|    Jan 22 Sun, 2017 11:41 am
FLASH NEWS

മഴയില്ല; ജില്ലയില്‍ വ്യാപകമായി നഞ്ചകൃഷി മുടങ്ങി

Published : 15th August 2016 | Posted By: SMR

പടിഞ്ഞാറത്തറ: മഴമേഘങ്ങള്‍ കര്‍ക്കടകത്തിലും പെയ്യാന്‍ മടിച്ചത് വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് കനത്ത പ്രഹരമായി. ജില്ലയില്‍ പലയിടത്തും നഞ്ചകൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കര്‍ഷകര്‍. വെള്ളത്തിന്റെ അഭാവത്തില്‍ പാടം ഉഴുതൊരുക്കാനും ഞാറ് പറിച്ചുനടാനും കൃഷിക്കാര്‍ക്ക് കഴിയുന്നില്ല. മൂപ്പെത്തിയ ഞാറ് മിക്കയിടങ്ങളിലും നശിക്കുകയാണ്.
ജലസേചനത്തിനു സംവിധാനം ഇല്ലാത്ത കൃഷിക്കാര്‍ കൈവശമുള്ള പാടം ക്ഷീരകര്‍ഷകര്‍ക്ക്  സ്വാഭാവികമായി വളരുന്ന പുല്ല് അരിഞ്ഞെടുക്കുന്നതിനു പാട്ടത്തിനു നല്‍കുകയാണ്. ഏക്കറിന് 4,000 രൂപ വരെയാണ് വാര്‍ഷിക പാട്ടം. മഴക്കുറവ് മൂലം പലരും പാടം തരിശ്ശിടുന്നതു ജില്ലയില്‍ നെല്ലുല്‍പാദനത്തെ ബാധിക്കും.
ഇതു ഗ്രാമങ്ങളില്‍ തിക്തഫലങ്ങള്‍ക്ക് കാരണമാവുമെന്ന ആശങ്ക കര്‍ഷകരില്‍ ശക്തമാണ്. ആവശ്യത്തിനു മഴ കിട്ടാത്തത് കാപ്പി, കുരുമുളക്, ഇഞ്ചി തുടങ്ങിയ വിളകളുടെ ഉല്‍പാദനം ഗണ്യമായി കുറയുന്നതിനും ഇടയാക്കുമെന്നു വ്യക്തം.
2015 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ജില്ലയില്‍ ശരാശരി 912 മില്ലിമീറ്റര്‍ മഴ പെയ്തിരുന്നു. എന്നാല്‍, ഈ വര്‍ഷം ഈ മാസങ്ങളില്‍ 604 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
നെല്‍കൃഷിക്ക് പ്രസിദ്ധമായിരുന്നു ഗതകാലത്ത് വയനാട്. നാലു പതിറ്റാണ്ട് മുമ്പു വരെ ഏകദേശം അര ലക്ഷം ഹെക്റ്ററിലായിരുന്നു ജില്ലയില്‍ നെല്‍കൃഷി. കാലപ്രയാണത്തില്‍ നെല്ല് വിളയുന്ന വയലിന്റെ അളവ് കുറഞ്ഞു. വരവും ചെലവും തമ്മിലുള്ള വലിയ അന്തരമാണ് കര്‍ഷകരെ കൃഷിയില്‍ നിന്നകറ്റിയത്. ജലദൗര്‍ലഭ്യം, തൊഴിലാളി ക്ഷാമം തുടങ്ങിയവയും കൃഷിക്കാരുടെ മനംമടുപ്പിന് കാരണമായി. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 2012ല്‍ ജില്ലയില്‍ 11,000 ഹെക്റ്ററില്‍ മാത്രമായിരുന്നു നഞ്ചകൃഷി.
സ്വന്തമായി ഹെക്റ്റര്‍ കണക്കിനു പാടം ഉള്ള കുടുംബങ്ങള്‍ പോലും നെല്‍കൃഷി വീട്ടാവശ്യത്തിനു മാത്രമാക്കി. പാടത്തില്‍ ഏറെയും ലാഭകരമായ കവുങ്ങ്, ഇഞ്ചി, വാഴ, ചേന തുടങ്ങിയ കൃഷികള്‍ക്ക് നീക്കിവച്ചു. ഇതു ജില്ലയില്‍ പാരിസ്ഥിതികത്തകര്‍ച്ചയ്ക്കും ആക്കംകൂട്ടി.
ഭക്ഷ്യസുരക്ഷയിലും ജലസംരക്ഷണത്തിലും വന്‍ പ്രാധാന്യമാണ് നെല്‍കൃഷിക്ക്. ഇതു യുവതലമുറ തിരിച്ചറിഞ്ഞത് ജില്ലയില്‍ നെല്‍കൃഷിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയതാണ്. സര്‍ക്കാരും വിവിധ ഏജന്‍സികളും നല്‍കുന്ന പ്രോല്‍സാഹനം പാടങ്ങള്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷിയിറക്കുന്ന യുവജനസംഘങ്ങളുടെയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നതിന് ഇടയാക്കിയിരുന്നു. 2012ല്‍ 11,000 ഹെക്റ്ററിലായിരുന്ന നഞ്ചകൃഷി 2015ല്‍ 14,000 ഹെക്റ്ററായി ഉയരുകയുമുണ്ടായി. എന്നിരിക്കെയാണ് ഈ വര്‍ഷം തകര്‍ത്തുപെയ്യാന്‍ മടിക്കുന്ന കാലവര്‍ഷം വില്ലനായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക