|    Nov 20 Tue, 2018 4:51 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മല്‍സ്യലേലവും വിപണനവുംനിയന്ത്രിക്കും

Published : 2nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: മല്‍സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മാണം നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച കരടു ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. കേരള മല്‍സ്യലേലം വിപണനം ഗുണനിലവാര പരിപാലനം ആക്റ്റ് എന്നായിരിക്കും നിയമത്തിന്റെ പേര്.
ഫിഷ് ലാന്‍ഡിങ് സെന്റര്‍, ഫിഷിങ് ഹാര്‍ബര്‍, ഫിഷ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മല്‍സ്യലേലം നടത്തുന്നതിന് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് ഭീമമായ കമ്മീഷന്‍ ഇടനിലക്കാരായ ലേലക്കാര്‍ ഈടാക്കുന്നുണ്ട്. അതു പരിഹരിക്കാനാണ് മല്‍സ്യലേലം നിയന്ത്രിക്കുന്നത്. ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, ഹാര്‍ബറുകള്‍ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും വ്യവസ്ഥാപിതവും മെച്ചപ്പെട്ടതുമായ മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഉപഭോക്താവിന്റെ കൈയില്‍ എത്തുന്നതു വരെ മല്‍സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. മല്‍സ്യം കൈകാര്യം ചെയ്യുന്നത് ശുചിത്വപൂര്‍ണമാക്കും. കടലില്‍ നിന്ന് പിടിക്കുന്ന മല്‍സ്യത്തിന് തൊഴിലാളിക്ക് ന്യായവില ഉറപ്പാക്കുന്ന സംവിധാനം കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ട്. മല്‍സ്യലേലത്തില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന വ്യക്തി സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങണം. അനുമതിപത്രത്തില്‍ രേഖപ്പെടുത്തിയ സ്ഥലത്തു മാത്രമേ ലേലം നടത്താവൂ. അനുമതിപത്രത്തിന് മൂന്നു വര്‍ഷമാണ് കാലാവധി.
ഫിഷ് ലാന്‍ഡിങ് സെന്ററുകളുടെ നടത്തിപ്പിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ പ്രതിനിധിയോ അധ്യക്ഷനായി മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കും. മല്‍സ്യബന്ധന ഹാര്‍ബറുകളുടെ നടത്തിപ്പിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കും. പൊതു ഉടമയിലുള്ള എല്ലാ മല്‍സ്യമാര്‍ക്കറ്റുകള്‍ക്കും മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കുന്നതാണ്. മല്‍സ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss