിന്റെ പേരില്‍ അടിക്കടി റോഡ് വെട്ടിപ്പൊളിക്കുന്നതിനാല്‍ വെള്ളം നിറഞ്ഞ കുഴികള്‍ക്ക് ഒരു ക്ഷാമവുമില്ല.
തിരക്കേറിയ പല റോഡുകളിലും ട്രാഫിക് പോലിസ് സംവിധാനമില്ലാത്തത് അപകടക്കെണി വര്‍ധിപ്പിക്കുന്നുണ്ട്. സന്ധ്യയായാല്‍ ചിലയിടങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സെക്രട്ടേറിയറ്റിനും നിയമസഭക്കും മുന്നില്‍ സമരങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടത്തെ സിഗ്നല്‍ ലൈറ്റുകള്‍ ഓഫാക്കുക പതിവാണ്. ഇതോടെ രാവിലെ ഓഫിസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തേണ്ടവര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് വലയുക പതിവാണ്.
ഫുട്പാത്ത് കയറിയുള്ള അനധികൃത വാഹന പാര്‍ക്കിങാണ് കാല്‍നടക്കാരെ ദുരിതത്തിലാക്കുന്നത്. പ്രധാന ഫുട്പാത്തുകളെല്ലാം കൈയടക്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. കിഴക്കേക്കോട്ടയില്‍ ബസ് നിര്‍ത്താന്‍ സ്ഥലമില്ലാത്തതിനാല്‍ റോഡിലാണ് യാത്രക്കാരെ ഇറക്കുന്നത്. മറ്റ് വാഹനങ്ങള്‍ കൂടിയാവുമ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവും. നഗരത്തിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമഗ്ര പദ്ധതി ആലോചിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക