|    Jan 18 Wed, 2017 9:54 am
FLASH NEWS

മല്‍സ്യപ്രായം

Published : 13th August 2016 | Posted By: SMR

നട്ടെല്ലുള്ള ജീവികളില്‍ പ്രധാനി മനുഷ്യന്‍ തന്നെ. മനുഷ്യരില്‍ പലരും 100 വര്‍ഷവും അതിനപ്പുറവും ജീവിക്കും. എന്നാല്‍, നട്ടെല്ലുള്ള ജീവികളില്‍ ദീര്‍ഘായുസ്സുള്ളയാള്‍ ഉത്തര അറ്റ്‌ലാന്റിക്കിലെ ശീതമേഖലയിലാണു കഴിഞ്ഞുകൂടുന്നത്. ഗ്രീന്‍ലാന്‍ഡ് പ്രദേശത്ത് കണ്ടുവരുന്ന ഈയിനം സ്രാവുകള്‍ക്ക് 272 വയസ്സാണ് ശരാശരി പ്രായം എന്ന് ഗവേഷകര്‍ കണ്ടെത്തി.
ഗ്രീന്‍ലാന്‍ഡ് സ്രാവുകള്‍ 18 അടി വരെ നീളം വയ്ക്കും. അത്രയും വലുപ്പമുള്ള ഒരു മല്‍സ്യം ചുരുങ്ങിയത് 300 വയസ്സിനപ്പുറം കടന്നിരിക്കും എന്നാണ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ശരാശരി പ്രായം 272 ആയാണ് ഗവേഷകര്‍ നിര്‍ണയിച്ചതെങ്കിലും പലതും 500 വയസ്സിനും അപ്പുറം കടക്കും എന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.
സന്താനോല്‍പാദനക്ഷമത കൈവരാന്‍ അവര്‍ക്ക് 150 വര്‍ഷമെങ്കിലും കാത്തിരിക്കണം. വാര്‍ധക്യകാലത്ത് സന്താനോല്‍പാദനം എന്ന് പറയാന്‍ പറ്റില്ല. കാരണം, പിന്നീട് ചുരുങ്ങിയത് ഒരുനൂറ്റാണ്ടുകാലമെങ്കിലും അവര്‍ക്ക് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാനുള്ള ശേഷിയുണ്ടാവും.
മല്‍സ്യത്തിന്റെ പ്രായം നിര്‍ണയിക്കുന്നത് അത്ര എളുപ്പമല്ല. കണ്ണിലെ കൃഷ്ണമണിയാണ് പ്രായം നിര്‍ണയിക്കാന്‍ സഹായിക്കുന്നത്. പ്രായംകൂടുന്തോറും അതിനു ചുറ്റും ഓരോ വലയം രൂപപ്പെടും. അങ്ങനെ വലയങ്ങളുടെ എണ്ണം വിശകലനം ചെയ്താണു പ്രായം കണ്ടെത്തുന്നത്. പക്ഷേ, അത് അത്ര കൃത്യമായിക്കൊള്ളണമെന്നില്ല. 100-120 വര്‍ഷം വരെ വ്യത്യാസം വരാം. എന്നുവച്ചാല്‍ തങ്ങള്‍ കണ്ടെത്തിയ 300 വയസ്സ് മതിക്കുന്ന പെണ്‍മല്‍സ്യം ഒരുപക്ഷേ, 420 വയസ്സുകാരിയാണെന്നും വരാം എന്നാണു ഗവേഷകര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക