|    Oct 21 Sat, 2017 3:58 pm
FLASH NEWS

മല്‍സ്യബന്ധനത്തിനിടെ തിരയില്‍പ്പെട്ട് രണ്ട് ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നു

Published : 11th July 2016 | Posted By: SMR

താനൂര്‍: മല്‍സ്യബന്ധനത്തിനിടെ ഉണ്യാല്‍ തീരദേശത്തുവച്ച് തിരയില്‍പ്പെട്ട് രണ്ട് ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നു. അഞ്ചുടി സ്വദേശി ഏനിന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഫൈബര്‍ വള്ളങ്ങളാണ് തകര്‍ന്നത്. തീരത്തു നിന്നു എട്ട് കിലോമീറ്റര്‍ മാറി മല്‍സ്യംപിടിച്ചു കൊണ്ടിരിക്കെ ഭീമന്‍ തിരമാലയില്‍ വള്ളം ആടിയുലഞ്ഞ് മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുടി സ്വദേശികളായ ഏഴ് മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടു. ഏറെ നേരം വെള്ളത്തില്‍ കുടുങ്ങിയ തൊഴിലാളികളെ മറ്റ് വള്ളക്കാരായിരുന്നു രക്ഷപ്പെടുത്തിയത്.
അപകടത്തില്‍ അഞ്ചുടി സ്വദേശി ഷറഫുദീ(45)ന് കൈയ്ക്ക് പരിക്കേറ്റു. മറ്റുള്ളവര്‍ക്ക് നേരിയ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി തൊഴിലാളികള്‍ പറഞ്ഞു. ബോട്ടുകള്‍ തകര്‍ന്നെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് തൊഴിലാളികള്‍. ട്രോളിങ് നിരോധന കാലയളവായതിനാല്‍ ചെറുവള്ളങ്ങളിലാണു തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിനിറങ്ങുന്നത്. അതുകൊണ്ടു തന്നെ ഭീമന്‍ തിരമാലകള്‍ കൊച്ചുവള്ളത്തെ തകര്‍ത്തെറിയുകയായിരുന്നു.
കടല്‍ക്ഷോഭം ശക്തമായതുകാരണം വള്ളം പൂര്‍ണമായും കടലില്‍ മുങ്ങി. മല്‍സ്യബന്ധനത്തിനുപയോഗിച്ചിരുന്ന വല, രണ്ട് യമഹ എന്‍ജിനുകള്‍, എട്ട് കാന്‍ മണ്ണെണ്ണ, മൂന്ന് മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മുങ്ങിയ വള്ളങ്ങള്‍ ഇതുവരെ കരയ്ക്കടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ശക്തമായ തിരമാലകള്‍ കാരണം അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് വലിയ പ്രയാസം നേരിട്ടതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.
പൊന്നാനിയില്‍നിന്നോ ബേപ്പൂരില്‍നിന്നോ ഖലാസികള്‍ എത്തിയാല്‍ മാത്രമേ കടലില്‍ മുങ്ങിയ വള്ളങ്ങള്‍ കരയ്ക്കടുപ്പിക്കാന്‍ കഴിയൂവെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക