|    Feb 22 Wed, 2017 5:36 am
FLASH NEWS

മല്‍സ്യസമ്പത്തിന് ഭീഷണി: 58 ഇനം ചെറുമീനുകളെ കൂടി പിടിക്കുന്നതു നിരോധിക്കും

Published : 8th November 2016 | Posted By: SMR

 

Small fish in a fishing net during harvesting fish

തിരുവനന്തപുരം: മല്‍സ്യസമ്പത്തിന് വന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ശുപാര്‍ശപ്രകാരം 58 ഇനം ചെറുമീനുകളെ കൂടി  പിടിക്കുന്നത് നിരോധിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. നിലവില്‍ 14 ഇനം ചെറുമീനുകളെ പിടിക്കുന്നതിന് മാത്രമേ നിരോധനമുള്ളൂ. നിയമസഭാ സമ്മേളനത്തിനുശേഷം തീരുമാനം കൈക്കൊള്ളുമെന്നും ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭയില്‍ ഹൈബി ഈഡന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. മല്‍സ്യമേഖലാ നിയന്ത്രണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനായി ഫിഷറീസ് ഡയറക്ടര്‍ അധ്യക്ഷനായി സിഎംഎഫ്ആര്‍ഐയിലെ വിദഗ്ധര്‍ അടങ്ങുന്ന സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തും. മല്‍സ്യബന്ധന യാനങ്ങളുടെ വലുപ്പം, വലക്കണ്ണികളുടെ നിയന്ത്രണം അടക്കം സുപ്രധാന വിഷയങ്ങള്‍ സമിതി പരിശോധിക്കും. 17ന് ബോട്ടുടമകളുടെയും തൊഴിലാളികളുടെയും സംയുക്ത യോഗം വിളിക്കും. യാര്‍ഡുകള്‍ക്ക് ലൈസന്‍സില്ലാത്തത് പ്രശ്‌നം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇതിനും ആവശ്യമായ നിയമഭേദഗതി കൊണ്ടുവരും. കാലാവസ്ഥാ വ്യതിയാനം മല്‍സ്യസമ്പത്തിന് കടുത്ത ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യവും വിദഗ്ധസമിതി പരിശോധിക്കും. പുറംകടലില്‍ സംഘര്‍ഷാവസ്ഥയില്ല. ലോറിയില്‍ കയറ്റിക്കൊണ്ടുപോവുന്ന ചെറുമീനുകള്‍ പിടികൂടാന്‍ പോലിസിന്റെ സഹായം തേടുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. രണ്ടു മാസമായി മെച്ചപ്പെട്ട നിലയില്‍ കടലില്‍നിന്നു മീന്‍ ലഭിക്കുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ മുന്‍ഗണനാവിഭാഗത്തില്‍ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തും. ഈ സാഹചര്യത്തില്‍ അവര്‍ക്ക് വറുതി ആശ്വാസ പാക്കേജിന്റെ ആവശ്യമില്ല.
ചെറുമീനുകളെ വ്യാപകമായി പിടിക്കുന്നുണ്ട്. ഇതു മല്‍സ്യസമ്പത്തിനെ ബാധിക്കുന്നു. വളത്തിനും മറ്റുമാണ് ഇത്തരം മീനുകളെ ഉപയോഗിക്കുന്നത്. വളര്‍ച്ചയെത്താത്ത മീനുകളെ പിടിക്കുന്നത് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. 64 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 20.66 ലക്ഷം രൂപ പിഴയിടുകയും പിടിച്ചെടുത്ത മല്‍സ്യം ലേലം ചെയ്ത് 14.32 ലക്ഷം രൂപ ഖജനാവിലേക്ക് അടയ്ക്കുകയും ചെയ്‌തെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയില്ല. പെലാജിക് പേ ട്രോളിങ് വഴി ചെറുമീനുകളെ പിടിക്കുന്നത് പുറംകടലില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് നോട്ടീസ് നല്‍കിയ ഹൈബി ഈഡന്‍ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി ഇത് അവസാനിപ്പിക്കണം.
സംസ്ഥാനത്ത് പിടിക്കുന്ന മല്‍സ്യം പകുതികണ്ട് കുറഞ്ഞു. മൂന്നു വര്‍ഷം കൊണ്ട് 10,000 കോടി രൂപയുടെ നഷ്ടവും തൊഴില്‍നഷ്ടവുമുണ്ടായി. തൊഴില്‍സുരക്ഷ, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയെയൊക്കെ ഇതു ബാധിച്ചു. ഈ സാഹചര്യത്തില്‍ മല്‍സ്യവറുതി പാക്കേജ് പ്രഖ്യാപിക്കണം. കടാശ്വാസ കമ്മീഷന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക