|    Oct 18 Thu, 2018 9:12 pm
FLASH NEWS

മഴയില്ല; ജില്ല വരള്‍ച്ചാ ഭീഷണിയില്‍

Published : 19th January 2017 | Posted By: fsq

 

ആലപ്പുഴ: തുലാവര്‍ഷവും കാലവര്‍ഷവും ഗണ്യമായി കുറഞ്ഞതോടെ ജില്ലയിലെ കാര്‍ഷിക മേഖല വരള്‍ച്ച ഭീഷണിയില്‍. വരള്‍ച്ച രൂക്ഷമായത് നെല്‍കൃഷി അടക്കമുള്ള കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിച്ചു. പലയിടത്തും നെല്‍കൃഷി മുഴുവനായും കര്‍ഷകര്‍ ഉപേക്ഷിച്ചു. വള്ളികുന്നം ചാരുംമൂട് മേഖലകളിലെ പഞ്ചായത്തുകള്‍ അതിരൂക്ഷമായ ജലക്ഷാമത്തിലേക്കു മാറിയിട്ടും കനാല്‍ ജലം തുറന്നുവിടാന്‍ വൈകുകയാണെന്ന് പരാതി. പുഞ്ചക്കൃഷിയടക്കം വെള്ളം കിട്ടാതെ കരിഞ്ഞു തുടങ്ങി. കനാല്‍ ജലം തുറന്നു വിട്ടാല്‍ അതതു പ്രദേശങ്ങളില്‍ കൃഷികള്‍ക്കു ഗുണകരമാകും. മുമ്പുള്ള വര്‍ഷങ്ങളില്‍ ജനുവരി ആദ്യവാരത്തോടെ കനാല്‍ തുറന്നു വിട്ടിരുന്നു. അതിനു മുമ്പായി കനാലുകള്‍ ശുചീകരണം നടത്താറുണ്ട്. ആദിക്കാട്ടുകുളങ്ങര മേട്ടും പുറത്തു നിന്നു തുടങ്ങി ചാരുമൂട്, താമരക്കുളം, വള്ളികുന്നം വരെയാണ് ആലപ്പുഴ ജില്ലയില്‍ വരുന്ന കനാല്‍ ഭാഗം. തുടര്‍ന്നു കൊല്ലം ജില്ലയിലെ പാവുമ്പാവഴി കരുനാഗപള്ളിയില്‍ കനാല്‍ അവസാനിക്കുന്നു. കനാല്‍ ജലം കിട്ടാതെയും വേനല്‍ മഴയും ലഭിക്കാതായതോടെ കടുത്ത പ്രതിസന്ധിയാണു ജനങ്ങള്‍ നേരിടുന്നത്.പുല്‍മേടുകളും കരിഞ്ഞുണങ്ങിയതിനാല്‍ നാല്‍കാലികളും ദുരിതത്തിലാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അനുഭവപ്പെട്ടിരുന്ന കുടിവെള്ള ക്ഷാമം ഇപ്പോള്‍ മുതല്‍ അനുഭവപ്പെട്ടുതുടങ്ങി. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. പൈപ് വെള്ളത്തെയാണ് ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ നദികളില്‍ ജലനിരക്ക് താഴ്ന്നത് കുടിവെള്ള വിതരണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം മെല്ലെയാക്കി. ജില്ലയിലെ ഭൂരിപക്ഷം സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. മാവേലിക്കര, ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ചേര്‍ത്തല താലൂക്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയിലൂടെ വെള്ളം എത്തുന്നുണ്ടെങ്കിലും പദ്ധതിയുടെ പ്രയോജനം ലഭിക്കാത്ത തീരദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വരള്‍ച്ച ദുരിതാശ്വാസം: റവന്യൂമന്ത്രി 23ന് യോഗം വിളിച്ചുആലപ്പുഴ: ജില്ലയിലെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു. ജനുവരി 23ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. ദുരിതാശ്വാസ നടപടികളുമായി ബന്ധപ്പെട്ട് റവന്യൂ, കൃഷി മന്ത്രിമാര്‍ ജില്ലകള്‍ സന്ദര്‍ശിക്കണമെന്ന മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് പ്രത്യേകയോഗം.കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കും: റവന്യു മന്ത്രിആലപ്പുഴ: കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നപരിഹാരത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച തോമസ് ചാണ്ടി എംഎല്‍എയുടെ നിവേദനം മന്ത്രി കൈപ്പറ്റി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍്കിയിട്ടുണ്ട്. 23ന് ആലപ്പുഴ കലക്ടറേറ്റില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ കുട്ടനാട്ടിലെ പ്രശ്‌നം പ്രത്യേകമായി ചര്‍ച്ച ചെയ്യുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss