|    Oct 20 Sat, 2018 8:14 pm
FLASH NEWS

മല്‍സ്യബന്ധന തുറമുഖത്ത് വള്ളങ്ങള്‍ പ്രവേശിക്കുന്നതിന് നടപടി സ്വീകരിക്കും

Published : 15th September 2017 | Posted By: fsq

 

കാസര്‍കോട്്്: കാസര്‍കോട് മല്‍സ്യ ബന്ധന തുറമുഖത്ത് വള്ളങ്ങള്‍ പ്രവേശിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിലേക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി സി കൃഷ്ണന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 20 പുതിയ പരാതികള്‍ സമിതിക്ക് ലഭിച്ചു. നേരത്തെ ലഭിച്ച 18 പരാതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ വിശദീകരണം തേടി തീര്‍പ്പാക്കി. നിയമസഭാസമിതിക്ക് മുമ്പാകെ ലഭിച്ച പരാതികളില്‍ സമയബന്ധിതമായി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നുണ്ടെന്ന് സമിതി വിലയിരുത്തി. മല്‍സ്യബന്ധന തുറമുഖങ്ങളുടെ പരാധീനതകളും പരിമിതികളും തൊഴിലാളി പ്രതിനിധികള്‍ ഉന്നയിച്ചു. മുഴുവന്‍ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ എഴുതി തള്ളാന്‍ ഉത്തരവിട്ട വായ്പകള്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം കൈമാറാത്തതിനാല്‍ നടപ്പിലാകുന്നില്ലെന്നും തൊഴിലാളികളിലേറെയും കടക്കെണിയിലാണെന്നും പരാതിപ്പെട്ടു. മഞ്ചേശ്വരം ഹൊസബെട്ടുവിലെ 14 മീന്‍പിടുത്ത കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടില്ലെന്ന പരാതിയില്‍ നാലു കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ നടപടി സ്വീകരിക്കുകയും 10 കുടുംബങ്ങള്‍ പുഴ പുറംപോക്കിലായതിനാല്‍ പട്ടയം അനുവദിക്കാന്‍ സാധിക്കുകയില്ലെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലൈഫ് പദ്ധതിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ച് മല്‍സ്യത്തൊഴിലാളി കുടുംബളെ പാര്‍പ്പിക്കും. മല്‍സ്യഫെഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംയോജിത മല്‍സ്യവികസന പദ്ധതിയില്‍ മൂന്നു വര്‍ഷത്തേക്ക് രണ്ട് ശതമാനം സബ്‌സിഡി നിരക്കില്‍ 11.75 ശതമാനം പലിശയ്ക്ക് വായ്പ നല്‍കി വരുന്നതായി മല്‍സ്യഫെഡ് അധികൃതര്‍ അറിയിച്ചു. കുറുംബ ഭഗവതി ക്ഷേത്രം, അരയ സമാജം കരയോഗം നേരത്തെ നല്‍കിയ പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. കോട്ടിക്കുളത്ത് തണല്‍പന്തല്‍ നിര്‍മാണത്തിന് റവന്യൂ വകുപ്പ് നാലു സെന്റ് ഭൂമി അനുവദിച്ചിട്ടുണ്ടെന്നും തീരദേശ വികസന കോര്‍പറേഷന്‍ നിര്‍മാണ നടപടികള്‍ ആരംഭിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.സമിതി അംഗങ്ങളായ സി കെ നാണു, എന്‍ എ നെല്ലിക്കുന്ന്, എം നൗഷാദ് എന്നിവരും കെ കുഞ്ഞിരാമന്‍ എംഎല്‍എ, ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, നിയമസഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി കെ വി സജീവന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss