|    Dec 14 Fri, 2018 8:19 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഴക്കെടുതി: കേന്ദ്രം അനുവദിച്ച തുക അപര്യാപ്തം- കോണ്‍ഗ്രസ്

Published : 14th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മഴക്കെടുതി നേരിടാന്‍ കേരളത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ധനസഹായം അപര്യാപ്തമാണെന്നും കൂടുതല്‍ തുക അനുവദിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ പ്രത്യേക ധനസഹായത്തോടെ കേരള പാക്കേജാണ് ആവശ്യം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നത് 15 ലക്ഷമാക്കണം. ഓണം, ബക്രീദ് ആഘോഷങ്ങള്‍ക്കായി ചെലവഴിക്കപ്പെടുന്ന തുക കൂടി ദുരിതാശ്വാസത്തിനു നല്‍കണം. ക്യാംപില്‍ വരാത്തവര്‍ക്കും ധനസഹായം ലഭ്യമാക്കണം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം. ബാണാസുര സാഗര്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത് സര്‍ക്കാര്‍ ഗൗരവമായി അന്വേഷിക്കണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുഡിഎഫ് എംഎല്‍എമാരും എംപിമാരും 10,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു നടക്കുന്ന ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കും. ജയരാജനെ മാറ്റിയത് തെറ്റായിരുന്നുവോയെന്ന് സിപിഎം വ്യക്തമാക്കണം. വിജിലന്‍സ് കേസ് എഴുതിത്തള്ളിയതുകൊണ്ട് മാത്രം ജയരാജന്‍ കുറ്റവിമുക്തനാവുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായം പറയണം. പി സി ജോര്‍ജിനെ ചീഫ്‌വിപ്പാക്കിയപ്പോള്‍ അനാവശ്യ കോലാഹലങ്ങള്‍ സൃഷ്ടിച്ച എല്‍ഡിഎഫ് മുന്‍കാല പ്രാബല്യത്തോടെ മാപ്പു പറയാന്‍ തയ്യാറാവണം. ഇതോടെ സിപിഐയുടെ തനിനിറം പുറത്തുവന്നുവെന്നും ചെന്നിത്തല പറഞ്ഞു. മഴക്കെടുതി നേരിടുന്നതിനു തുച്ഛമായ തുക മാത്രം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അനീതിയാണെന്ന് വി എം സുധീരനും അഭിപ്രായപ്പെട്ടു.
സമാനതകളില്ലാത്ത കേരളത്തിലെ മഹാ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാങ്കേതികത തടസ്സമാവരുത്. കേരളത്തിലെ പ്രകൃതിക്ഷോഭ കെടുതികളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss