|    Oct 18 Thu, 2018 7:51 am
FLASH NEWS

മഴക്കെടുതി : മൂന്ന് പുനരധിവാസ കേന്ദ്രങ്ങളിലായി 132 പേര്‍

Published : 20th September 2017 | Posted By: fsq

 

പാലക്കാട്: ജില്ലയില്‍ സെപ്റ്റംബര്‍ 17,18 തീയതികളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടി മേഖലയിലുണ്ടായ ഗതാഗത തടസ്സം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ തുടരുകയാണെന്ന് ജില്ലാ കലക്ടര്‍  ഡോ:പി സുരേഷ് ബാബു പറഞ്ഞു. ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ ഏകദേശം ഒരാഴ്ചയെങ്കിലുമാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഉരുള്‍പൊട്ടലിനെതുടര്‍ന്ന് നിരവധി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ആനമൂളിക്കും മുക്കാലിക്കും ഇടയില്‍ 20 ഇടങ്ങളില്‍ വന്‍മരങ്ങള്‍ കടപുഴകി വീണും കൂറ്റന്‍പാറകള്‍ റോഡില്‍ വീണുമാണ് ഗതാഗതം പൂര്‍ണമായും തടസ്സപെട്ടിട്ടുള്ളത്. ശക്തമായ മഴയില്‍ നിരവധി പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. മണ്ണിടിച്ചിലില്‍ റോഡുകളിലേയ്ക്ക് വലിയ പാറക്കഷണങ്ങളും ചളിയും വന്നടിയുകയും മരങ്ങള്‍ വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. ജെസിബി, മണ്ണ്മാന്തി യന്ത്രങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ റവന്യു വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്‌സ്, പൊതുമരാമത്ത് വകുപ്പ്, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരുന്നുണ്ട്.വീടുകള്‍ തകര്‍ന്നതിനാലും വീടുകളില്‍ വെള്ളം കയറിയതിനാലും  ആളുകളെ പുനരധിവാസ ക്യാംപുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അഗളി വില്ലേജ്് പരിധിയില്‍ ഐറ്റിഡിപി.യുടെ കീഴിലെ കാരുണ്യ വൃദ്ധ സദനത്തിലും കള്ളമല വില്ലേജ് പരിധിയില്‍ കള്ളമല എല്‍പിസ്‌കൂളിലും കള്ളമല വില്ലേജില്‍ ജെല്ലിപ്പാറ തൊട്ടയാംകരയില്‍ ഒരു വീട്ടിലുമാണ് ക്യാംപുകള്‍ ആരംഭിച്ചിട്ടുള്ളത്. ഈ മൂന്ന് ക്യാംപുകളിലുമായി ഏകദേശം 132 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. പുനരധിവാസ ക്യാംപുകളില്‍ എല്ലാ സൗകര്യവുമേര്‍പ്പെടുത്തിയിട്ടുള്ളതായും ജില്ലാ കലക്ടര്‍ അറിയിച്ചു.മണ്ണാര്‍ക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ ഡാം നിറഞ്ഞതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടര്‍ അഞ്ച് സെ.മീറ്റര്‍ തുറന്നിട്ടുണ്ട്.  താലൂക്കിലെ നെല്ലിപ്പുഴ, തൂത പുഴ എന്നിവയും കരകവിഞ്ഞ് ഒഴുകുകയാണ്. പുഴയോരത്ത് താമസിക്കുന്ന പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആലത്തൂര്‍ താലൂക്കിലെ മംഗലം ഡാമും പൂര്‍ണമായും (പരമാവധി ലെവല്‍ 77.8 മീറ്റര്‍)നിറഞ്ഞതിനെതുടര്‍ന്ന് ഡാമിന്റെ ഷട്ടര്‍ ചെറിയതോതില്‍ തുറന്നിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ (പരമാവധി ലെവല്‍ 115 മീറ്റര്‍) 108.9 മീറ്റര്‍ നിറഞ്ഞിട്ടുണ്ട്. പോത്തുണ്ടി ഡാം (പരമാവധി ലെവല്‍ 108.24 മീറ്റര്‍) 105 മീറ്റര്‍ നിറഞ്ഞിട്ടുണ്ട്. ജില്ലയിലെ മറ്റുള്ള ഡാമുകളിലെ ജലനിരപ്പ് നിലവില്‍ സാധാരണ ഗതിയിലാണ്. സെപ്റ്റംബര്‍ 16 വൈകീട്ട് ഏഴിന് കള്ളമല വില്ലേജിലെ ഓടപ്പട്ടി ആദിവാസി ഊരില്‍ രംഗന്റെയും വള്ളിയുടെയും മകള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആതിര(ഏഴ് വയസ്) കനത്തമഴയില്‍ നിറഞ്ഞ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക്ക് ടാങ്കില്‍ വീണ് മരിച്ചു. 18ന് രാവിലെ പാലക്കയം വില്ലേജ് പരിധിയിലെ ഇരുമ്പക ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 500 മീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. പാലക്കയം വില്ലേജില്‍ തന്നെ പൂഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പൊറ്റശ്ശേരി കൊല്ലം പറമ്പില്‍ കണ്ണന്റെ വീട് പൂര്‍ണമായും തകര്‍ന്നു. ചെറിയതോതില്‍ പരിക്കേറ്റ കണ്ണനേയും ഭാര്യ പ്രജീഷ എന്നിവരെയും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് നാലുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 11 വീടുകള്‍ പൂര്‍ണമായും 298 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 40 കിണറുകള്‍ക്ക് നാശം സംഭവിച്ചു. അഞ്ച് സ്‌കൂളുകളുടെ സംരക്ഷണ ഭിത്തി തകര്‍ന്നു. 25 റോഡുകളുടെ വിവിധ ഭാഗങ്ങളും തകര്‍ന്നു. 1500 കോഴികളും 65 മറ്റ് വളര്‍ത്തുമൃഗങ്ങളും കൊല്ലപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss