|    Jan 24 Tue, 2017 4:40 am

മല്‍സ്യ കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍

Published : 11th July 2016 | Posted By: SMR

മാനന്തവാടി: ജില്ലയില്‍ മല്‍സ്യകര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഉല്‍പാദനച്ചെലവ് വര്‍ധന, കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച, പ്രകൃതിക്ഷോഭം, വന്യമൃഗശല്യം എന്നിവ കാരണം മറ്റു കൃഷികളില്‍ നിന്ന് പിന്തിരിഞ്ഞ കര്‍ഷകരാണ് താരതമ്യേന ചെലവ് കുറഞ്ഞതും നല്ല വിളവ് ലഭിക്കുന്നതുമായ മല്‍സ്യകൃഷിയിലേക്ക് തിരിഞ്ഞത്.
2009ലാണ് സംസ്ഥാന സര്‍ക്കാര്‍ മല്‍സ്യകൃഷി പ്രോല്‍സാഹനത്തിന്റെ ഭാഗമായി മല്‍സ്യകേരളം പദ്ധതി ആരംഭിച്ചത്. 2012 മുതല്‍ പദ്ധതിയുടെ പേര് മല്‍സ്യസമൃദ്ധി എന്നാക്കി. 2005 മുതല്‍ മല്‍സ്യസമൃദ്ധിയുടെ രണ്ടാം ഘട്ടമാണ് നടപ്പാക്കുന്നത്. 2013-14 വര്‍ഷത്തില്‍ ജില്ലയില്‍ 3,900ത്തോളം കര്‍ഷകരും 200 ഹെക്റ്റര്‍ സ്ഥലത്ത് മല്‍സ്യകൃഷിയും ഉണ്ടായിരുന്നത് 2015-16ല്‍ 4,136 കര്‍ഷകരും 225 ഹെക്റ്റര്‍ സ്ഥലത്ത് കൃഷിയുമായി. 2016ല്‍ 5,066 മല്‍സ്യകര്‍ഷകര്‍ 240 ഹെക്റ്റര്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു.
മീനങ്ങാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ മല്‍സ്യകര്‍ഷകര്‍ ഉള്ളത്. 12 ഹെക്റ്ററിലായി 300ഓളം കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. തിരുനെല്ലി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷിയുള്ളത്. സെന്റിന് രോഹു, കട്‌ല, ചെമ്പല്ലി, ഗ്രാസ്‌കാര്‍പ്പ് എന്നിങ്ങനെ 40 മല്‍സ്യക്കുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പ് സൗജന്യമായി നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് കരിമീന്‍ കുഞ്ഞുങ്ങളെയും ഇപ്പോള്‍ നല്‍കിവരുന്നു.
കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും മറ്റ് സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി മുഴുവന്‍ പഞ്ചായത്തുകളിലും ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മല്‍സ്യകര്‍ഷക ക്ലബ്ബുകളും ആരംഭിച്ചിട്ടുണ്ട്. മാനന്തവാടി, പനമരം, നെന്‍മേനി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ക്ലബ്ബുകള്‍ സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിളവെടുക്കുന്ന മല്‍സ്യം കര്‍ഷകര്‍ പ്രാദേശിക വിപണികള്‍ വഴിയാണ് വിറ്റഴിക്കുന്നത്. ഫിഷറീസ് വകുപ്പിലെ കോ-ഓഡിനേറ്റര്‍മാരുടെ സഹായവും ഇതിനായി ലഭിക്കുന്നു. കര്‍ഷകരുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുമ്പോഴും കൃഷിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
കുളം നിര്‍മിക്കുന്നതിന് സെന്റിന് 368 രൂപ മാത്രമാണ് സബ്‌സി ഡി. നാമമാത്രമായ ഈ തുക വര്‍ധിപ്പിക്കണമെന്നു കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. കുടാതെ മല്‍സ്യങ്ങള്‍ക്കുള്ള തീറ്റ, വിളവെടുപ്പിന് ആവശ്യമായ വെള്ളം വറ്റിക്കുന്നതിനുള്ള ചെലവ്, കൂട എന്നിവയ്ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം. മല്‍സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഇന്നു ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ആദരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക