|    Nov 19 Mon, 2018 12:16 am
FLASH NEWS
Home   >  Kerala   >  

മഴയില്‍ മുങ്ങി കേരളം: സംസ്ഥാനത്ത് പലയിടത്തും റോഡ് റെയില്‍ ഗതാഗതം സ്തംഭിച്ചു

Published : 16th July 2018 | Posted By: Jasmi JMI

തിരുവനന്തപുരം: കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ വ്യാപക ദുരിതം. വ്യാഴാഴ്ച വരെ കാലാവസ്ഥ മാറ്റമില്ലാതെ തുടരുമെന്നും അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ന്യൂനമര്‍ദം മൂലം ഒഡീഷ തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചതോടെയാണ് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടങ്ങിയത്.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു  ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ ഉള്ള സ്ഥലങ്ങളിലേക്ക് പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ യാത്ര ഒഴിവാക്കണമെന്നറിയിച്ചു.
മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരും മരിച്ചു. രണ്ടുപേര്‍ മരം വീണും ഒരാള്‍ ഷോക്കേറ്റുമാണു മരിച്ചത്. ഏഴുവയസ്സുകാരനടക്കം മൂന്നു പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊന്നാനിയില്‍ വളയംകുളം പള്ളിക്കുന്ന് പുത്തന്‍കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.കാഞ്ഞിയൂര്‍ സ്വദേശി കിഴിഞ്ഞാലില്‍ അബ്ദുറഹീമിന്റെ മകന്‍ അദ്‌നാന്‍ (14) ആണ് മരിച്ചത്.
മലപ്പുറം തീര പ്രദേശങ്ങളില്‍ ്കടലാക്രമണം രൂക്ഷമാണ്.
അതിശക്തമായ മഴയെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തെ റെയില്‍ ഗതാഗതം തടസപ്പെടുത്തി. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി സിഗ്‌നല്‍ സംവിധാനം തകരാറിലായതുമൂലം ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കാച്ചുവേളി  ബെംഗളൂരു, തിരുവനന്തപുരം  ഗുരുവായൂര്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിട്ടു.
ആലപ്പുഴയില്‍ നിന്ന് ധന്‍ബാദിലേക്ക് പോകുന്ന ധന്‍ബാദ് എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ 48മിനിറ്റ് വൈകുമെന്നും പാലരുവി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു. 9:30ന് യാത്രതുടങ്ങേണ്ട എറണാകുളംബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇതുവരെ യാത്ര ആരംഭിച്ചിട്ടില്ല.എറണാകുളം ജില്ലയിലെ താഴ്ന്ന സ്ഥലങ്ങള്‍ പലതും വെള്ളത്തിനടിയിലായി. കൊച്ചി നഗരത്തില്‍ മിക്ക ഇടറോഡുകളും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തെ പല ഇടങ്ങളിലും മരം വീണുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടു.
കനത്ത മഴ തുടരുന്നതിനാല്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ടു ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss