|    Dec 14 Fri, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മല്‍സ്യത്തൊഴിലാളികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കും

Published : 14th November 2018 | Posted By: kasim kzm

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ക്ക് നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും ലഭ്യമാക്കാനുള്ള 25.36 കോടി രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. 15,000 മല്‍സ്യബന്ധന യാനങ്ങള്‍ക്കാണ് നാവിക് ഉപകരണം നല്‍കുന്നത്. 1500 കിലോമീറ്റര്‍ വരെ കവറേജ് ഏരിയയുള്ള നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം എന്നിവ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിര്‍ത്തി, മല്‍സ്യബന്ധന സാധ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നല്‍കാനാവും.
ഐഎസ്ആര്‍ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെല്‍ട്രോണാണ് നാവിക് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്നത്. 15,000 ഉപകരണങ്ങള്‍ക്ക് 15.93 കോടി രൂപയാണ് ചെലവ്. തീരദേശ ജില്ലകളില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ കൂടുതല്‍ ദൂരത്തേക്ക് മീന്‍ പിടിക്കാന്‍ പോവുന്ന യാനങ്ങളുടെ ഉടമസ്ഥരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 15,000 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുക.
ആയിരം മല്‍സ്യത്തൊഴിലാളികള്‍ക്കാണ് 9.43 കോടി രൂപ ചെലവില്‍ സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നത്. ആഴക്കടല്‍ മല്‍സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തമ്മില്‍ ആശയവിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും സാറ്റലൈറ്റ് ഫോണ്‍ പ്രയോജനപ്പെടും. ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് ഈ പരിപാടി നടപ്പാക്കുന്നത്. ഒരു യൂനിറ്റിന് 94,261 രൂപയാണ് സാറ്റലൈറ്റ് ഫോണിന്റെ വില. ഉപഭോക്തൃ വിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നല്‍കണം. നാവിക് ഉപകരണത്തിനും സാറ്റലൈറ്റ് ഫോണിനും ആവശ്യമായ 25.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് (ഓഖി ഫണ്ട്) വിനിയോഗിക്കും.
ഓഖി ദുരന്തത്തില്‍ മല്‍സ്യബന്ധനോപാധികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട 8 പേര്‍ക്കും ഭാഗികമായി നഷ്ടപ്പെട്ട 81 പേര്‍ക്കും നഷ്ടപരിഹാരമായി 1.78 കോടി രൂപ നല്‍കാനും തീരുമാനിച്ചു. ഓഖി ദുരന്തത്തില്‍ മല്‍സ്യബന്ധനോപാധികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട രജിസ്‌ട്രേഷനും ലൈസന്‍സുമില്ലാത്ത മൂന്നു യൂനിറ്റുകള്‍ക്കും ഭാഗികമായി നഷ്ടപ്പെട്ട 113 യൂനിറ്റുകള്‍ക്കും 22.52 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യും. നഷ്ടപരിഹാരം ലഭിക്കുന്നതിനു മുമ്പ് യാനങ്ങള്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന നിബന്ധനകളോടെയാണ് ഈ ആനുകൂല്യം അനുവദിക്കുന്നത്.
40,000 മല്‍സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് വാങ്ങുന്നതിന് 610 ലക്ഷം രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.
ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ (ഓഖി ഫണ്ട്) നിന്ന് വിനിയോഗിക്കും. ലൈഫ് ജാക്കറ്റിന് ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 250 രൂപ നല്‍കണം. കോഴിക്കോട് ജില്ലയില്‍ ഓഖി ദുരന്തത്തില്‍ മല്‍സ്യബന്ധനോപാധികള്‍ ഭാഗികമായി നഷ്ടപ്പെട്ട പുത്തന്‍പുരയില്‍ മെഹമൂദിന് 1.48 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മെഹമൂദിന്റെ പേര് നേരത്തെ പട്ടികയില്‍ നിന്ന് വിട്ടുപോയതായിരുന്നു.
തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജില്‍ പുതിയതായി ആരംഭിച്ച എംഎസ്‌സി കെമിസ്ട്രി കോഴ്‌സിലേക്ക് രണ്ട് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
പോലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ സുകേശനെ കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡ് എംഡിയായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു. 27ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പരിഗണിക്കേണ്ട ബില്ലുകളുടെ മുന്‍ഗണനാക്രമം മന്ത്രിസഭ അംഗീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss