|    Oct 22 Mon, 2018 6:19 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മഴയിലും ആവേശം ചോരാതെ പുലികളിയാട്ടം

Published : 8th September 2017 | Posted By: fsq

 

പി എച്ച്  അഫ്‌സല്‍

തൃശൂര്‍: അരമണി കിലുക്കവും കുടവയറാട്ടവും. മഴയിലും ആവേശം ചോരാതെ പുലിശൗര്യം. മഴ നനഞ്ഞ് അക്ഷമരായി നിന്ന പതിനായിരങ്ങളെ ആേവശക്കൊടുമുടിയില്‍ എത്തിക്കുകയായിരുന്നു തൃശൂരിന്റെ സ്വന്തം പുലികളി. മഴയില്‍ കുതിര്‍ന്ന പുലികളി പഴമക്കാര്‍ക്കുപോലും ഓര്‍ത്തെടുക്കാനാവുന്നില്ല. അപ്രതീക്ഷിതമായെത്തിയ മഴ ആദ്യമൊന്ന് ആശങ്ക പടര്‍ത്തി. വൈകീട്ട് 5.30ന് മേളക്കാര്‍ ചെണ്ടയില്‍ കോലെറിഞ്ഞതോടെ പുലിക്കൂട്ടങ്ങള്‍ മടവിട്ടിറങ്ങി. പിന്നെ തിമിര്‍ത്ത് പെയ്ത മഴയെ വകവയ്ക്കാതെയുള്ള പുലിപ്പൂരത്തിനാണ് ശക്തന്റെ തട്ടകം സാക്ഷിയായത്. വിയ്യൂര്‍ സംഘമാണ് ആദ്യം സ്വരാജ് റൗണ്ടിലെത്തിയത്. പിന്നാലെ കാനാട്ടുകരയിലെയും കോട്ടപ്പുറത്തെയും പുലികള്‍ അരമണി കിലുക്കിയെത്തി. അയ്യന്തോള്‍ ദേശം, നായ്ക്കനാല്‍ പുലികളി സമാജം, നായ്ക്കനാല്‍ വടക്കേ അങ്ങാടി എന്നീ ടീമുകളും സ്വരാജ് റൗണ്ടിലെത്തിയതോടെ പൂരനഗരി ആവേശക്കൊടുമുടിയിലായി. സാംസ്‌കാരിക നഗരിയുടെ ഓണാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചുകൊണ്ടാണ് നാലോണനാളില്‍ തൃശൂരില്‍ പുലികളി അരങ്ങേറിയത്. കോട്ടപ്പുറം ദേശത്തോടൊപ്പം 11 പെണ്‍പുലികളും ഇത്തവണ മടവിട്ടിറങ്ങി. അയ്യന്തോള്‍ ദേശം പുലികളിസംഘത്തിന്റെ ഓര്‍മപ്രഥമന്‍ അവതരണഗാനത്തോടെയാണ് പുലികളിക്ക് തുടക്കമായത്. ഇതു രണ്ടാംവര്‍ഷമാണ് ഓണാവേശവും പുലിത്താവളത്തിന്റെ ആരവങ്ങളും പ്രതിഫലിക്കുന്ന അയ്യന്തോള്‍ ദേശത്തിന്റെ അവതരണഗാനം പുലികളിക്ക് അവതരിപ്പിക്കുന്നത്. പുലികളിക്ക് ചരിത്രം പലതുണ്ടെങ്കിലും തൃശൂരിന്റെ സാംസ്‌കാരികപ്പെരുമയ്ക്ക്് പുലികളി നല്‍കിയ പങ്ക് ചെറുതല്ല. തൃശൂരിലുണ്ടായിരുന്ന ബ്രിട്ടിഷ് പട്ടാളം കമ്പനിയിലെ ഒരുവിഭാഗം പട്ടാളക്കാരാണ് പുലികളിക്ക് തുടക്കമിട്ടതെന്നാണ് പുലികളി ഉദ്ഭവത്തിന്റെ ഒരു കഥ. മുഹര്‍റത്തിന്റെ ഭാഗമായിട്ടായിരുന്നത്രേ ഇത്. പിന്നീട് തദ്ദേശീയരായ അഭ്യാസികള്‍ പുലികളിവേഷം കെട്ടിയതായും പറയുന്നു. ഉലക്കമേല്‍ ചുവടുവച്ചും മെയ്യഭ്യാസം പ്രകടിപ്പിച്ചുമായിരുന്നു ആ പുലികളിക്കാലം. കാലം പിന്നിട്ടപ്പോള്‍ പുലികളി കുടവയറന്‍മാരുടേതായി. വമ്പന്‍ കുടവയറുള്ളവര്‍ക്കാണ് ഇപ്പോള്‍ പുലികളിയില്‍ ഡിമാന്‍ഡ്. കുടവയര്‍ കുലുക്കി ചെണ്ടയിലെ പുലിത്താളത്തിനൊപ്പം ചുവടുകള്‍ വച്ചുള്ള പുലിയിറക്കം കാണാന്‍ വിദേശികളടക്കം ആയിരങ്ങളാണ് ഇന്നലെ തൃശൂരിലെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss