|    Oct 22 Sun, 2017 3:07 am

മല്‍സ്യത്തൊഴിലാളികളുടെദുരിതാശ്വാസ ക്യാംപില്‍ ദുരിതം

Published : 17th October 2016 | Posted By: Abbasali tf

അമ്പലപ്പുഴ: കടല്‍ക്ഷോഭത്തെ തുടര്‍ന്നു സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുടുംബങ്ങള്‍ ദുരിതത്തില്‍. ഒമ്പതു കുടുബങ്ങളാണ് വണ്ടാനം ശിശുവിഹാറിലെ ദുരിതാശ്വാസ ക്യാംപില്‍ ദുരിതത്തില്‍ കഴിയുന്നത്. 2014 ജൂണ്‍ പത്തിനാണ് കടല്‍ക്ഷോഭത്തെ തുടര്‍ന്നാണ് മല്‍സ്യത്തൊഴിലാളി കുടുബങ്ങളെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ശിശുവിഹാറിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്.  ആദ്യ മൂന്നുമാസങ്ങളില്‍ ഇവര്‍ക്ക് റവന്യു, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട്  ഈ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനോ ഇവര്‍ക്കു ഭക്ഷണസാധനങ്ങള്‍ എത്തിക്കാനോ പഞ്ചായത്തോ റവന്യു അധികാരികളോ തയാറായിട്ടില്ല. ഒമ്പതു കുടുബങ്ങളില്‍ നിന്നും 41പേരാണ് രണ്ടര വര്‍ഷക്കാലമായി ഈ ക്യാംപില്‍ കഴിയുന്നത്. മുകളിലെ നിലയിലെ ഒരു ഹാളില്‍ തുണികള്‍ മറച്ചു കെട്ടി തിരിച്ചാണ് ഇവരുടെ വാസം. ഇവരില്‍ പ്രായപൂര്‍ത്തിയായ ഒമ്പതുപെണ്‍കുട്ടികളും ഏഴു വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. പട്ടിണിയും പ്രാരാബ്ധവുമായി കഴിയുന്ന ഇവരില്‍ വൃദ്ധരുമുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഇവിടെ ആകെ ഉള്ളതാകാട്ടെ ഒരു കക്കൂസും ഒരു കുളിമുറിയും മാത്രമാണ്. ഇതാകട്ടെ താഴത്തെ നിലയിലും. മുകളില്‍ നിന്നും പ്രാഥമിക ആവശ്യത്തിനായി വൃദ്ധജനങ്ങള്‍ ക്ലേശം സഹിച്ചാണ് താഴെയെത്തുന്നത്. ഒമ്പതു കുടുബങ്ങളിലുമായി ആകെ ഉള്ളത് ഏഴുപുരുഷന്മാരാണ്. മത്സ്യ ബന്ധനോപകരണങ്ങള്‍ ഇല്ലാത്തതുമൂലം ഇവര്‍ക്കു കടലില്‍ പോകാനുമാകുന്നില്ല. മൂന്നു വര്‍ഷമായിട്ടും തങ്ങളെ ഇവിടേക്കു കൊണ്ടുവന്ന അധികാരികള്‍ ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ലന്നാണ് ഇവരുടെ പരാതി. പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി പണിതു ഉയര്‍ത്തിയ ഇവരുടെ.കെട്ടിടങ്ങളാണു കടല്‍ കവര്‍ന്നത്. എന്നാല്‍ തങ്ങളുടെ പ്രായപൂര്‍ത്തിയായ പെ ണ്‍കുട്ടികള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ ഇടമില്ലെന്നുള്ള ചിന്തയാണ് മത്സല്‍സ്യത്തൊഴിലാളി കുടുബങ്ങളെ ഏറെ അലട്ടുന്നത്. പെണ്‍കുട്ടികളുടെ ദിനചര്യകള്‍ക്കായി അയല്‍ വീടുകളെയാണ് ആശ്രയിക്കുന്നത്.  ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക