|    Sep 20 Wed, 2017 11:55 pm

മഴക്കാലപൂര്‍വ ശുചീകരണ ഫണ്ട് വിനിയോഗം: സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്ന്  മന്ത്രി കെ ടി ജലീല്‍

Published : 31st May 2016 | Posted By: SMR

മലപ്പുറം: ആരോഗ്യ സുരക്ഷയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മതയോടെ നടപ്പാക്കേണ്ടത് അനിവാര്യമായതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സോഷല്‍ ഓഡിറ്റിന് വിധേയമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മഴക്കാലപൂര്‍വ – കാലവര്‍ഷക്കെടുതി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഓരോ ഘട്ടത്തിലേയും പുരോഗതി വിലയിരുത്തുന്നതിനായി അതത് മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ യോഗങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വാര്‍ഡുതല ശുചിത്വ സമിതികള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യ(എന്‍എച്ച്എം)വും ശുചിത്വ മിഷനും 10,000 രൂപ വീതം നല്‍കുന്നുണ്ട്. ഇതു കൂടാതെ 5,000 രൂപ പഞ്ചായത്ത്-നഗരസഭകളുടെ തനത് ഫണ്ടില്‍ നിന്നോ പ്ലാന്‍ ഫണ്ടില്‍ നിന്നോ ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്നോ വിനിയോഗിക്കാം. ശുചീകരണത്തിനായി ബജറ്റില്‍ പ്രത്യേക പദ്ധതി ആവശ്യമില്ല. എന്‍എച്ച്എമ്മിന്റെ ഒഴികെ മറ്റ് രണ്ടു ഫണ്ടുകളും ഒരു വാര്‍ഡില്‍ ആവശ്യമില്ലെങ്കില്‍ പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളില്‍ വിനിയോഗിക്കാം. ജനപ്രതിനിധികളുടെ താല്‍പര്യവും ചടുലതയുമാണ് ഉദ്യോഗസ്ഥരെ കര്‍മോല്‍സുകരാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന നല്ല ഭരണകര്‍ത്താക്കളുണ്ടെങ്കില്‍ മാത്രമേ നല്ല ഉദ്യോഗസ്ഥരും പൗരന്‍മാരുമുണ്ടാവു. ഇതെല്ലാം പരസ്പരം പൂരകങ്ങളാണ്. പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു പാരസ്പര്യം അനിവാര്യമാണ്. കക്ഷിരാഷ്ട്രീയഭേദം കൂടാതെ സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സജ്ജരാവണമെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച ഒന്നരകോടി വിനിയോഗിക്കുന്നത് സംബന്ധിച്ച വിശദ വിവരം എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് കൈമാറാനും മന്ത്രി നിര്‍ദേശിച്ചു.  മഴക്കാലപൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍ തയ്യാറാക്കിയ ഹ്രസ്വ ചിത്രവും പ്രദര്‍ശിപ്പിച്ചു.  മലപ്പുറം കോട്ടപ്പടി ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എംഎല്‍എമാരായ പി ഉബൈദുള്ള, ടിവി ഇബ്രാഹിം, പിവി അന്‍വര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമര്‍ ഫാറൂഖ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് മുരളീധരന്‍പിള്ള, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ടിപി ഹൈദരാലി എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക