|    Nov 16 Fri, 2018 12:54 pm
FLASH NEWS
Home   >  Kerala   >  

മഴക്കടുതി; കണ്ണൂരില്‍ 633പേര്‍ ക്യാംപില്‍: 200ലേറെ വീടുകള്‍ തകര്‍ന്നു

Published : 13th August 2018 | Posted By: sruthi srt

കോഴിക്കോട്: ഉരുള്‍പൊട്ടലും മലവെള്ളവും ദുരിതം വിതച്ച കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ 198 കുടുംബങ്ങളിലായി 633 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലയില്‍ ആകെ 205 വീടുകള്‍ക്ക് നാശം സംഭവിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇതില്‍ 21 വീടുകള്‍ പൂര്‍ണമായും 184 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇരിട്ടി താലൂക്കിലെ 18 വീടുകള്‍ പൂര്‍ണമായും 64 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തളിപറമ്പ് താലൂക്കില്‍ 3 വീടുകള്‍ പൂര്‍ണമായും 120 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ മുന്നൂറോളം വീടുകള്‍ ഇപ്പോഴും വെള്ളം കയറിയ നിലയിലാണ് . അയ്യങ്കുന്ന്, നുച്യാട്, വയത്തൂര്‍, ചാവശ്ശേരി, കോളാരി, വിളമന, കേളകം, ആറളം, ഇരിക്കൂര്‍, കൊട്ടിയൂര്‍, എരിവേശ്ശി, ചെങ്ങളായി, ഉളിക്കല്‍ വില്ലേജുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. എരിവേശ്ശി, ഉളിക്കല്‍, കേളകം, അയ്യങ്കുന്ന് വില്ലേജുകളിലുണ്ടായ മണ്ണിടിച്ചിലില്‍ 5266840 രൂപയുടെ കൃഷി നശിച്ചു.
തളിപറമ്പ താലൂക്കിലെ ക്യാമ്പുകള്‍ ഉച്ചയോടെ പിരിച്ചുവിട്ടു. ഇരിട്ടി താലൂക്കിലെ അയ്യങ്കുന്ന് വില്ലേജിലെ കച്ചേരിക്കടവ് സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂള്‍ (37 പേര്‍), കൊട്ടിയൂര്‍ വില്ലേജ് അമ്പായത്തോട് സെന്റ് ജോര്‍ജ് യു.പി സ്‌കൂള്‍ (207 പേര്‍), മാങ്ങോട് നിര്‍മല എല്‍.പി സ്‌കൂള്‍ (122 പേര്‍), വയത്തൂര്‍ വില്ലേജിലെ വിവിധ വീടുകളിലായി അറബിക്കുളം (18 പേര്‍), കോളിത്തട്ട് (40 പേര്‍), പീടികക്കുന്ന് (34 പേര്‍),അയ്യങ്കുന്ന് മുണ്ടയാം പറമ്പ് ദേവസ്വം എല്‍.പി സ്‌കൂള്‍(46), ആറളം ഫാം അങ്കണവാടി(110), കൊട്ടിയൂര്‍ വില്ലേജിലെ ചുങ്കകുന്ന് ഗവ.യു പി സ്‌കൂള്‍(19) എന്നിവിടങ്ങളിലാണ് ക്യാമ്പ് ഉള്ളത്. ഇരിട്ടി വള്ളിത്തോട് പിഎച്ച്‌സി കെട്ടിടത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് പ്രവര്‍ത്തനം സമീപ കെട്ടിടത്തിലേക്ക് മാറ്റി. വയത്തൂര്‍ വില്ലേജിലെ കോളിത്തട്ട് മാട്ടറയില്‍ മലയിടിച്ചിലിനെ തുടര്‍ന്ന് വലിയ പാറക്കെട്ടുകള്‍ ഏത് സമയത്തും താഴേക്ക് പതിക്കാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ഭാഗത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാന്‍ ഇരിട്ടി തഹസില്‍ദാര്‍ കെ. കെ ദിവാകരന്‍ നിര്‍ദ്ദേശം നല്‍കി. 80 സൈനികര്‍ ഈ മേഖലയില്‍ സജീവമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മൂന്ന് ഡോക്ടര്‍മാരും അഞ്ച് നഴ്‌സുമാരും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് മരുന്നുകള്‍ വിതരണം ചെയ്തു.
ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സായ വളപട്ടണം പുഴ മല്‍മ്യാര മേഖലയിലെ ഉരുള്‍പൊട്ടലും മലവെള്ളവും കാരണം കലങ്ങിയതിനാല്‍ പമ്പിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനാല്‍ കണ്ണൂര്‍, പെരളശ്ശേരി, കൊളച്ചേരി ശുദ്ധജലവിതരണ പദ്ധതികള്‍ വഴിയുള്ള ജല വിതരണം മുടങ്ങിയിരിക്കുകയാണെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss