|    Oct 20 Sat, 2018 6:28 am
FLASH NEWS

മഴക്കെടുതി: ദുരന്തപ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു

Published : 24th September 2018 | Posted By: kasim kzm

കല്‍പ്പറ്റ: പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും വന്‍ നാശം നേരിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു. കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. ബി രാജേന്ദ്രറിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഗ്രാമവികസന മന്ത്രാലയം ഡയറക്ടര്‍ ധരംവീര്‍, ഊര്‍ജ മന്ത്രാലയം ചീഫ് എന്‍ജിനീയര്‍ വന്ദന സിംഗാള്‍, കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പൊന്നുസാമി, ദുരന്തനിവാരണ കോ-ഓഡിനേറ്ററും ഹസാഡ് അനലിസ്റ്റുമായ ജി എസ് പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ശനിയാഴ്ച വൈകീട്ട് ജില്ലയിലെത്തിയ എത്തിയ സംഘം ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ചു. നാശനഷ്ടത്തെ സംബന്ധിച്ച കണക്കുകള്‍ ജില്ലാ കലക്ടര്‍ അവതരിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെ വൈത്തിരി ബസ് സ്റ്റാന്റിലെ തകര്‍ന്ന ഇരുനില കെട്ടിടം പരിശോധിച്ചുകൊണ്ടാണ് സന്ദര്‍ശനം തുടങ്ങിയത്.
തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ പൊഴുതന അമ്മാറ, കുറിച്യര്‍മല, പിലാക്കാവ് മണിയംകുന്ന്, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ചു. വെള്ളപ്പാച്ചിലില്‍ തകര്‍ന്ന വീടുകളെക്കുറിച്ചും ജീവന്‍ നഷ്ടപ്പെട്ട വളര്‍ത്തുമൃഗങ്ങളെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നാശനഷ്ടത്തിന്റെ വ്യാപ്തിയും വിശദാംശങ്ങളും സംഘത്തിന് വിശദീകരിച്ചു നല്‍കി. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ നടന്നുകണ്ട സംഘം പ്രദേശത്തെ താമസക്കാരുടെ വിവരങ്ങളും ആരാഞ്ഞു. ദുരന്തബാധിതരുമായി സംസാരിക്കാനും സമയം കണ്ടെത്തി.
കനത്തമഴയില്‍ ഭൂമി ഇടിഞ്ഞുതാഴ്ന്ന തൃശിലേരി പ്ലാമൂലയിലെ കൃഷിഭൂമിയും തകര്‍ന്ന വീടുകളും സംഘം പരിശോധിച്ചു. വൈദ്യൂതി വകുപ്പിന്റെ നാശനഷ്ടങ്ങള്‍ ഊര്‍ജമന്ത്രാലയം ചീഫ് എന്‍ജിനീയര്‍ വന്ദന സിംഗാള്‍ പ്രത്യേകം ചോദിച്ചറിഞ്ഞു. പ്രളയജലം കയറി കൃഷിനശിച്ച പടിഞ്ഞാറത്തറ പാണ്ടംകോട് പ്രദേശവും മണല്‍ വന്ന് നികന്ന നീര്‍വാരം പ്രദേശത്തെ വയലുകളും സംഘം സന്ദര്‍ശിച്ചു.
കാലവര്‍ഷത്തില്‍ മണ്ണിടിഞ്ഞ് തകര്‍ന്ന മാനന്തവാടി തോണിച്ചാലിലെ റോഡും സംഘം പരിശോധിച്ചു. എഡിഎം കെ അജീഷ്, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ്, സൗത്ത് ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി വിജയകുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ്, ലൈഫ് മിഷന്‍ കോ-ഓഡിനേറ്റര്‍ കെ സിബി വര്‍ഗീസ്, തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം എസ് ദിലീപ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ ഷാജി അലക്‌സാണ്ടര്‍, ജില്ലാ ഐടിഡിപി ഓഫിസര്‍ വാണീദാസ്, ഹരിതകേരളം മിഷന്‍ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍ എന്നിവരും സംഘത്തെ അനുഗമിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss