|    Sep 26 Wed, 2018 8:07 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മഴക്കെടുതി; ഇന്നലെ 20 മരണംകൂടി

Published : 18th August 2018 | Posted By: kasim kzm

പാലക്കാട്/പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നലെ മഴക്കെടുതിയില്‍ 20 പേര്‍ കൂടി മരിച്ചു. പാലക്കാട്ട് മൂന്നും പത്തനംതിട്ടയില്‍ ഏഴും എറണാകുളത്തും ഇടുക്കിയിലും അഞ്ചുപേരുമാണ് ഇന്നലെ മരിച്ചത്. ഇതോടെ മഴക്കെടുതിയില്‍ ആഗസ്ത് 8 മുതല്‍ മരിച്ചവരുടെ എണ്ണം 180 കവിഞ്ഞു. അതേസമയം, ഇന്നലെ രാവിലെ വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം 164 പേരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പാലക്കാട് നെന്മാറ പോത്തുണ്ടിക്കു സമീപവും മണ്ണാര്‍ക്കാട് കോട്ടോപ്പാടത്തും ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. നെന്മാറ അളുവാശേരി ചേരുംകാട് അനിതയുടെ മകള്‍ ആത്മിക (മൂന്നര), സുന്ദരന്റെ മകന്‍ സുധിന്‍ (17) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കരടിയോട് തമ്പിയുടെ ഭാര്യ ചാത്തിയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്.
പത്തനംതിട്ട ചിറ്റാര്‍ മുണ്ടന്‍പാറയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അര്‍ക്കിവിലാസം രാജമ്മ (54), ഗുരുനാഥന്‍മണ്ണ് കാട്ടാണത്തറ വീട്ടില്‍ പ്രമോദ് (27), കുളങ്ങരവാലിയില്‍ ഉരുള്‍പൊട്ടലില്‍പെട്ട വയ്യാറ്റുപുഴ കുളങ്ങരവാലി മണ്ണില്‍ വീട്ടില്‍ രാജന്‍ (55), ഭാര്യ രമണി (50) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തി. പത്തനംതിട്ട ചിറ്റാര്‍ അഞ്ചേക്കര്‍ കോളനിയില്‍ മണ്ണിടിഞ്ഞ് അശോകന്‍ (55) മരിച്ചു. പ്രളയത്തിനിടെ ചികില്‍സ ലഭിക്കാതെയും രണ്ടു മരണമുണ്ട്. റാന്നിയിലെ പ്രഭാകര സ്‌റ്റോഴ്‌സ് ഉടമ പ്രഭാകരന്‍, ഇരവിപേരൂര്‍ കാറ്റാണശേരില്‍ കുഞ്ഞുമോന്‍ എന്നിവരാണ് യഥാസമയം ചികില്‍സ കിട്ടാതെ മരിച്ചത്.
ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരണം 29 ആയി. ഇന്നലെ അഞ്ചുപേരുടെ മരണം കൂടി സ്ഥിരീകരിച്ചു. തൊടുപുഴ മുട്ടം കൊല്ലംകുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ കഴുമറ്റത്തില്‍ അനില്‍ കുമാര്‍ (40), അടിമാലി വെള്ളത്തൂവല്‍ എസ് വളവ് സ്വദേശി പുളിക്കക്കുടിയില്‍ മുഹമ്മദ് കുട്ടി (42), വണ്ടിപ്പെരിയാര്‍ മ്ലാമല ഇടത്തറക്കരി ജോര്‍ജ് ജോസഫിന്റെ ഭാര്യ തങ്കമ്മ (55), പീരുമേട് പ്ലാക്കത്തടം ആദിവാസി കോളനിയില്‍ കുമ്പളവയലില്‍ ഷാജി (44), വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്‌റ്റേറ്റില്‍ രവികുമാര്‍ (47) എന്നിവരാണ് മരിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള നീരൊഴുക്കു മൂലം വീടിന് സമീപത്തുണ്ടായ വെള്ളക്കെട്ടില്‍ വീണായിരുന്നു തങ്കമ്മയുടെ മരണം. കൊല്ലം ക്ലാപ്പനയില്‍ മല്‍സ്യബന്ധനത്തിനിടെ വെള്ളക്കെട്ടില്‍ വീണ് ക്ലാപ്പന പ്രയാര്‍ തെക്ക് അശ്വതി ഭവനില്‍ ശിവാനന്ദന്‍ (65) മരിച്ചു.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷെറിന്‍ (37), കളമശ്ശേരി സ്വദേശി അശോക് കുമാര്‍ (55), മൂവാറ്റുപുഴ ശങ്കരന്‍ (65) മുങ്ങിമരിച്ചു. ക്യാംപില്‍ കഴിയുകയായിരുന്ന മേരി (52), വെള്ളക്കെട്ട് മൂലം കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാനാവാതെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss