|    Sep 26 Wed, 2018 12:46 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മഴക്കെടുതി: സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ല- തുളസീധരന്‍ പള്ളിക്കല്‍

Published : 31st August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തി ല്‍ ആഗസ്തില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ആഴ്ചകള്‍ക്കു മുമ്പ് മുന്നറിയിപ്പു നല്‍കിയിട്ടും വേണ്ടത്ര ജാഗ്രത പാലിക്കാത്ത സര്‍ക്കാര്‍ നിലപാടാണ് മഴക്കെടുതിയുടെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍.
സര്‍ക്കാര്‍ അനാസ്ഥയും സുരക്ഷാ വീഴ്ചയും നിയമസഭാ സമിതി അന്വേഷിക്കുക, അടിയന്തര സഹായം 25,000 രൂപയാക്കി വര്‍ധിപ്പിച്ച് ഉടനെ വിതരണം ചെയ്യുക, ദുരിതാശ്വാസ ഫണ്ട് പ്രത്യേക അക്കൗണ്ടായി കൈകാര്യം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടക്കത്തില്‍ തന്നെ ലക്ഷണങ്ങള്‍ മനസ്സിലാക്കി ഡാം തുറന്നുവിട്ടിരുന്നുവെങ്കില്‍ ആലുവ, ചെങ്ങന്നൂര്‍, റാന്നി തുടങ്ങിയ ഇടങ്ങളില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നു. എന്നാല്‍, അത്തരം മുന്‍കരുതല്‍ എടുക്കാന്‍ വൈദ്യുതി വകുപ്പും മുഖ്യമന്ത്രിയും തയ്യാറായില്ല. കോടിക്കണക്കിനു രൂപ മുടക്കി പത്രപരസ്യവും വഴി നീളെ കട്ടൗട്ടുകളും നിരത്തി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്‍ഥിക്കുന്ന മുഖ്യമന്ത്രിക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വേണ്ടപോലെ സര്‍ക്കാര്‍ സംവിധാനത്തെ ഏകോപിപ്പിക്കാന്‍ സാധിച്ചിട്ടില്ല. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തനങ്ങളാണ് ദുരന്തമുഖത്ത് ആശ്വാസകരമായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ 11ന് സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് നിയമസഭാ മന്ദിരത്തിനു സമീപം പോലിസ് തടഞ്ഞു. സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് സംസാരിച്ചു. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍ സലാം, ജില്ലാ സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, ഇര്‍ഷാദ് കന്യാകുളങ്ങര, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ജലീല്‍ കരമന, കൊല്ലം ജില്ലാ സെക്രട്ടറി ഇഖ്ബാല്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss