|    Nov 16 Fri, 2018 9:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഴക്കെടുതി നേരിടാന്‍ സഹായം അഭ്യര്‍ഥിച്ച് ചലച്ചിത്രതാരങ്ങള്‍

Published : 12th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തെ ദുരിതത്തിലാഴ്ത്തിയ മഴക്കെടുതിയെ നേരിടാന്‍ പൊതുജനങ്ങളുടെ സഹായം ഉണ്ടാവണമെന്നഭ്യര്‍ഥിച്ച് ചലച്ചിത്രതാരങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഫേസ്ബുക്കിലൂടെ അഭ്യര്‍ഥന നടത്തിയത്.
എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തി. ദുരന്തത്തെ ഒന്നായി നേരിടാമെന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ദുരിതാശ്വാസനിധി അക്കൗണ്ടിന്റെ വിശദാംശങ്ങളും വിവിധയിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. താരങ്ങളെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നവര്‍ ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്ക് കൈകോര്‍ത്തു പിടിക്കാമെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഡൂ ഫോര്‍ കേരള എന്ന ഹാഷ് ടാഗോടെയാണ് പൃഥ്വിരാജിന്റെ അഭ്യര്‍ഥന. എറണാകുളം ജില്ലാ കലക്ടറുടെ അഭ്യര്‍ഥന പങ്കുവച്ചിട്ടുമുണ്ട്. കേരളത്തിനായുള്ള പ്രാര്‍ഥനയാണ് അമല പോളിന്റെ ഫേസ്ബുക്ക് വാളില്‍.ജയറാം, ശോഭന, റിമ കല്ലിങ്കല്‍, അജു വര്‍ഗീസ്, നിവിന്‍ പോളി, ആഷിക് അബു, ആശാ ശരത്, നവ്യ നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഫേസ്ബുക്ക് പേജില്‍ അഭ്യര്‍ഥനയുമായെത്തി. ചലച്ചിത്ര താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഘടനയുടെ വകയായി പത്തുലക്ഷം രൂപ നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss