|    Nov 15 Thu, 2018 8:00 am
FLASH NEWS

മഴക്കെടുതി: വീടുകള്‍ തകര്‍ന്ന് നാലരക്കോടിയുടെ നഷ്ടം

Published : 12th August 2018 | Posted By: kasim kzm

പാലക്കാട്: മഴക്കെടുതിയില്‍ അകപ്പെട്ട് പൂര്‍ണമായും ഭാഗികമായും വീട് തകര്‍ന്നവര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍ എന്നിവരുടേയും വസ്ത്രം, ഗാസ് സിലിണ്ടര്‍, പാസ് ബുക്ക്, ആധാര്‍, എന്നിവ നഷ്ടപ്പെട്ടവരുടെയും വിവരശേഖരണത്തിനായി 13, 14 തിയ്യതികളില്‍ ക്യാംപ് നടത്താന്‍ മന്ത്രി എ കെ ബാലന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തുടര്‍ന്ന മഴയും തുടര്‍ന്ന് നേരിട്ട കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തഹസില്‍ദാര്‍മാരുടെ മേല്‍ നോട്ടത്തിലാവും കാംപ് നടക്കുക. കാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് 1000 രൂപ വീതവും വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 2800 രൂപയും വീതവും 16നകം വിതരണം ചെയ്യും. വീട് നഷ്ടപ്പെട്ടവരുടെ സ്ഥലപരിശോധന വില്ലേജ് ഓഫിസറും പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും 18നകം പൂര്‍ത്തിയാക്കണം. പൂര്‍ണമായും തകര്‍ന്ന വീട് , വാസയോഗ്യമല്ലാത്ത വീട്, ഭാഗികമായി തകര്‍ന്ന വീട് എന്നിങ്ങനെ പരിശോധനാ റിപോര്‍ട്ട് സമര്‍പ്പിക്കണം. പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് 21ന് മുന്‍പ് ആദ്യഗഡുവായ 95100/ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
വീടുകള്‍ പരമാവധി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും നല്‍കുക. പട്ടയമില്ലാത്തവര്‍ക്ക് കൈവശാവകാശ രേഖ നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ പരിശോധിച്ച് നടപടിയെടുക്കും. 21 നകം തന്നെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കൃഷി നാശവുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്ക് സമര്‍പ്പിക്കണം. പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളില്‍ തകര്‍ന്ന റോഡുകളുടേയും പാലത്തിന്റേയും എസ്റ്റിമേറ്റ് തയ്യാറാക്കി അടിന്തരമായി പൂര്‍വ സ്ഥിതിയിലാക്കാന്‍ പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. തകര്‍ന്ന കുടിവെള്ള പൈപ്പുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി. തകര്‍ന്ന വൈദ്യുതി പോസ്റ്റുകള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ കെഎസ്ഇബിക്കാണ് ചുമതല. വെള്ളം കയറിയ വീടുകളും ഫ്‌ളാറ്റുകളും പൊതുസ്ഥലങ്ങളും ഓഫിസുകളും വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി ഭരണസമിതി നിര്‍വഹിക്കണം. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടാകാവുന്ന ജലജന്യ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ശക്തമായ ബോധവല്‍ക്കരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഉറപ്പാക്കാനും അത്യാഹിത വിഭാഗവും, റിപോര്‍ട്ടിങ് സംവിധാനവും സജ്ജമാക്കാനും മന്ത്രി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ എണ്ണത്തിലെ കുറവുള്‍പ്പെടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വീടുകള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് നാലരകോടിയുടെ നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് പ്രഥമിക നിഗമനമെന്ന് ജില്ലാ കലക്ടര്‍ ഡി ബാലമുരളി അറിയിച്ചു. ശംഖുവാരത്തോട്, സുന്ദരം കോളനികളിലായി ഏകദേശം 81 ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. എം ബി രാജേഷി എം പി, എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ കൃഷ്ണന്‍കുട്ടി, കെ വി വിജയദാസ്, പി കെ ശശി, കെ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി ബാലമുരളി,തഹസില്‍ദാര്‍മാര്‍, റവന്യു, ഫയര്‍ഫോഴ്‌സ്, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss