|    Oct 21 Sun, 2018 4:46 am
FLASH NEWS

മഴക്കെടുതിക്ക് ശമനമില്ല; വ്യാപക കൃഷിനാശം

Published : 20th September 2017 | Posted By: fsq

 

കോട്ടയം: മഴ തുടരുന്നതോടെ ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍ തന്നെ. കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കുമരകത്ത് പാടശേഖരത്തില്‍ മടവീണു. ഇന്നുവരെ ജില്ലയില്‍ ഏഴു ദുരിതാശ്വസ ക്യാംപുകള്‍ തുറന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളായ കുമരകം, തിരുവാര്‍പ്പ്, കാഞ്ഞിരം, കല്ലറ മുണ്ടാര്‍, വെച്ചൂര്‍ തുടങ്ങിയ പ്രദേശങ്ങളെലെല്ലാം വെള്ളം കയറി ജനജീവിതം ദുരിത്തിലാണ്. മീനച്ചില്‍ താലൂക്കില്‍ കിടങ്ങൂരില്‍  പിറയാര്‍ ഗവ. എല്‍പിഎസ്, ചെങ്ങളം സൗത്തില്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, തിരുവാര്‍പ്പില്‍ ഗവ. യുപിഎസ് തിരുവാര്‍പ്പ്, ആര്‍പ്പുക്കരയില്‍ സിഎംഎസ് എല്‍പിഎസ് കുമരംകുന്ന്, മണര്‍കാട് 166 കുഴിപ്പുരയിടം അങ്കണവാടി, പറമ്പുകര അംബേദ്കര്‍ കോളനി, പെരുമ്പായിക്കാട് പള്ളിപ്പുറം പാരീഷ് ഹാള്‍ എന്നിവടിങ്ങളിലാണ് ക്യാംപ് തുറന്നത്. 26 കുടുംബങ്ങളിലായി 156 പേരാണ് ക്യാംപിലുള്ളത്. മഴ തുടരുന്നതിനാല്‍ കോട്ടയം താലൂക്കിലെ തിരുവാര്‍പ്പ്, ചെങ്ങളം സൗത്ത്, അയ്മനം, വേളൂര്‍ എന്നി വില്ലേജുകളിലെ സ്്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.കുമരകം: കുമരകത്ത് പാടശേഖരത്തില്‍ മടവീണു. ഇന്നലെ രാവിലെ ഏഴിന് 240 ഏക്കറുള്ള തെക്കേ മൂലേപാടത്തിന്റെ പുറംബണ്ട് തകര്‍ന്നാണ് മടവീണത്. കൊയ്ത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് മട വീണത്. പുറംബണ്ടില്‍ ആള്‍താമസം കുറവുള്ള ഭാഗത്താണ് മടവീണത്.വഴിയാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കര്‍ഷകരും തൊഴിലാളികളും കൃഷി സംരക്ഷിക്കാന്‍ കഠിനാധ്വാനം നടത്തേണ്ടിവന്നു. തെങ്ങിന്‍ കുറ്റികള്‍ നാട്ടി, പ്ലാസ്റ്റിക് പടുതയും കട്ടയും ചെളിയും ഉപയോഗിച്ച് മട ഇടുന്നത്. താല്‍ക്കാലികമായി രാത്രിയോടെ പുറംബണ്ട് പുനര്‍നിര്‍മിച്ചു. തോട്ടിലെ വെള്ളം കുറയുന്നതോടെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് നെല്ലു സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. വെള്ളപ്പൊക്കത്തില്‍ നിന്നു സംരക്ഷിക്കാന്‍ ഏതാനും വര്‍ഷം മുമ്പ് കോട്ടയം കുമരകം റോഡ് ഉയര്‍ത്തിപ്പണിതെങ്കിലും ഇന്നലെ റോഡിന്റെ പല ഭാഗത്തും വെള്ളം