|    Oct 20 Sat, 2018 2:14 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മഴമേഘത്തിനു താഴെ രണ്ടാം ഏകദിനം

Published : 21st September 2017 | Posted By: fsq

 

കൊല്‍ക്കത്ത: മഴ ഭീഷണിയില്‍ ഇന്ത്യയും ആസ്‌ത്രേലിയും തമ്മിലുള്ള രണ്ടാം ഏകദിന മല്‍സരം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കും. ആദ്യ മല്‍സരത്തില്‍ 26 റണ്‍സിന്റെ ജയം സ്വന്തമാക്കി മിന്നും ഫോമില്‍ ആതിഥേയരായ ഇന്ത്യ ഇറങ്ങുമ്പോള്‍ തുടര്‍ തോല്‍വികളുടെ നാണക്കേടുമായാണ് ഓസീസ് കൊല്‍ക്കത്തയില്‍ പാഡണിയുന്നത്. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് കളിക്കുന്ന 100ാം ഏകദിനമാണ് ഇന്നത്തേത്.
ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ
ശ്രീലങ്കയെ അവരുടെ നാട്ടില്‍ തകര്‍ത്തെറിഞ്ഞ കളിമികവ് തങ്ങള്‍ കൈവിട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ഇന്ത്യ ഓസീസിനെതിരെ പുറത്തെടുക്കുന്നത്. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ഓസീസിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ഒന്നാം ഏകദിനത്തിലെ ടീമിനെ നിലനിര്‍ത്തിയാവും രണ്ടാം മല്‍സരത്തിനിറങ്ങുക. ശിഖാര്‍ ധവാന് പകരം അജിന്‍ക്യ രഹാനെ തന്നെയാവും ഇന്നും രോഹിതിനൊപ്പം ഓപണ്‍ ചെയ്യുക.  രോഹിത്തിന് മികച്ച ബാറ്റിങ് ശരാശരിയുള്ള  കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് മല്‍സരം നടക്കുന്നത്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സ് ശ്രീലങ്കയ്‌ക്കെതിരെ രോഹിത് അടിച്ചെടുത്തത് ഈ മൈതാനത്താണ്. 113.42 ശരാശരിയില്‍ 794 റണ്‍സാണ് ഈഡന്‍ ഗാര്‍ഡനിലെ രോഹിതിന്റെ സമ്പാദ്യം. 99.87 ആണ് രോഹിതിന്റെ ഈഡന്‍ ഗാര്‍ഡനിലെ സ്്‌ട്രൈക്ക്‌റേറ്റ്.ഒന്നാം ഏകദിനത്തില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ മധ്യനിരയില്‍ എം എസ് ധോണിയും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മനീഷ് പാണ്ഡെയും അക്കൗണ്ട് തുറക്കാതെ മടങ്ങിയിരുന്നു. എന്നാല്‍ രണ്ടാം മല്‍സരത്തില്‍ ഇരുവരും ഫോം കണ്ടെത്തി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. എന്നാല്‍ കണക്കുകള്‍ പ്രകാരം ആസ്‌ത്രേലിയക്കെതിരായി അടുത്തിടയ്‌ക്കൊന്നും കോഹ്‌ലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ വര്‍ഷം ആസ്‌ത്രേലിയക്കെതിരായ കോഹ്‌ലിയുടെ ബാറ്റിങ് പ്രകടനം 0, 13, 12, 15, 6, 0 എന്നിങ്ങനെയാണ്.ഓള്‍റൗണ്ട് പ്രകടനം പുറത്തെടുക്കുന്ന ഹര്‍ദിക് പാണ്ഡ്യയും കേദാര്‍ ജാദവും ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ സജീവമാക്കുന്നു. മധ്യ ഓവറുകളിലെ ജാദവിന്റെ സ്പിന്‍ ബൗളിങ് പല മല്‍സരങ്ങളിലും മല്‍സരത്തിന്റെ ഗതി ഇന്ത്യക്കനുകൂലമാക്കിയിട്ടുണ്ട്. ജസ്പ്രീത് ബൂംറയും ഭുവനേശ്വര്‍ കുമാറും അണിനിരക്കുന്ന ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് നിരയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സ്പിന്‍ കെണിയൊരുക്കാന്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും പ്രാപ്തരാണെന്ന് ഒന്നാം ഏകദിനത്തിലൂടെ തന്നെ തെളിയിച്ച് കഴിഞ്ഞു.
ബാറ്റിങ് തലവേദനയായി ആസ്‌ത്രേലിയ
സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനമാണ് ഓസീസിന്റെ പ്രധാന തലവേദന. ഓപണിങില്‍ ആരോണ്‍ ഫിഞ്ചിന്റെ അഭാവത്തോടൊപ്പം മധ്യനിരയില്‍ പരിചയ സമ്പന്നരായ താരങ്ങളില്ലാത്തതും ഓസീസിന് തിരിച്ചടി നല്‍കുന്നുണ്ട്. വെടിക്കെട്ട് ഓപണര്‍ ഡേവിഡ് വാര്‍ണറുടെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും ബാറ്റിങ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ആസ്‌ത്രേലിയയുടെ വിജയ സാധ്യതകളും.  ട്രവിസ് ഹെഡ് , മാര്‍ക്കസ് സ്റ്റോണിസ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരൊന്നും മികവിനൊത്ത് ഉയരുന്നില്ല. അതേ സമയം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ടീമിനെ വിജയ വഴിയിലേക്കെത്തിക്കാനാവുന്നില്ല. എന്നാല്‍ ജെയിംസ് ഫോക്‌നറും നധാന്‍ കോള്‍ട്ടര്‍ നൈലും പാറ്റ് കുമ്മിന്‍സും അണിനിരക്കുന്ന പേസ് ബൗളിങ് നിര മികച്ച പ്രകടനമാണ് ഒന്നാം ഏകദിനത്തില്‍ പുറത്തെടുത്തത്. സ്പിന്‍ ബൗളര്‍ ആദം സാംബയ്ക്ക് ആദ്യ ഏകദിനത്തില്‍ മികവ് പുലര്‍ത്താനായില്ല. അവസാനം കളിച്ച 10 ഏകദിന മല്‍സരങ്ങളില്‍ ഒരു വിജയം മാത്രമാണ് ഓസീസിന് സ്വന്തമാക്കാനായത്. 2016 സപ്തംബറില്‍ അയര്‍ലന്‍ഡിനെതിരെ ജയം നേടിയതിന് ശേഷം പേരുകേട്ട കംഗാരുപ്പടയ്ക്ക് വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
റണ്‍ മഴ കാത്ത് കൊല്‍ക്കത്ത
മഴ രസം കൊല്ലിയായില്ലെങ്കില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ റണ്‍മഴ തന്നെ പെയ്‌തേക്കും. അവസാന അഞ്ച് ഏകദിനങ്ങളില്‍ ഈഡന്‍ ഗാര്‍ഡനിലെ ശരാശരി സ്‌കോര്‍ 311 റണ്‍സാണ്. അതേ പോലെ സ്പിന്‍ ബൗളര്‍മാരെക്കാളുപരി ഫാസ്റ്റ് ബൗളര്‍മാര്‍ക്കാവും കൊല്‍ക്കത്തയില്‍ ആധിപത്യം. അവസാന സീസണിലെ ഐപിഎല്‍ വിലയിരുത്തുമ്പോള്‍ 16.4 ശരാശരിയില്‍ 61 വിക്കറ്റുകള്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നേടിയപ്പോള്‍ 24 വിക്കറ്റുകള്‍ മാത്രമാണ് സ്പിന്‍ ബൗളര്‍മാര്‍ക്ക് നേടാനായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss