|    Dec 16 Sun, 2018 11:47 am
FLASH NEWS

മല്‍സ്യോല്‍സവത്തിന് തുടക്കമായി : നാലുവര്‍ഷത്തിനുള്ളില്‍ തീരമേഖലയില്‍ എല്ലാവര്‍ക്കും വീട് – മുഖ്യമന്ത്രി

Published : 28th May 2017 | Posted By: fsq

 

കൊല്ലം: ഈ സര്‍ക്കാരിന്റെ കാലത്ത് തീരമേഖലയില്‍ എല്ലാവര്‍ക്കും വീട് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കൊല്ലം പീരങ്കി മൈതാനയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള മല്‍സ്യോല്‍സവും മല്‍സ്യ അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2010 ല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് സര്‍വേയില്‍ തീരദേശത്ത് 12850 മല്‍സ്യത്തൊഴിലാളികള്‍ ഭൂരഹിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനോടകം 192 വീടുകള്‍ ഉള്‍പ്പെട്ട കെട്ടിട സമുച്ചയ നിര്‍മാണം തിരുവനന്തപുരം മുട്ടത്തറയില്‍ ആരംഭിച്ചു കഴിഞ്ഞു. വിവിധ ജില്ലകളില്‍ ഇത്തരം പദ്ധതിക്ക് ഭൂമി കണ്ടെത്തുന്ന പ്രവര്‍ത്തനം ത്വരിതഗതിയില്‍ പുരോഗമിച്ചു വരികയാണ്. തീരദേശത്ത് കടലാക്രമണ ഭീക്ഷണിയില്‍ വേലിയേറ്റ മേഖലയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ 24454 കുടുംബങ്ങള്‍ അധിവസിക്കുന്നുണ്ട്. തീരദേശ നിയന്ത്രണ നിയമപ്രകാരം ഭവന നിര്‍മാണത്തിന് പോലും അനുമതി കിട്ടാത്ത ഇവരെ സുരക്ഷിത സ്ഥാത്തേക്ക് മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. അവരുടെ താല്‍പര്യം കൂടി കണക്കിലെത്തായിരിക്കും മാറ്റിപ്പാര്‍പ്പിക്കുക.  ഇതിനായി സര്‍ക്കാര്‍ 2017— – 18 വര്‍ഷം 150 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.ഭൂമിയില്ലാത്തും വീടില്ലാത്തും ആരോഗ്യപ്രശ്‌നങ്ങളും വിദ്യാഭ്യാസ മേഖലിയിലെ കുറവുകളുമടക്കമുള്ളവയെല്ലാം പരിഹരിക്കപ്പെടുന്നതിന് ഉപകരിക്കുന്ന വികസന പരിപാടിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഇതോടൊപ്പം മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിന് മികച്ച വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തും. തീരദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥന സൗകര്യം വര്‍ധിപ്പിക്കുന്നതിനും മേഖലാ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌ക്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും നടപടി സ്വീകരിച്ചുകഴിഞ്ഞു. മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം യഥാസമയം ലഭിക്കുന്നതിനായി  ഇ-ഗ്രാന്റ്‌സ്, തീരദേശ സാക്ഷരത വര്‍ധിപ്പിക്കുവാന്‍ അക്ഷര സംഗമം, തീരദേശത്തെ സ്‌കൂളുകളില്‍ 40 സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, 20 സ്‌കൂളുകളില്‍ ശുചിത്വമുള്ള അടുക്കള, 50 സ്‌കൂളുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ്, സ്‌കൂളുകളുടെ മറ്റ് അടിസ്ഥാന സൗകര്യ വികസനം എന്നിവ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. 12 ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 28 കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചു. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ജലാശയങ്ങളും വൃത്തിയാക്കി സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കും. ഇവിടങ്ങളില്‍ മല്‍സ്യകൃഷി വ്യാപിപ്പിച്ചും ഉല്‍പാദനം ഇരട്ടിയാക്കി വര്‍ധിപ്പിക്കും. ശുദ്ധമായ മല്‍സ്യം വീട്ടുമുറ്റത്ത് ഉല്‍പാദിപ്പിക്കുന്നതിന് ഉതകുന്ന പ്രദര്‍ശനത്തോട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.മല്‍സ്യവിപണനം, മല്‍സ്യ സംസ്‌കരണം, മൂല്യ വര്‍ധിത ഉല്‍പന്ന നിര്‍മാണം തുടങ്ങിയ മേഖലകളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ ശാക്തീകരണവും നൈപുണ്യവികസനവുമാണ് തീരമൈത്രിയിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളി സംഘങ്ങള്‍ക്കുള്ള വായ്പാ ധനസഹായവും മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുമുള്ള ധനസഹായവും ഉള്‍പ്പെടെ 20 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. കേരള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി പുറത്തിറക്കിയ കടലറിവുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഒരു വര്‍ഷത്തിനിടയില്‍ മല്‍സ്യമേഖലയില്‍ വിവിധ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കിത്തുടങ്ങുകയും പല ആനുകൂല്യങ്ങളും ഇരട്ടിയാക്കി വര്‍ധിപ്പിക്കുകയും ചെയ്തതായി  ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള കടല്‍സുരക്ഷാ ഉപകരണങ്ങളുടെ വിതരണം മന്ത്രി നിര്‍വഹിച്ചു.തീരമൈത്രി സംഗമത്തിന്റെ ഉദ്ഘാടനം മേയര്‍ വി രാജേന്ദ്രബാബവും, മല്‍സ്യോല്‍സവത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനം കെ സോമപ്രസാദ് എംപിയും ഇ-ഗ്രാന്‍സ് പദ്ധതി എം നൗഷാദ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, എന്‍ വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, എഡിഎം ഐ അബ്ദുല്‍ സലാം, മുന്‍ എംഎല്‍എ എ യൂനുസ് കുഞ്ഞ്, ഫിഷറീസ് വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, അഡീഷനല്‍ ഡയറക്ടര്‍ കെ എം ലതി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss