|    Oct 20 Fri, 2017 5:28 am

മള്‍ട്ടി ജി പി കുടിവെള്ള പദ്ധതി അന്തിമ ഘട്ടത്തിലേക്ക്

Published : 17th July 2016 | Posted By: SMR

വേങ്ങര: മൂന്ന് പഞ്ചായത്തുകളിലെ ശുദ്ധജല പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമാകുന്ന ഊരകം, വേങ്ങര, പറപ്പൂര്‍ മള്‍ട്ടി ജി പി കുടിവെള്ള പദ്ധതി നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തിലേക്ക്. പമ്പിങ് ലൈനിന്റെ ജോലികള്‍ പൂര്‍ത്തിയായി. ടാങ്ക്, ട്രീറ്റ്‌മെന്റ് പ്ലാന്റ്, വിതരണ ലൈന്‍ എന്നിവയുടെ ജോലികള്‍ അതി വേഗം പുരോഗമിക്കുന്നു. നവമ്പറിനകം പൂര്‍ത്തികരിച്ച് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യംവക്കുന്നത്. ഇതിനായി യുദ്ധകാലാടിസ്ഥാനത്തി ല്‍ ജോലികള്‍ നടന്നു വരുന്നു.
തുടക്കത്തില്‍ വേങ്ങര, ഊരകം, പറപ്പൂര്‍ പഞ്ചായത്തുകളിലെ 7200 കുടുംബങ്ങളിലെ 35000 പേര്‍ക്കാണ് ഗുണം ലഭിക്കുക. തുടര്‍ന്ന് ഒന്നേക്കാല്‍ ലക്ഷം ജനങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും. ഇതിനായി ചേറൂര്‍ റോഡില്‍ മിനി പ്രദേശത്ത് 35 മീറ്റര്‍ നീളത്തിലും 27 മീറ്റര്‍ വീതിയും 30 ലക്ഷം ലിറ്റര്‍ ശേഷിയിമുള്ള ടാങ്കും പ്രതിദിനം 110 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന ട്രീറ്റ്‌മെന്റ്പ്ലാന്റും തയ്യാറായി.
പറപ്പൂര്‍ കല്ലക്കയം തൊട്ട് ടാങ്ക് വരെയുള്ള 6 കിലോമീറ്റര്‍ പമ്പിംഗ്‌ലൈന്‍ സ്ഥാപിക്കല്‍ ജോലികളും ഇതിനകം പൂര്‍ത്തികരിച്ചു. വിവിധ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന 265 കിലോമീറ്ററോളം വരുന്ന വിതരണ ലൈനിന്റെ പണികളാണിനി പൂര്‍ത്തികരിക്കാനുള്ളത്.
ഇതിനായി ഗ്രാമീണ റോഡുകളിലടക്കം കുഴിയെടുക്കുന്ന ജോലികള്‍ 24 മണിക്കൂര്‍ നടന്നുവരുന്നു.
ജല വകുപ്പും ജലനിധിയും സംയുക്തമായിട്ടാണ് 32 കോടി രൂപ ചെലവില്‍ മള്‍ട്ടി ജിപി പദ്ധതി നടപ്പാക്കുന്നത്. ജലമെടുക്കുന്നതിനായി കടലുണ്ടി പുഴയില്‍ പറപ്പൂര്‍ കല്ലക്കയത്ത് സ്ഥിരം തടയണയും നിര്‍മിച്ചിട്ടുണ്ട്. വേങ്ങര പഞ്ചായത്തു പ്രതിനിധികളും ജലവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നിര്‍മാണ ജോലികള്‍ വിലയിരുത്തി.
പ്രസിഡന്റ് വി കെ കുഞ്ഞാലന്‍കുട്ടി, കെ കെ കദീജാബി, കെ പി ഫസല്‍, കെ കെ മന്‍സൂര്‍, പറങ്ങോടത്ത് അബ്ദുല്‍അസീസ്, സെക്രട്ടറി ആര്‍ പി ഉണ്ണികൃഷ്ണന്‍, സി ലക്ഷമണന്‍, ജലവകുപ്പ് എഎക്‌സ്ഇ പറമ്പന്‍ ഷംസുദ്ധീന്‍, എഇഒമാരായ കെ യൂസഫ്, അഷ്‌റഫ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക