|    Dec 17 Mon, 2018 11:15 am
FLASH NEWS

മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 10 ആയി

Published : 10th June 2018 | Posted By: mtp rafeek


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരവേ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഇന്നലെ മാത്രം ഏഴ് പേര്‍ മരിച്ചിരുന്നു. ബുധനാഴ്ച വരെ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം കാട്ടായിക്കോണം ശാസ്തവട്ടത്ത് വൈദ്യുതി ലൈന്‍ തട്ടി ഒരാള്‍ മരിച്ചു. ഇതിനു പുറമേ ശാസ്തവട്ടം സ്വദേശി ശരിധരന്‍ (75)ആണ് മരിച്ചത്. കണ്ണൂര്‍ തലവില്‍ സ്വദേശി ഗംഗാധരന്‍, കുടകിലെ മലയാളി വ്യവസായി എന്നിവരാണ് ഇന്ന് കാറ്റിലും മഴയിലുംപെട്ട് മരിച്ചത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ(45), ചിറപ്പനവിളാകത്ത് വീട്ടില്‍ പൊന്നമ്മ(65), ആലപ്പുഴ തലവടി സ്വദേശി വിജയകുമാര്‍, കോഴിക്കോട് ചാലിയം സ്വദേശി ഖദീജക്കുട്ടി(60), കാസര്‍ഗോഡ് ദേലംപാടി സ്വദേശി ചനിയപ്പ നായ്ക്ക്(65), കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ സ്വദേശി ഫാത്തിമ(4), കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മുത്താറിപ്പീടികയില്‍ എം എന്‍ രവീന്ദ്രന്‍(66) എന്നിവരാണ് മഴക്കെടുതിയില്‍ മരിച്ചത്.

തിരുവന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലായി 15 പേര്‍ക്ക് പരിക്കേറ്റു. കാലവര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ സംസ്ഥാനുണ്ടായി. അന്‍പതിലേറെ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 120 വീടുകള്‍ക്ക് ഭാഗികമായി കേട് പറ്റി. തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി കുഞ്ചിത്തണ്ണി ഈട്ടി സിറ്റിയില്‍ വന്‍ തോതില്‍ മലയിടിച്ചിലുണ്ടായി. മണ്ണു വീണ് ആനച്ചാല്‍ കുഞ്ചിത്തണ്ണി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ളതിനാല്‍ പ്രദേവാസികളോട് ജാഗ്രത പാലിക്കാനും മാറിത്താമസിക്കാനും റവന്യൂ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

മൂന്നാര്‍ പള്ളിവാസല്‍ രണ്ടാം മൈലിന് സമീപം വരട്ടയാറില്‍ ഉരുള്‍പൊട്ടി. മഴ തുടര്‍ച്ചയായി പെയ്തതോടെ കല്ലാര്‍കുട്ടി ഡാം തുറന്നു. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ജലനിരപ്പ് ഉയരുന്നതിനാല്‍ മണിയാര്‍ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടന്നും പമ്പാ നദിയുടേയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്കുകളിലും വയനാട് കളക്ടറേറ്റിലും കണ്‍ട്രോള്‍റൂമുകള്‍ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് 12 മുതല്‍ 20 സെ.മീ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss