|    Oct 19 Fri, 2018 8:24 am
FLASH NEWS

മഴക്കാലം ആഘോഷമാക്കി മീന്‍പിടിത്ത സംഘങ്ങള്‍ സജീവം

Published : 22nd September 2017 | Posted By: fsq

 

പൊന്നാനി: മഴക്കാലം ആഘോഷമാക്കി കായലുകളും തോടുകളും കേന്ദ്രീകരിച്ച് വലയെറിഞ്ഞ് മീന്‍ പിടിക്കുന്ന സംഘങ്ങള്‍ സജീവമായി. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ധാരാളം മഴ ലഭിച്ചതും,തോടുകളും,കായലുകളും നിറഞ്ഞു കവിയുകയും ചെയ്തതോടെയാണ് ചെറുമീനുകള്‍ തേടി മീന്‍ പിടുത്ത സംഘങ്ങള്‍ കായലോരങ്ങളിലും തോടരികുകളിലും സജീവമായത്. വയലുകളും,കുളങ്ങളും കേന്ദ്രീകരിച്ച് ചൂണ്ടയും,കുരുത്തിയും ഉപയോഗിച്ച് കായല്‍മീന്‍ പിടിക്കുന്ന ചെറുസംഘങ്ങളും വയലോരങ്ങളില്‍ സജീവമാണ്. കാലവര്‍ഷം തകര്‍ത്തു പെയ്ത—തോടെ വയലുകളും കായലുകളും,പുഴകളും അടുത്തൊന്നും ഇല്ലാത്ത രീതിയില്‍ നിറഞ്ഞൊഴുകിയപ്പോഴാണ് പഴയകാല പ്രതാപങ്ങളെ തൊട്ടുണര്‍ത്തി വലയെറിഞ്ഞും ചൂണ്ടയിട്ടും വയലോരങ്ങളില്‍ ചെറു സംഘങ്ങള്‍ എത്തി തുടങ്ങിയത്.വീട്ടാവശ്യത്തിന് കായല്‍ മല്‍സ്യങ്ങള്‍ തേടിയെത്തുന്ന സംഘങ്ങളില്‍ ചിലര്‍ക്ക് ചാകരയും ലഭിക്കാറുണ്ട്. കോലാന്‍,പരല്‍ എന്നിവയാണ് വലയെറിയുന്നവര്‍ക്ക് ധാരാളമായി ലഭിക്കുന്നത്. കോലാന് വിപണിയില്‍ 400 രൂപ വരെ വില ലഭിക്കുന്നതുകൊണ്ട് വിപണി ലക്ഷ്യമിട്ട് ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ധാരാളം ആളുകള്‍ വലയെറിയാനായി എത്തുന്നുണ്ട്. കായല്‍ നിറഞ്ഞ് വിലപിടിപ്പുള്ള കട്‌ല,കരിമീന്‍,അടക്കമുള്ള വളര്‍ത്തുമല്‍സ്യങ്ങള്‍ തോടുകളില്‍ എത്തുന്നതും വലയെറിയുന്നവര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. വയലോരങ്ങളിലെയും,തോടരികുകളിലെയും മല്‍സ്യബന്ധനം കാണാനും,ധാരാളം ആളുകള്‍ എത്തുന്നു. ബിയ്യം കായലിനോട് ചേര്‍ന്നും ചമ്രവട്ടം പാലത്തോടു ചേര്‍ന്നും നിരവധിയാളുകളാണ് മീന്‍ പിടിക്കാന്‍ എത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss