|    Sep 19 Wed, 2018 2:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മല്‍സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ എംവി ദേശശക്തി

Published : 15th August 2018 | Posted By: kasim kzm

കൊച്ചി: മുനമ്പത്തു നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ചത് എംവി ദേശശക്തിയെന്ന ചരക്കുകപ്പലാണെന്ന് സ്ഥിരീകരിച്ചു. ക്യാപ്റ്റനടക്കമുള്ള മൂന്നു ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.
ക്യാപ്റ്റന്‍ ബി എസ് അലുവാലിയ, സെക്കന്‍ഡ് ഓഫിസര്‍ നന്ദകിഷോര്‍, സീമാന്‍ രാജ്കുമാര്‍ എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്. ഇവരെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം. കപ്പല്‍ നിലവില്‍ മംഗളൂരു തുറമുഖത്താണുള്ളത്. അപകടം നടന്ന സമയത്ത് എം വി ദേശശക്തി ഇതുവഴി കടന്നുപോയതായി അന്നു തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്് നാവികസേനയുടെ നേതൃത്വത്തില്‍ കപ്പല്‍ കണ്ടെത്തിയ ശേഷം ജീവനക്കാരുമായി സംസാരിച്ചുവെങ്കിലും തങ്ങളുടെ കപ്പല്‍ അപകടം ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇവര്‍ അറിയിച്ചത്.
എന്നാല്‍ കപ്പലില്‍ പരിശോധന നടത്തേണ്ടതുണ്ടെന്ന ഡിജി ഷിപ്പിങിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കപ്പല്‍ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു. തുടര്‍ന്നു മര്‍ക്കന്റയിന്‍ മറൈന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി പരിശോധന നടത്തി. ജീവനക്കാരെ ചോദ്യംചെയ്‌തെങ്കിലും തങ്ങളുടെ കപ്പല്‍ ബോട്ടില്‍ ഇടിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് വിദഗ്ദസംഘത്തെ നിയോഗിച്ച് കപ്പലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി. ഇതേത്തുടര്‍ന്നാണ് എംവി ദേശശക്തി തന്നെയാണ് മല്‍സ്യബന്ധന ബോട്ടില്‍ ഇടിച്ചതെന്നു കണ്ടെത്തിയത്.
ഈ മാസം ഏഴിന് പുലര്‍ച്ചെയാണു മുനമ്പത്ത് നിന്നു മല്‍സ്യബന്ധനത്തിനു പോയ മുനമ്പം പോണത്ത് സാംബന്റെ ഉടമസ്ഥതയിലുള്ള ഓഷ്യാനിക് എന്ന ബോട്ടില്‍ ആണ് കപ്പല്‍ ഇടിച്ചത്. 14 പേരാണ് അപകടസമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ എഡ്‌വിന്‍, നരേന്‍ സര്‍ക്കാര്‍ എന്നിവരെ മറ്റു ബോട്ടുകാര്‍ എത്തി രക്ഷപ്പെടുത്തിയെങ്കിലും ബാക്കിയുള്ളവരെ കാണാതായി.
മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ തമിഴ്‌നാട് സ്വദേശികളായ മുള്ളൂര്‍തുറൈ സഹായരാജ് (മണക്കുടി-50), ശാവന്‍തുറൈ സ്വദേശി യുഗനാഥന്‍ (45), യാക്കേബ് (57) എന്നിവരുടെ മൃതദേഹം കണ്ടെത്തിയെങ്കിലം ബാക്കിയുളള ഒമ്പതു പേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മല്‍സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലുള്ള തിരിച്ചിലില്‍ എറണാകുളം പറവൂര്‍ മാല്യങ്കര തറയില്‍ വീട്ടില്‍ പ്രകാശന്റെ മകന്‍ ഷിജു (42), രാമന്‍തുറ സ്വദേശി യേശുബാലന്‍ എന്നിവരുടെ മൃതദേഹം കഴിഞ്ഞദിവസങ്ങളിലായി കണ്ടെത്തി. അപകടത്തില്‍ തകര്‍ന്നു ബോട്ട് കിടക്കുന്ന സ്ഥാനം കഴിഞ്ഞദിവസമാണ് നാവികസേന സോണാര്‍ സിസ്റ്റം ഉപയോഗിച്ച് കണ്ടെത്തിയത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss