|    Nov 19 Mon, 2018 11:25 pm
FLASH NEWS
Home   >  Kerala   >  

മഴക്കെടുതി: കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടത്തിന് കേന്ദ്രത്തെ സമീപിക്കും-മുഖ്യമന്ത്രി

Published : 8th August 2018 | Posted By: sruthi srt

തിരുവനന്തപുരം: കുട്ടനാട് മേഖലയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുന്നതിന് ഹ്രസ്വകാല നടപടികള്‍ സ്വീകരിക്കുകയും ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ മനുഷ്യജീവിതവും ജലവിഭവത്തില്‍ അധിഷ്ഠിതമായ പാരിസ്ഥിതിക സാഹചര്യങ്ങളും കണക്കിലെടുത്ത് ഇപ്പോഴുണ്ടായിട്ടുള്ളതുപോലെ മടവീഴ്ചയും നാശനഷ്ടവും പരിഹരിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകളും മധ്യദീര്‍ഘകാല പ്രവര്‍ത്തനങ്ങളും ആലോചിക്കേണ്ടതുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മുഴുവനായും പത്തനംതിട്ട ജില്ലയില്‍ 5 വില്ലേജുകളും ഉള്‍പ്പെടെ സംസ്ഥാനത്താകെ 198 വില്ലേജുകള്‍ പ്രളയബാധിത പ്രദേശങ്ങളായി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് മേഖലയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിവരണാതീതമായതിനാല്‍ സമഗ്രമായ കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം നടപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍, സമഗ്രമായ പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കുട്ടനാട് മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ വിവിധ ജില്ലകളിലുളള സന്നദ്ധ സംഘടനകളോടും പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജില്ലയിലൊഴുകിയെത്തുന്ന 5 നദികളുടെയും വൃഷ്ടി പ്രദേശങ്ങളിലുണ്ടാവുന്ന മഴയുടെയും നീരൊഴുക്കിന്റെയും അളവ് മുന്‍കൂട്ടി മനസ്സിലാക്കുവാനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി പ്രവചിക്കാനും കാഠിന്യം വിലയിരുത്തുന്നതിനും ഒരു ‘സമഗ്ര ഫഌഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റം’ രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്. അത് എപ്രകാരം നടപ്പിലാക്കാന്‍ കഴിയുമെന്ന് ഗൗരവമായി പരിശോധിക്കും. ഇക്കാര്യത്തില്‍ വിശദമായി പഠനം നടത്തി സമയബന്ധിതമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായും വ്യക്തമാക്കി.

ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം കേറാത്ത വിവിധ ഉദ്ദേശ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ഇവ ദുരിതാശ്വാസ ക്യാമ്പുകളായും സാമൂഹ്യ അടുക്കളയായും ഉപയോഗിക്കാവുന്നവിധമായിരിക്കും. എല്ലാ വീട്ടിലേക്കും ഉതകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ശുചിമുറികള്‍ നിര്‍മ്മിച്ച് നല്‍കും. സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനം കെട്ടിടങ്ങളിലുണ്ടാവും. കെട്ടിടനിര്‍മ്മാണത്തിനുപയോഗിക്കാവുന്ന ഇടങ്ങളില്‍ നിലവിലുള്ള നിയമത്തില്‍ നിന്നുകൊണ്ട് പ്രത്യേക കെട്ടിട നിര്‍മ്മാണ സാധ്യത പരിശോധിക്കും. അല്ലാത്ത പക്ഷം ആവശ്യമെങ്കില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടോ എന്നും പരിശോധിക്കും. (കുട്ടനാട് തന്നെ ചില വീടുകള്‍ വെള്ളം കയറാനിടവരുത്താത്ത വിധത്തില്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുണ്ട്.) നിയമനിര്‍മ്മാണം ആവശ്യമായി വരുന്നപക്ഷം തദ്ദേശ സ്വയംഭരണ വകുപ്പിനെ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം നേടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഡിസാസ്ട്രസ് മാനേജ്‌മെന്റ് അതോറിറ്റിയെയും അനെര്‍ട്ടിനെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ വെള്ളം കയറിയ വീടുകളിലെ തറകള്‍ കയര്‍ മാറ്റ് ഉപയോഗിച്ച് ഉപയോഗയോഗ്യമാക്കാന്‍ നടപടി കയര്‍ വകുപ്പ് സ്വീകരിക്കും.നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ക്കുപകരം കൂടുതല്‍ പ്രവൃത്തിദിവസങ്ങള്‍ നല്‍കി കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുവാന്‍ പ്രത്യേക പദ്ധതി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തയ്യാറാക്കും. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലം അധ്യായനം സാധ്യമാകുന്നവിധം കെട്ടിട നിര്‍മ്മാണം ആവശ്യമുള്ളവ കണ്ടെത്തി അവയ്ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
മടവീഴ്ച മൂലമുള്ള ദുരിതം പരിഹരിക്കുന്നതിനുളള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. അടയ്ക്കപ്പെട്ട ചാലുകള്‍ ആഴം കൂട്ടി തുറന്നുകൊടുത്ത് വെള്ളം പെട്ടെന്ന് ഒഴുകിപ്പോകുന്ന സംവിധാനം പ്രാദേശിക പ്രവര്‍ത്തനത്തിലൂടെ ഒരോ സ്ഥലത്തെയും ആവശ്യകത മുന്‍നിര്‍ത്തി പരിശോധിച്ച് നടപ്പിലാക്കാനും പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ഈ പ്രദേശങ്ങളില്‍ പുതുതായി ഏറ്റെടുക്കേണ്ട കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കാനും ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. തീരദേശ നിവാസികളുടെ ദുരിതം പരിഹരിക്കാനായി അടഞ്ഞുകിടക്കുന്ന പൊഴികള്‍ തുറന്ന് ജലം ഒഴുകിപ്പോകാനുള്ള നടപടികള്‍ സ്വീകരിക്കും. അവശ്യം വേണ്ട സാധനങ്ങള്‍ എത്തിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന നിരവധി പാലങ്ങളുണ്ട്. അവയുടെ ഉയരമില്ലായ്മ കാരണം പലയിടങ്ങളിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഇതിന് പരിഹാരമായി ശാസ്ത്രീയമായ പരിശോധനയിലൂടെ വലിയ വള്ളം/ബോട്ട് കടന്നുപോകാവുന്ന രീതിയില്‍ പുനര്‍നിര്‍മ്മിക്കേണ്ടിവരും. നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് സ്‌കീമില്‍ പെടുത്തി ഇത് നടപ്പിലാക്കാനാവും. കുട്ടനാട്ടിലെ എല്ലാ അടിയന്തര സേവന ഓഫീസുകളും മിനിമം രണ്ട് മീറ്റര്‍ ഉയര്‍ത്തുന്ന സാങ്കേതികവിദ്യ നാട്ടില്‍ സാധ്യമാണ്. ഇതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെയും പൊതുമരാമത്ത്ജലവിഭവ വകുപ്പുകളേയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ജല ആംബുലന്‍സുകള്‍ കൂടുതല്‍ ഫലവത്തായി വിന്യസിക്കുകയും കൂടുതല്‍ നീറ്റിലിറക്കുകയും വേണം. ഇതിനായി ജല ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തും.കന്നുകാലികളുടെ സംരക്ഷണത്തിനുതകുംവിധം ഉയര്‍ന്ന സ്ഥലങ്ങളില്‍ പ്രളയകാലത്ത് രണ്ട് മീറ്റര്‍ സ്റ്റില്‍ട്ടിനു മുകളില്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുകയും അവിടെ മൃഗസംരക്ഷണ വകുപ്പ് സേവനം ഉറപ്പുവരുത്തുകയും വേണം. ഇതിനായി പൊതുമരാമത്ത്മൃഗസംരക്ഷണ വകുപ്പുകളെ സംയുക്തമായി ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് (ആധാര്‍, റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് മുതലായവ) അവ ലഭിക്കുന്നതിന് സത്വര നടപടി എടുക്കും. ഇതിനായി താലൂക്ക്/പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 16 മുതല്‍ 31 വരെ ബന്ധപ്പെട്ട വകുപ്പുകളോട് ക്യാമ്പുകള്‍ നടത്താന്‍ നിര്‍ദ്ദേശിക്കും. ജില്ലാകളക്ടര്‍മാര്‍ ഇതിന് മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ചാര്‍ജും വെള്ളക്കരവും അടയ്ക്കുന്നതിന് 2019 ജനുവരി വരെ സാവകാശം നല്‍കാന്‍ തീരുമാനിച്ചു. പ്രളയബാധിത പ്രദേശമായി ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖ പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം വരെ മോറട്ടോറിയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. സംസ്ഥാന/ജില്ലാതല ബാങ്കിംഗ് സമിതി വിളിച്ച് ഇക്കാര്യത്തിലാവശ്യമായ നടപടി സ്വീകരിക്കും. ഒപ്പം സഹകരണ ബാങ്കുകളോടും സമാന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കും.പൊതുമേഖലസഹകരണ ബാങ്കുകള്‍ മുഖേന വെള്ളപ്പൊക്കബാധിതരായവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പുതിയ വായ്പ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രദേശത്തെ ചെറുകിട വ്യാപാരികള്‍ക്കുവേണ്ടി കെ.എഫ്.സി മുഖേന പ്രത്യേക വായ്പ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കും. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണ് നമുക്ക് മുമ്പിലുള്ളത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതകള്‍ വളരെ വലുതാണ്. ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാനാവശ്യമായ എല്ലാ മുന്‍കരുതലുകളും കൈക്കൊള്ളേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്ത് ശുദ്ധജലം എത്തിക്കുന്നതിനും മതിയായ അളവില്‍ ക്ലോറിന്‍ തുടങ്ങിയ ശുദ്ധീകരണ ലായനികള്‍ ലഭ്യമാക്കി അവ ഉപയോഗിച്ച് ശുദ്ധജല ഉപയോഗം ഉറപ്പാക്കുകയും വേണം. ഇത്തരത്തിലുള്ള ശുചിത്വആരോഗ്യപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയസാമൂഹികസന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ജനകീയ സേവന പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും നേതൃത്വം നല്‍കും.ശുദ്ധജലം എത്തിക്കുന്നതിന് മതിയായ സംവിധാനങ്ങള്‍ ജല അതോറിറ്റി ഏര്‍പ്പെടുത്തും. ഇവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാവണം പ്രവര്‍ത്തിക്കുക.പാമ്പുകളുടെ ശല്യം കൂടാനിടയുള്ളതിനാല്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും.മാലിന്യം നീക്കം ചെയ്യുന്നതിന് ശുചിത്വമിഷന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കും. മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ, റവന്യൂ, ആരോഗ്യ വകുപ്പുകള്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ത്വരിതപ്പെടുത്തും. പ്രധാനമായും ആലപ്പുഴചങ്ങനാശ്ശേരി റോഡിന്റെ പ്രവൃത്തി എത്രയും വേഗം ആരംഭിച്ച് പൂര്‍ത്തിയാക്കും.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു സ്‌പെഷ്യല്‍ ഓഫീസറെ എല്ലാ വകുപ്പുകളും പ്രത്യേകമായി നിയോഗിക്കും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍! ഏകോപ്പിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.നിലവിലുള്ള മാര്‍ഗരേഖ പ്രകാരം ദുരന്ത നിവാരണ നിധിയില്‍ നിന്ന് അനുവദിക്കുന്ന നഷ്ടപരിഹാരം പല ഇനങ്ങളിലും അപര്യാപ്തമാണ്. അത് കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമായ തുക ലഭ്യമാക്കി ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss