|    Dec 14 Fri, 2018 3:25 am
FLASH NEWS

മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു

Published : 24th May 2018 | Posted By: kasim kzm

ഹരിപ്പാട്: നിപ്പാവൈറസ് മൂലം സംസ്ഥാനത്ത് മരണങ്ങളും ആശങ്കകളും വ്യാപകമായിരിക്കെ  മഴക്കാല പൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വഴി ഇനിയും ആരംഭിച്ചിട്ടില്ല. കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പാടശേഖരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പുരയിയിടങ്ങളില്‍ ഇതിനകം തന്നെ കൊതുകുകളുടേയും കൂത്താടികളുടേയും കേന്ദ്രങ്ങളായി  മാറിക്കഴിഞ്ഞു.
പല പാതയോരങ്ങളും കാടുപിടിച്ച്  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു കിടക്കുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി പാതയോര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ വര്‍ഷ കാലാരംഭത്തിന് മുമ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമായിരുന്നു. എന്നാല്‍ അതും അനന്തമായി നീളുകയാണ്. ആരോഗ്യ മേഖലയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ആശാ വര്‍ക്കര്‍മാര്‍ വഴി മഴക്കാലപൂര്‍വ പ്രതിരോധ ബോധവല്‍ക്കരണവും മുമ്പ് നടന്നിരുന്നെങ്കില്‍ അതും നിലച്ചമട്ടാണ്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ തുക അനുവദിച്ചും ശുചീകരണം ഉള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ എടുക്കുമായിരുന്നു. തൊഴിലാളികളെ ഉപയോഗിച്ച് ഗ്രാമീണ പാതയോരങ്ങള്‍  ശുചീകരിക്കുക. ഗ്രാസ് കട്ടര്‍ ഉപയോഗിച്ച് കുറ്റിക്കാടുകള്‍ വെട്ടുക, കൊതുകു നശീകരണികള്‍ തളിക്കുക,  ഫോഗിങ് നടത്തുക, ക്ലോറിനേഷന്‍  ഇവയൊക്കെ പ്രതിരോധ  പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു.
എന്നാല്‍ ഇവയൊക്കെ അ ല്‍പാല്‍പമായി നിലച്ചു വരുന്ന സാഹചര്യമാണുള്ളത്. ജലാശയങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വര്‍ഷകാലമരംഭിക്കുന്നതോടെ ജലജന്യ സാംക്രമിക രോഗ ബാധ കൂടുതലാകും. തരിശു പാടങ്ങളില്‍ മലിനജലം കെട്ടിക്കിടക്കുന്നത്  എലിപ്പനിയുള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും.  എടത്വ, ചെറുതന, വീയപുരം പ്രദേശങ്ങളില്‍ എലിപ്പനി മരണങ്ങള്‍ മുമ്പ് റിപോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ തരിശു നിലങ്ങള്‍ ശുചിയാക്കി കൃഷിയോഗ്യമാക്കി മലിനജലം കെട്ടിക്കിടക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാലെ കൂട്ടി നടപ്പിലാക്കണം.
സാംക്രമീക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അര്‍ഥമില്ല.  സമീപ പഞ്ചായത്തുകളിലൊന്നും  മഴക്കാല പൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കോ ബോധവല്‍കരണ ക്ലാസുകള്‍ക്കോ തുടക്കം കുറിച്ചിട്ടില്ലെന്നതാണ് ലഭിക്കുന്ന വിവരങ്ങള്‍. വര്‍ഷകാലം നേരത്തെ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ഇപ്പോള്‍ തന്നെ സമയം അതിക്രമിച്ചു കഴിഞ്ഞു. അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
നവ മാധ്യമങ്ങളില്‍
വന്നത്
അടിസ്ഥാനമില്ലാത്ത വാര്‍ത്ത
ആലപ്പുഴ: ആര്‍ടിഒ ആലപ്പുഴയുടെ ഔദ്യോഗിക മേല്‍വിലാസത്തില്‍ ലൈസന്‍സിനെപ്പററിയുള്ള ഒരു വ്യാജ വാര്‍ത്ത ചില നവ മാധ്യമങ്ങളില്‍ വന്നത് അടിസ്ഥാനരഹിതമാണെന്ന് ആര്‍ടിഒ അറിയിച്ചു. ലൈസന്‍സിനെ സംബന്ധിച്ച പ്രത്യേക അറിയിപ്പുകള്‍ ഒന്നും തന്നെ ആര്‍ടിഒ ഓഫിസില്‍ നിന്നും ഔദ്യോഗികമായി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss