|    Jul 26 Wed, 2017 2:26 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മല്‍സ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ സിഎംഎഫ്ആര്‍ഐ പദ്ധതി

Published : 2nd October 2016 | Posted By: SMR

കൊച്ചി: കടലില്‍ നിന്നു മീനുകള്‍ ലഭിക്കുന്നതില്‍ കുറവു വന്നതുമൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ മല്‍സ്യോല്‍പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സമുദ്രകൃഷി ജനകീയമാക്കുന്നു. സമുദ്ര കൂടുകൃഷി, സാങ്കേതികവിദ്യകളുടെ വികസനം, കര്‍ഷക സൗഹൃദ വിത്തുല്‍പാദന കേന്ദ്രങ്ങളുടെ വികസനം, വാണിജ്യപ്രധാന മീനുകളുടെ വിത്തുല്‍പാദനം തുടങ്ങിയവയിലൂടെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും സമുദ്രകൃഷി ജനകീയമാക്കാനാണ് സിഎംഎഫ്ആര്‍ഐയുടെ പദ്ധതി.
രാജ്യത്ത് സമുദ്രകൃഷി വിപുലപ്പെടുത്തുന്നതിന് സിഎംഎഫ്ആര്‍ഐ നേതൃത്വം നല്‍കുന്ന ഓള്‍ ഇന്ത്യ നെറ്റ്‌വര്‍ക് പ്രൊജക്റ്റിന്റെ അവലോകനയോഗത്തിലാണ് അടുത്ത വര്‍ഷം നടപ്പാക്കേണ്ട പദ്ധതിക്കു രൂപം നല്‍കിയത്. 42 കോടി രൂപയാണു ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലില്‍ ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സെന്ററുകളുടെ പങ്കാളിത്തത്തോടെയാണ് സിഎംഎഫ്ആര്‍ഐ ഈ പ്രൊജക്റ്റ് നടപ്പാക്കുന്നത്. സമുദ്രകൃഷിയില്‍ നിലവിലുള്ള വാണിജ്യപ്രധാനമായ മല്‍സ്യങ്ങളായ മോത, കാളാഞ്ചി, വളവോടി എന്നിവയ്ക്കു പുറമെ, മറ്റു പുതിയ മല്‍സ്യങ്ങളുടെ കൂടി വിത്തുല്‍പ്പാദന സാങ്കേതികവിദ്യകള്‍ സിഎംഎഫ്ആര്‍ഐ വികസിപ്പിക്കും.
മല്‍സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ സമുദ്ര കൂടുകൃഷി കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കും. ഇതിനായി, കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന കൃഷിസാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതോടൊപ്പം സമുദ്രകൃഷി ഗവേഷണത്തിനു മാത്രമായി ഒരു മികവിന്റെ കേന്ദ്രവും സ്ഥാപിക്കും.
മല്‍സ്യ കൂടുകൃഷി ജനകീയമാക്കുന്നതിന് ഓരോ പ്രദേശങ്ങളിലെയും സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ മീനുകളെ കണ്ടെത്തുന്നതിന് സര്‍വേ നടത്തും. പുതിയ മീനുകളുടെ വിത്തുല്‍പാദനം നടത്തുന്നതിനായി ഹാച്ചറി സാങ്കേതികവിദ്യ വികസിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
സിഎംഎഫ്ആര്‍ഐ വികസിപ്പിക്കുന്ന കൃഷി സാങ്കേതികവിദ്യകള്‍ യഥാസമയം കര്‍ഷകര്‍ക്കിടയില്‍ ജനകീയമാക്കുന്നതിനു കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് അവലോകനയോഗം ഉദ്ഘാടനം ചെയ്ത ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കടലില്‍ നിന്നുള്ള മല്‍സ്യലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, രാജ്യത്തെ ഭക്ഷ്യമേഖലയെ താങ്ങിനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കാനാവുക സമുദ്രകൃഷിക്കാണ്. തനത് രീതിയില്‍ സിഎംഎഫ്ആര്‍ഐ വികസിപ്പിച്ച സമുദ്ര കൂടുകൃഷി മാതൃക മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇതിനകം പ്രചാരം നേടിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ഏറ്റെടുത്ത് നടത്താവുന്നതാണ് കടല്‍ കൂടുകൃഷി. കൂടുതല്‍ കര്‍ഷകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനു പ്രായോഗികവും കര്‍ഷകസൗഹൃദപരവുമായ സാങ്കേതികവിദ്യകള്‍ സിഎംഎഫ്ആര്‍ഐ വികസിപ്പിക്കുമെന്നും ഡോ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക