|    Nov 22 Thu, 2018 1:34 am
FLASH NEWS

മഴക്കെടുതി നഷ്ടം; 29നകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

Published : 28th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: മഴക്കെടുതിയില്‍ സംഭവിച്ച നഷ്ടത്തിന്റെ കണക്കുകള്‍ ഓഫിസ് മേധാവി മുഖാന്തരം 29നു രാത്രി എട്ടിനകം ജില്ലാ പ്ലാനിങ് ഓഫിസിലെത്തിക്കേണ്ടതും ജില്ലാ പ്ലാനിങ് ഓഫിസര്‍ അതു ക്രോഡീകരിച്ച് കണക്കുകള്‍ ഇനം തിരിച്ച് 30നു വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍ദേശിച്ചു. പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കി എത്രയും വേഗം കൃത്യമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പൂര്‍ണമായി തകര്‍ന്ന വീടുകളുടെ കണക്ക് തഹസില്‍ദാര്‍മാരും ഭാഗികമായി തകര്‍ന്ന വീടുകളുടെ കണക്കുകള്‍ ലൈഫ് മിഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച എന്‍ജിനീയറിങ് വിഭാഗവും ശേഖരിക്കും. ഭൂമി നഷ്ടപ്പെട്ടവരുടെ പട്ടിക ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരുടെ സഹായത്തോടെ തഹസില്‍ദാര്‍മാര്‍ തയ്യാറാക്കും. വിളകളുടെ നഷ്ടം കണക്കാക്കി നാലു പ്രത്യേക ശീര്‍ഷകങ്ങളിലായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കണം.
പൂര്‍ണമായ നഷ്ടം, ഭാഗിക നഷ്ടം, വിളനാശം, നിലമൊരുക്കല്‍ ചെലവ് എന്നിവ പ്രത്യേകം കണക്കാക്കും. ആര്‍എആര്‍എസ്, എംഎസ്എസ്ആര്‍എഫ് എന്നിവയുടെ സഹായത്തോടെ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കും. കന്നുകാലി, ആട്, കോഴി, പന്നി, മല്‍സ്യം മുതലായവയുടെ നാശനഷ്ടം കണക്കാക്കാന്‍ ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടറെയും മൃഗസംരക്ഷണ വകുപ്പിനെയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. കാര്‍ഷിക വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിലെ പലിശ ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുന്നതിന് പ്രപോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനുള്ള ചുമതല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്കാണ്. റോഡുകള്‍, പാലങ്ങള്‍ കള്‍വര്‍ട്ട്, ഡ്രെയിനേജ് റിട്ടേയിനിങ് വാള്‍ എന്നിവയുടെ നഷ്ടം കണക്കാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡ്, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്ക് സംഭവിച്ച നാശം സംബന്ധിച്ച കണക്കുകള്‍ മുനിസിപ്പല്‍ സെക്രട്ടറി, ഡിഡിപി എന്നിവര്‍ നല്‍കണമെന്നു തീരുമാനിച്ചു.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗവും ജലസേചന വകുപ്പിന്റെ കീഴിലുണ്ടായ നാശനഷ്ടങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാക്കും. ടെലി കമ്മ്യൂണിക്കേഷന്‍ ശൃംഖലയിലുണ്ടായ നാശം ബിഎസ്എന്‍എല്‍ നല്‍കണം. വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ നഷ്ടങ്ങള്‍ കെഎസ്ഇബിയും ആരോഗ്യവകുപ്പിലെ നാശനഷ്ടങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറും കണക്കാക്കും.
പട്ടികവര്‍ഗ മേഖലയിലുണ്ടായ പൊതുവായ നാശനഷ്ടം, വരുമാന നഷ്ടം, വിദ്യാഭ്യാസ സ്ഥാനപനങ്ങളിലെ നഷ്ടം എന്നിവ വകുപ്പ് തയ്യാറാക്കും. ടൂറിസം മേഖലയിലെ നഷ്ടം ഡിടിപിസിയും വാഹനങ്ങള്‍ക്കുണ്ടായ നാശനഷ്ടം ആര്‍ടിഒയും ജില്ലയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്കുണ്ടായ നാശനഷ്ടം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും വനംവകുപ്പിന്റെ നഷ്ടം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഡിഎഫ്ഒ എന്നിവരും കുടുംബശ്രീയുടെത് കുടുംബശ്രീ കോ-ഓഡിനേറ്ററും തയ്യാറാക്കും.
യോഗത്തില്‍ സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, എഡിഎം കെ അജീഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ്, ലൈഫ് മിഷന്‍ കോ-ഓഡിനേറ്റര്‍ സിബി വര്‍ഗീസ്, ഫിനാന്‍സ് ഓഫിസര്‍ എ കെ ദിനേശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss