|    Oct 19 Thu, 2017 2:59 pm
FLASH NEWS

മല്‍സ്യലോറിയിടിച്ച് പുതിയതെരുവില്‍ ഹോട്ടല്‍ തകര്‍ന്നു

Published : 6th October 2016 | Posted By: Abbasali tf

കണ്ണൂര്‍: ദിവസങ്ങള്‍ക്കു മുമ്പ് താഴെചൊവ്വയില്‍ ബസ്സിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരിയായ ബിരുദ വിദ്യാര്‍ഥിനി മരണപ്പെട്ടതില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നു വാഹന പരിശോധന കര്‍ശനമാക്കിയെങ്കിലും അപകടങ്ങള്‍ക്ക് അറുതിയില്ല. ഇന്നലെ ജില്ലയില്‍ മൂന്നിടത്താണ് വാഹനാപകടം നടന്നത്. പുതിയതെരുവില്‍ തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. അമിതവേഗതയിലെത്തിയ മല്‍സ്യലോറി നിയന്ത്രണംവിട്ട് ഹോട്ടലിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഹോട്ടല്‍ കെട്ടിടം തകരുകയും ജീവനക്കാരനു പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടം തകര്‍ന്ന് അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. ഇന്നലെ പുലര്‍ച്ചെ പുതിയതെരു ദേശീയപാതയിലാണ് അപകടം. എറണാകുളത്ത് നിന്ന് മല്‍സ്യം കയറ്റി മംഗലാപുരത്ത് പോവുകയായിരുന്ന കെഎല്‍29 8820 മിനിലോറിയാണ് അപകടത്തില്‍പെട്ടത്. റോഡരികിലെ ഇരുമ്പ് വൈദ്യുതി തൂണിലിടിച്ച ലോറി പാലസ് ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പുതിയതെരുവിലെ പി കെ ഹമീദിന്റെ ഉടമസ്ഥയിലുള്ള പാലസ് ഹോട്ടലാണ് തകര്‍ന്നത്. ഹോട്ടലില്‍ കിടന്നുറങ്ങുകയായിരുന്ന ജീവനക്കാരന്‍ പുതിയതെരു പി കെ ഹൗസില്‍ കെ വി കാത്തിമി(76)നാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം വരുത്തിയ മിനിലോറി ഡ്രൈവറെയും ക്ലീനറെയും വളപട്ടണം പോലിസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സാധാരണയായി നിരവധി പേര്‍ സഞ്ചരിക്കുന്ന സ്ഥലമാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക