|    Aug 15 Wed, 2018 7:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഴക്കെടുതി: കോട്ടയം ജില്ലയ്ക്ക് 198.28 കോടിയുടെ നഷ്ടം

Published : 11th August 2018 | Posted By: kasim kzm

കോട്ടയം/പത്തനംതിട്ട: മഴക്കെടുതിയില്‍ ജില്ലയില്‍ ഇതു വരെ 198.28 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി കേന്ദ്രസംഘത്തെ അറിയിച്ചു. മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനു മുമ്പായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണു ജില്ലയിലെ സ്ഥിതിഗതികള്‍ കലക്ടര്‍ വിശദീകരിച്ചത്.
കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി എ വി ധര്‍മറെഡ്ഡി, ധനകാര്യ ജോയിന്റ് ഡയറക്ടര്‍ എസ് സി മീണ, കേന്ദ്ര ജല കമ്മീഷന്‍ ഡയറക്ടര്‍ ടി തങ്കമണി, ഗ്രാമ വികസന അസി. ഡയറക്ടര്‍ ചാഹത് സിങ് എന്നിവരടങ്ങിയ സംഘമാണു കോട്ടയത്ത് സന്ദര്‍ശനം നടത്തിയത്. കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടം നേരില്‍ക്കണ്ട് വിലയിരുത്തുന്നതിനു വൈക്കം മേഖലയിലെ വിവിധ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
അതേസമയം, പത്തനംതിട്ട ജില്ലയിലെ പ്രളയക്കെടുതികള്‍ സൂക്ഷ്മമായി വിലയിരുത്തി കേന്ദ്രസംഘംസന്ദര്‍ശനം നടത്തി. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എ വി ധര്‍മറെഡ്ഡിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണു തിരുവല്ല താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രളയക്കെടുതികള്‍ വിലയിരുത്തിയത്. രാവിലെ ഒമ്പതിനു തിരുവല്ല എലൈറ്റ് ഹോട്ടലില്‍ മന്ത്രി മാത്യു ടി തോമസ്, വീണാ ജോര്‍ജ് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി ബി നൂഹ് ജില്ലയിലെ പ്രളയക്കെടുതികള്‍ സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് കേന്ദ്രസംഘത്തിന് മുമ്പാകെ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഡാമുകള്‍ തുറക്കുകയും മഴ ശക്തിപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങള്‍ വീണ്ടും ദുരിതത്തിലായതിനാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ കൂടി ചേര്‍ത്ത് പുതിയ റിപോര്‍ട്ട് സംഘത്തിനു നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.
പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ പുതിയ വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുള്ള റിപോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ തയ്യാറാക്കി നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു ലഭിച്ചാലുടന്‍ ക്രോഡീകരിച്ച് പുതിയ റിപോര്‍ട്ട് കേന്ദ്രസംഘത്തിനു നല്‍കും. ജില്ല രൂപീകൃതമായി 36 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ പ്രളയക്കെടുതി നേരിടുന്നതെന്നു കലക്ടര്‍ സംഘത്തെ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss