|    Jul 21 Sat, 2018 5:33 am
FLASH NEWS

മല്‍സ്യവും പച്ചക്കറികളും ഒരുപോലെ വിളയുന്ന കൃഷിരീതിയുമായി ബെന്നി

Published : 12th September 2017 | Posted By: fsq

 

പുല്‍പ്പള്ളി: പുനചംക്രമണ മല്‍സ്യകൃഷിയിലൂടെ പുതിയ അധ്യായം തുറന്നിടുകയാണ് പുല്‍പ്പള്ളി കാപ്പിസെറ്റ് സ്വദേശിയായ ബെന്നി ചിറ്റേത്ത്. കാര്‍ഷികവൃത്തി ഇഷ്ടപ്പെടുന്നവര്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ അദ്ഭുതമാവുകയാണ് ബെന്നിയുടെ കൃഷി. അഞ്ചുസെന്റ് സ്ഥലത്ത് മല്‍സ്യകൃഷിയും പച്ചക്കറികൃഷിയും ഒരുപോലെ കൊണ്ടുപോവുന്ന രീതിയാണ് ബെന്നി അവലംബിക്കുന്നത്. ഉള്‍നാടന്‍ മല്‍സ്യകൃഷിയുടെ ഭാഗമായ നൂതന മല്‍സ്യകൃഷിയില്‍ 11 പേരെയാണ് ജില്ലയില്‍ തിരഞ്ഞെടുത്തത്. എന്നാല്‍, പുനചംക്രമണ മല്‍സ്യകൃഷിയില്‍ സംസ്ഥാന മല്‍സ്യവകുപ്പ് ജില്ലയില്‍ തിരഞ്ഞെടുത്ത അഞ്ചുപേരില്‍ ഒരാള്‍ ബെന്നിയായിരുന്നു. ഒരു സെന്റ് സ്ഥലത്ത് 80 മുതല്‍ 120 മല്‍സ്യക്കുഞ്ഞുങ്ങളെയാണ് സാധാരണ മല്‍സ്യകൃഷിയില്‍ നിക്ഷേപിക്കാറുള്ളതെങ്കില്‍ പുനചംക്രമണ മല്‍സ്യകൃഷിയില്‍ 4000 വരെ മല്‍സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കാമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. ഒരു സെന്റ് സീല്‍പോളിന്‍ കുളത്തില്‍ 4000 മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ മല്‍സ്യങ്ങളുടെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി അമോണിയ ഉണ്ടാവുന്നതു തടയാന്‍ 24 മണിക്കൂറും വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്ന രീതിയാണ് ഈ കൃഷിയുടെ പ്രത്യേകത. ഒന്നാം ടാങ്കില്‍ വെള്ളമടിച്ചുകയറ്റി അത് ഫില്‍ട്ടര്‍ ചെയ്ത് രണ്ടാം ടാങ്കിലേക്ക് കടത്തിവിടുകയും പിന്നീട് ആ ടാങ്കില്‍ നിന്ന് മെറ്റല്‍ മാത്രം നിറച്ച പച്ചക്കറി ബെഡിലേക്ക് വെള്ളം പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ വെള്ളം വീണ്ടും മല്‍സ്യക്കുളത്തിലേക്ക് പതിക്കുന്ന രീതിയിലാണ് കൃഷി സജ്ജമാക്കിയിരിക്കുന്നത്. ഒരു മീറ്റര്‍ വീതിയിലും ഒന്നര മീറ്റര്‍ ഉയരത്തിലും 10 മീറ്റര്‍ നീളത്തിലുമുള്ള പച്ചക്കറി ബെഡാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഈ പച്ചക്കറി ബെഡില്‍ മണ്ണിടാതെ മെറ്റലില്‍ ഉറപ്പിച്ചുനിര്‍ത്തി വേരുകള്‍ വെള്ളത്തില്‍ പതിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. ഈ രീതിയില്‍ പച്ചമുളക്, തക്കാളി, കാന്താരി, പൊതിന, സ്‌ട്രോബറി, വഴുതന, പയര്‍, ചീര എന്നിങ്ങനെയുള്ള പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തുവരുന്നത്. മണ്ണില്‍ വിളയുന്നതിന്റെ ഇരട്ടിയോളം വിള കിട്ടുമെന്നതാണ് ഈ കൃഷിരീതിയുടെ ഏറ്റവും വലിയ പ്രത്യേകത. മല്‍സ്യകേരളം പദ്ധതിയുടെ കോ-ഓഡിനേറ്ററായി പ്രവര്‍ത്തിച്ചുപരിചയമുള്ള ബെന്നി കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മല്‍സ്യകൃഷിയില്‍ സജീവമാണ്. മല്‍സ്യകൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഉപദേശം നല്‍കുന്നതിലും ക്ലാസുകളെടുക്കാനും ബെന്നി സമയം ചെലവഴിക്കുന്നുണ്ട്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലയില്‍ ആദ്യകാലത്ത് 75ഓളം മല്‍സ്യകര്‍ഷകര്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 354 ആയി ഉയര്‍ന്നിട്ടുണ്ട്. മല്‍സ്യവകുപ്പില്‍ നിന്നു ലഭിച്ച 4.7 ലക്ഷം രൂപയാണ് പുനചംക്രമണ കൃഷിക്കായി ഉപയോഗപ്പെടുത്തിയത്. ഇതില്‍ 2.35 ലക്ഷം രൂപ സബ്‌സിഡിയാണ്. ഈ കൃഷിരീതി കൂടാതെ സാധാരണരീതിയിലും ബെന്നി മല്‍സ്യകൃഷി നടത്തിവരുന്നുണ്ട്. കട്‌ല, രോഹു, ഗ്രാസ് കാര്‍പ്, അലങ്കാരമല്‍സ്യങ്ങള്‍ തുടങ്ങിയവയാണ് ബെന്നിയുടെ മല്‍സ്യകൃഷിയിലുള്ളത്. പുനചംക്രമണ മല്‍സ്യകൃഷിയില്‍ ഗിഫ്റ്റ് തിലോപ്പിയ എന്ന ഇനമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആറുമുതല്‍ എട്ടുമാസം വരെയാണ് ഈ മല്‍സ്യയിനത്തിന്റെ ശരാശരി വളര്‍ച്ചാകാലം. നിലവില്‍ നാലുമാസം പിന്നിടുമ്പോള്‍ മല്‍സ്യങ്ങള്‍ ഓരോന്നും 200 ഗ്രാം വരെ വളര്‍ന്നുകഴിഞ്ഞു. അഞ്ചുസെന്റ് സ്ഥലത്ത് നാലുസെന്റില്‍ പച്ചക്കറി, ഒരു സെന്റില്‍ മല്‍സ്യകൃഷി എന്നിങ്ങനെയാണ് പുനചംക്രമണ മല്‍സ്യകൃഷിയില്‍ ബെന്നി ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുനചംക്രമണ മല്‍സ്യകൃഷിക്കായി കുളവും ടാങ്കുകളും പച്ചക്കറി ബെഡുകളുമെല്ലാം തയ്യാറാക്കിയത് ബെന്നിയും ഭാര്യ സിനിയും മക്കളായ ബെന്നോയും ബെന്‍സിയും ചേര്‍ന്നായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss