|    Nov 15 Thu, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മല്‍സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച സംഭവം: ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

Published : 9th August 2018 | Posted By: kasim kzm

വൈപ്പിന്‍: മുനമ്പം തീരത്തുനിന്ന് മല്‍സ്യബന്ധനത്തിനു പോയ ഓഷ്യാനിക് എന്ന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒമ്പതു പേരെ ഇന്നലെ നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, തിരച്ചിലില്‍ തകര്‍ന്ന ബോട്ടിന്റെ അവിശിഷ്ടങ്ങള്‍ ലഭിച്ചു. ഹെലികോപ്റ്ററില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ അവിശിഷ്ടങ്ങള്‍ തീരസംരക്ഷണ സേനയുടെ കപ്പലെത്തി വീണ്ടെടുക്കുകയായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ നാവികസേനയും തീരദേശ സംരക്ഷണ സേനയും മല്‍സ്യത്തൊഴിലാളികളും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും കാണാതായവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിരച്ചില്‍ ഇന്നും തുടരും.  ഒരു മലയാളിയടക്കം ഒമ്പതു പേരെയാണ് കണ്ടു കിട്ടാനുള്ളത്. മാല്യങ്കര സ്വദേശി തറയില്‍ പ്രകാശന്റെ മകന്‍ ചീരു എന്ന ഷിജു (45), പശ്ചിമ ബംഗാള്‍ സ്വദേശി ബീബുല്‍ ദാസ് (28), തമിഴ്‌നാട് കുളച്ചില്‍ സ്വദേശികളായ യേശുപാലന്‍ (36), രാജേഷ് കുമാര്‍ (32), ദിനേശ് (23), ഷാലു (24), സഹായ രാജ് (38), പോള്‍സണ്‍ (25), അരുണ്‍ കുമാര്‍ (24) എന്നിവര്‍ക്കു വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്. അപകടം നടന്ന സ്ഥലത്ത് ആദ്യമെത്തിയ മറ്റൊരു ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ ആദ്യദിവസം രണ്ടുപേരെ രക്ഷിച്ചിരുന്നു. തുടര്‍ന്നു നടത്തിയ വിശദമായ തിരച്ചിലില്‍ ലഭിച്ചത് മൂന്നുപേരുടെ മൃതദേഹമായിരുന്നു.
ആദ്യ ദിവസം തിരച്ചില്‍ തുടര്‍ന്നെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. ഇന്നലെ രാവിലെ ഏഴോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. കടലില്‍ മുങ്ങിക്കിടക്കുന്ന ബോട്ട് കെണ്ടത്താന്‍ നാവികസേനയുടെ സഹായം തേടാനുള്ള നടപടികള്‍ കൈക്കൊള്ളാമെന്നു കലക്ടര്‍ ഉറപ്പ് നല്‍കി.
ബോട്ട് മുങ്ങിയിരിക്കുന്നത് തൃശൂര്‍ നാട്ടികയ്ക്ക് പടിഞ്ഞാറ് 28 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ്. 78 മീറ്ററാണ് ഇവിടത്തെ ആഴം. നാവികസേനയുടെ ഐഎന്‍എസ് ജമുന എന്ന കപ്പലും തീരദേശസേനയുടെ മൂന്നു കപ്പലും ഇന്നലെ തിരച്ചിലില്‍ പങ്കാളിയായി. ഇതു കൂടാതെ തീരസംരക്ഷണ സേനയുടെ ഒരു ഹെലികോപ്റ്ററും നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും ഓരോ ഡോര്‍ണിയര്‍ വിമാനവും 30ഓളം മല്‍സ്യബന്ധന ബോട്ടുകളും തിരച്ചിലില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss