|    May 25 Thu, 2017 12:35 pm
FLASH NEWS

മല്‍സ്യഫെഡ് എംഡി സഹകരണ നിയമങ്ങള്‍ ലംഘിക്കുന്നു: ചെയര്‍മാന്‍

Published : 30th August 2016 | Posted By: SMR

ആലപ്പുഴ: മല്‍സ്യഫെഡ് എംഡിയായി ഈമാസം നാലിന് ചാര്‍ജെടുത്ത ലോറന്‍സ് ഹെറാള്‍ഡ് സഹകരണ നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് ചെയര്‍മാന്‍ വി ദിനകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചെയര്‍മാനെയും ബോര്‍ഡിനെയും പരിഗണിക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന എംഡിക്കെതിരേ ഭരണസമിതി ഉന്നയിച്ച ഏഴ് ആരോപണങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ഫിഷറീസ് രജിസ്ട്രാറോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ഭരണസമിതിക്കെതിരേ ഉണ്ടായ അന്വേഷണത്തില്‍ മാനേജിങ് ഡയറക്ടര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സമര്‍പ്പിക്കുന്ന അന്വേഷണറിപോര്‍ട്ട് തള്ളിക്കളയണമെന്ന് രജിസ്ട്രാറോട് അദ്ദേഹം ആവശ്യപ്പെട്ടു. എംഡി ചാര്‍ജെടുക്കുന്നതിന് മുമ്പ് ഭരണസമിതി ജൂലൈ 16നും 27നും കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് എംഡി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഫിഷറീസ് ഡപ്യൂട്ടി രജിസ്ട്രാറും അണ്ടര്‍ സെക്രട്ടറിയും അടക്കമുള്ള ഭരണസമിതി എടുത്ത തീരുമാനം നടപ്പാക്കാത്തതും അച്ചടക്ക ലംഘനമാണ്.
മല്‍സ്യഫെഡിന്റെ സ്‌പെഷ്യല്‍ റൂള്‍ അനുസരിച്ചു പുതുതായി ജീവനക്കാരെ നിയമിക്കുന്നത് ഭരണസമിതിയുടെ അനുമതിയോടെയാവണം. എന്നാല്‍, എംഡിയുടെ ഡ്രൈവര്‍ നിയമനത്തിലും വിഴിഞ്ഞം മണ്ണെണ്ണ ബങ്കിലെ ഉദ്യോഗസ്ഥന്‍ മിഥുനെ പിരിച്ചുവിട്ട് പകരം അഖിലിനെ നിയമിച്ചതിലും ചട്ടവിരുദ്ധവും അധികാര ദുര്‍വിനിയോഗവും നടന്നു. എംഡിയുടെ വ്യക്തിതാല്‍പര്യം പരിഗണിച്ച് നാല് ജീവനക്കാരെ സ്ഥലം മാറ്റിയതും ചട്ടലംഘനമാണ്. മല്‍സ്യഫെഡിലെ കരാര്‍, താല്‍ക്കാലിക, കമ്മ്യൂണിറ്റി മോട്ടിവേറ്റേഴ്‌സ്, പീസ് വര്‍ക്കേഴ്‌സ് എന്നീ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടേണ്ട എന്നു കഴിഞ്ഞ മാസം 27ന് ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.
എന്നാല്‍, ഈ തീരുമാനം നടപ്പാക്കേണ്ടതില്ലെന്നാണ് എംഡി കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭരണസമിതി തീരുമാനം നടപ്പാക്കാന്‍ ബാധ്യസ്ഥനായ എംഡിയുടെ നടപടി ആയിരക്കണക്കിന് കുടുംബങ്ങളോട് ചെയ്യുന്ന അനീതിയാണ്. കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ മെഡിക്ലൈം പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവും നടപ്പാക്കരുതെന്ന് എംഡി കീഴ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരിക്കുകയാണ്.
നാളിതുവരെ സ്തുത്യര്‍ഹമായി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മല്‍സ്യഫെഡില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കൂവെന്ന എംഡിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞ ബജറ്റില്‍ കയര്‍ മേഖലയ്ക്ക് 115 കോടി വകയിരുത്തിയപ്പോള്‍ മല്‍സ്യഫെഡിനും സഹകരണസംഘങ്ങള്‍ക്കുമായി ഒന്നും വകയിരുത്തിയില്ല. മല്‍സ്യഫെഡ് ഭരണസമിതിയെയും സംഘം ഭരണസമിതികളെയും പിരിച്ചുവിടാനുള്ള പ്രവര്‍ത്തനങ്ങളാണ് വ്യാപകമായി നടക്കുന്നത്. മല്‍സ്യഫെഡിന്റെയും സഹകരണസംഘങ്ങളുടെയും ഭാവിയെ ഇത് ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day