കയറി. ആലുംമൂട്, ഇല്ലിക്കല്‍, ആമ്പക്കുഴി, മൂന്നു മൂല തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളം കയറിയത്. താഴ്ന്ന പ്രദേശങ്ങളിലെ കോളനികളില്‍ വെള്ളം കയറിയത് കോളനി നിവാസികളെ ദുരിതത്തിലാക്കി. തിരുവാര്‍പ്പ് ഗവ. യുപി സ്‌കൂളില്‍ ഇന്നലെ തുടങ്ങിയ ക്യാംപില്‍ വീട്ടില്‍ വെള്ളം കയറി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചങ്ങനാശ്ശേരി: രണ്ടു ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ അറുന്നൂറില്‍ പുതുവേല്‍ പാടശേഖരത്തിലെ 50 ഏക്കര്‍ നെല്‍കൃഷി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പാടശേഖരത്തിനു സമീപത്തു കൂടി ഒഴുകുന്ന മണിമലയാറിന്റെ കൈത്തോടായ പനയാറും പൂവം പാടശേഖരത്തിന്റെ സംരക്ഷണ ബണ്ടും നിറഞ്ഞു കവിഞ്ഞെതോടെ ആണ് പാടശേഖരം കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിയത്. 128 ദിവസം പ്രായമായ നെല്‍കൃഷിയാണ് നശിച്ചത്. അടുത്തയാഴ്ച കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്‌തെടുക്കുന്നതിനായി പാടശേഖര സമിതി തീരുമാനിച്ചിരുന്നു. ഇതിനായി യന്ത്രവും ബുക്ക് ചെയ്തിരുന്നതായി കര്‍ഷകര്‍ പറഞ്ഞു. അറുനൂറില്‍ പുതുവേല്‍ വെട്ടുപറമ്പ് സിജി ജോസഫ്, ബിജു തോമസ്, ജേസി സിബി, ഔസേപ്പ് മാത്യുപുത്തന്‍പുരയ്ക്കല്‍, വി വി മാത്യു, ആനിയമ്മ, അജിത്, വി ജെ ജേക്കബ്, ആലീസ് ജിജു, ജിബിന്‍, റോസമ്മ മാത്യു, ഐ ജെ മാത്യു എന്നിവരുടെ ഉടമസ്ഥതയിലുള്ള പാടശേഖര കൂട്ടായ്മയുടെ കൊയ്യാറായ നെല്‍കൃഷിയാണ് കനത്തവെള്ളം വരവിനെ തുടര്‍ന്ന് വെള്ളത്തില്‍  മുങ്ങിയത്. മടവീണു പൂവം പാടശേഖരത്തിലെ കൃഷി നശിച്ചതോടെ ഇവിടുത്തെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതും പൂവം ബണ്ട് വഴി പാടശേഖരത്തില്‍ വെള്ളം കയറുന്നതിനു കാരണമായി. പാടശേഖരം പൂര്‍ണമായും വെള്ളത്തിലായതോടെ 15,000 ക്വിന്റല്‍ നെല്ലു നഷ്ടമായി. 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറഞ്ഞു. ജില്ലാ കൃഷി ഓഫിസറും പായിപ്പാട് പഞ്ചായത്ത് കൃഷി ഓഫിസറും മറ്റു ഉദ്യോഗസ്ഥരും പാടശേഖരം സന്ദര്‍ശിച്ചു. തലയോലപ്പറമ്പ്: മഴ വെള്ളൂരില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ നാശം. വാര്‍ഡിലെ പ്രധാന റോഡായ വൈപ്പേല്‍-പള്ളിക്കുന്ന് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഗതാഗതം ഭാഗികമായി നിലച്ചു. മഴ ശക്തമാവുമ്പോള്‍ റോഡിന്റെ ഭാഗം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു. മൂന്നാം വാര്‍ഡിലെ പത്തര ഏക്കറോളം നെല്‍പ്പാടം വെള്ളത്തിലാണ്. തോട്ടത്തില്‍ ബിനോയിയുടെ ഒന്നര ഏക്കറോളം വരുന്ന ചോളം, പച്ചക്കറി കൃഷികള്‍ വെള്ളത്തില്‍ പൂര്‍ണമായി നശിച്ചു. ഒരാഴ്ചക്കുള്ളില്‍ വിളവെടുക്കാന്‍ പാകമായി നിന്ന 250ലധികം ചോളച്ചുവടുകളാണ് ചീഞ്ഞുപോയത്. പയര്‍, വെണ്ട, വെള്ളരി, കുമ്പളം കൃഷിയും നശിച്ചു. മേവെള്ളൂര്‍ പാടശേഖരങ്ങളിലേക്ക് മൂവാറ്റുപുഴയാറില്‍ നിന്നും വെള്ളം കയറ്റിയിറക്കാന്‍ കുഞ്ഞിരാമന്‍ സ്‌കൂളിനു സമീപം സ്ഥാപിച്ചിരിക്കുന്ന ചീപ്പ് യഥാസമയം അടക്കാതെ വന്നതാണ് കൃഷിനാശത്തിന്റെ പ്രധാന കാരണം. ചീപ്പിന്റെ കാര്യങ്ങള്‍ ഏല്‍പിച്ചിരിക്കുന്ന പാര്‍ട്ട്‌ടൈം ജീവനക്കാരന്‍ യഥാസമയത്ത് എത്തിയില്ല. പ്രകോപിതരായ കര്‍ഷകര്‍ കഴിഞ്ഞ ദിവസം നേരിട്ടെത്തിയാണ് ചീപ്പ് അടച്ചത്. ഇന്നലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകനും മുന്‍ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ബിനോയ് തോട്ടത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും വെള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കി. എന്നാല്‍ കരാര്‍ ജീവനക്കാരന്‍ കൃത്യവിലോപം നടത്തിയിട്ടുണ്ടെങ്കില്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.വൈക്കം: അപ്പര്‍ കുട്ടനാടന്‍ മേഖലയായ വെച്ചൂര്‍ പഞ്ചായത്തിലെ കര്‍ഷകരാണ് ശക്തമായ മഴ വന്നതോടെ ആശങ്കയിലായത്. അരികുപുറം, വലിയവെളിച്ചം, അച്ചിനകം, തുടങ്ങി മുന്നൂറോളം ഏക്കറിലെ നെല്‍കൃഷി വിളവെടുപ്പിന് രണ്ടാഴ്ച ഉള്ളപ്പോഴാണ് അപ്രതീക്ഷിതമായി ശക്തമായ മഴയെത്തിയത്. ഇതോടെ നെല്ല് വെള്ളത്തിനടിയിലായി. വിതച്ച് 120 ദിവസം കഴിഞ്ഞ നെല്ല് രണ്ടാഴ്ചയ്ക്കകം വിളവെടുക്കാന്‍ തക്ക പ്രായത്തില്‍ നില്‍ക്കുന്നത്. 160 ല്‍പരം കൃഷിക്കാര്‍ അരികുപുറം, വലിയ വെളിച്ചം പാടശേഖരങ്ങളില്‍ കൃഷി ഇറക്കിയിട്ടുണ്ട്. ഏക്കറിന് 30,000 രൂപയോളം കൃഷിക്കുവേണ്ടി ചെലവായ പാടശേഖരങ്ങളാണ് ഇവയെല്ലാം. ബാങ്ക് വായ്പയും പലിശയ്ക്കു പണം വാങ്ങിയുമാണ് സാധാരണക്കാരായ കര്‍ഷകര്‍ ഇവിടെ കൃഷി ഇറക്കിയിരിക്കുന്നത്. കാറ്റും മഴയും തുടര്‍ന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ഈ കൃഷി വെള്ളത്തിനടിയില്‍ ആകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ബന്ധപ്പെട്ട കൃഷി അധികാരികള്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നതണ്് കര്‍ഷകരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss