|    Mar 22 Thu, 2018 5:45 pm
FLASH NEWS

മഴപെയ്താല്‍ മാനന്തവാടി ചളിക്കുളം, മഴ പോയാല്‍ പൊടിമയം

Published : 19th November 2016 | Posted By: SMR

മാനന്തവാടി: ചെറിയ മഴപെയ്താല്‍ ചെളിക്കളമായും മഴമാറി വെയില്‍വന്നാല്‍ പൊടിമയമായും നഗരത്തിലെ റേഡുകള്‍ മാറിയതോടെ ടൗണിലെത്തുന്ന പൊതുജനങ്ങളും കച്ചവടക്കാരും ഒരുപോലെ ദുരിതത്തിലായി. ഇഴഞ്ഞ് നീങ്ങുന്ന കുടിവെളള പദ്ധതിയുടെ പൈപ്പിടല്‍ ജോലികളും മുടന്തി നീങ്ങുന്ന ഒവുചാല്‍-നടപ്പാത നിര്‍മാണവുമാണ് മാനന്തവാടി ടൗണിലെത്തുന്നവരെ ദുരിതത്തിലാക്കുന്നത്. പകര്‍ച്ചവ്യാധിക്കാലത്തെന്നപോലെ വായും മൂക്കും മൂടികെട്ടിയാണ് ഇപ്പോള്‍ ജനങ്ങള്‍ ടൗണിലിറങ്ങുന്നത്. മണിക്കൂറുകള്‍ ടൗണില്‍ ചെലവഴിക്കേണ്ടി വരുന്ന കച്ചവടക്കാരും പീടികത്തൊഴിലാളികളും ട്രാഫിക് പോലിസുകാരും മാസ്‌ക് ധരിച്ചാണ് രക്ഷപെടുന്നത്. മാസങ്ങളായി തുടരുന്ന പൈപ്പിടല്‍ ജോലി എന്ന് തീരുമെന്ന് പറയാന്‍ പോലും ആരുമില്ലെന്നതാണ് മാനന്തവാടിയുടെ അവസ്ഥ. ജില്ലാ ആശുപത്രി റോഡിലെയും കോഴിക്കോട് റോഡിലെയും ഒവുചാല്‍ നടപ്പാത നിര്‍മാണത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മണിക്കൂറുകള്‍ ഇടവിട്ട് റോഡില്‍ വെളളം ഒഴുക്കിയാണ് വ്യാപാരികളും പീടിക തൊഴിലാളികളും പൊടി അകറ്റുന്നത്. റോഡിന് നടുവില്‍ തീര്‍ത്ത കുഴികളില്‍ വാഹനങ്ങള്‍ പെടുന്നതും ഗതാഗതക്കുരുക്കും നിത്യസംഭവമായി മാറിക്കഴിഞ്ഞു. വാഹനത്തിരക്കേറിയ ജില്ലാ ആശുപത്രി ജംഗ്ഷനിലെ കുഴിയില്‍ ഉളളി കയറ്റിവന്ന പിക്കപ്പ് ലോറി കുടുങ്ങിയത് ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കിന് ഇടയാക്കി. ഉളളി മുഴുവന്‍ ഇറക്കിയശേഷമാണ് കുഴിയില്‍ നിന്ന് വാഹനം ഉയര്‍ത്താന്‍ കഴിഞ്ഞത്. കോഴിക്കോട് റോഡിലെ കുഴിയില്‍ തടി ലോറി കുടിങ്ങിയത് ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസംമണ്ണുമാന്തിയന്ത്രം തന്നെ വേണ്ടിവന്നു. കോഴിക്കോട് റോഡില്‍ ഒരു ദിവസം തന്നെ പലവട്ടം കാറുകള്‍ കുടങ്ങിയതും അടുത്ത ദിവസമാണ്. പ്രധാന റോഡുകളില്‍ കുഴി എടുക്കുന്നവര്‍ അത് ശരിയാം വിധം മൂടാന്‍ തയ്യാറാകാത്തത്  അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. വാഹനങ്ങള്‍ കുടുങ്ങുകയും പ്രതിഷേധം ഉയരുകയും ചെയ്യുന്നിടങ്ങളില്‍ മാത്രമാണ് ക്വാറി വേസ്റ്റുകള്‍ നിക്ഷേപിക്കാനെങ്കിലും കരാറുകാര്‍ തയ്യാറാകുന്നത്. ജോലിക്ക് മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ നിസ്സംഗത തുടരുകയാണെന്നും ആക്ഷേപമുണ്ട്. നഗരസഭയും ഉദ്യോഗസ്ഥരും കണ്ണടക്കുമ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ആരും തയ്യാറാവുന്നില്ല. പരാതി പറഞ്ഞ് മടുത്ത നാട്ടുകാര്‍ അസഹ്യമായ പൊടിശല്യം സഹിക്കാന്‍ വിധിക്കപ്പെടുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ മാനന്തവാടി കുടിവെളള പദ്ധതിയുടെ വിതരണ പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് തട്ടിയും മുട്ടിയും നടക്കുന്നത്. റവന്യൂ ഡിവിഷന്‍ ആസ്ഥാനമായ ടൗണില്‍ മരാമത്ത് ജോലികള്‍ നടക്കുമ്പോള്‍ ഉണ്ടാകേണ്ട ജാഗ്രത കരാറുകാരുടെ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. മുന്‍കാലങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഇടതു പക്ഷ യുവജനസംഘടനകള്‍ ഭരണമാറ്റം സംഭവിച്ചതോടെ പ്രതികരണശേഷി കുറഞ്ഞതും നിലവിലെ പ്രതിപക്ഷയുവജനസംഘടനകള്‍ കാര്യമായി പ്രതികരിക്കാത്തതും ജാഗ്രതക്കുറവിനിടയാക്കുന്നുണ്ടെന്നതാണ് വാസ്തവം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss