|    Jan 20 Fri, 2017 9:44 pm
FLASH NEWS

മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം: ജില്ലാ വികസന സമിതി

Published : 2nd October 2016 | Posted By: SMR

കാസര്‍കോട്: ജില്ലയിലെ മല്‍സ്യത്തൊഴിലാളികളുടെ തൊഴിലും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയുടെ 70 കി.മീ. നീളമുള്ള തീരദേശത്തെ മീന്‍പിടുത്തം ഉപജീവനമാക്കിയ തൊഴിലാളികള്‍ പ്രതിസന്ധിയിലാണെന്നും ആഴക്കടല്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും നടപടി ആവശ്യമാണെന്നും യോഗം ആവശ്യപ്പെട്ടു.
നീലേശ്വരം തൈക്കടപ്പുറത്തും കാസര്‍കോട് കീഴൂരിലും മല്‍സ്യതൊഴിലാളികള്‍ ബോട്ട് മറിഞ്ഞ് അപകടത്തില്‍പെട്ട സാഹചര്യത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും  തീരദേശ പോലിസിന്റെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എഡിഎം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ പ്രമേയം അവതരിപ്പിച്ചു.
കെ കുഞ്ഞിരാമന്‍ എംഎല്‍എ അനുവാദകനായി. ജില്ലയിലെ വിവിധ ഓഫിസുകളിലെ 25 ഉദ്യോഗസ്ഥര്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ മറ്റ് സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുകയാണ്. എക്‌സൈസ്-2, കൃഷി വകുപ്പ്-1, മൃഗസംരക്ഷണം-1, വാണിജ്യ നികുതി-16, പഞ്ചായത്ത്-1, റവന്യൂ-2, സാമൂഹികനീതി-2 എന്നിങ്ങനെയാണ് ഉദ്യോഗസ്ഥര്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ പോയിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായാണ് ഈ നടപടി. വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍  പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ തിരികെ കൊണ്ടു വരുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം.  ഇക്കാര്യം ചീഫ് സെക്രട്ടറിക്ക് റിപോര്‍ട്ട് ചെയ്യാനും യോഗം തീരുമാനിച്ചു.
ജില്ലയില്‍ 11 പഞ്ചായത്ത് സെക്രട്ടറിമാരുടെയും 17 അസി. എന്‍ജിനീയര്‍മാരുടെയും വിവിധ വകുപ്പുകളില്‍ ജീവനക്കാരുടെ ഒഴിവുകളുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ലോകബാങ്ക് ധനസഹായം  പോലും നഷ്ടപ്പെടുകയാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ വിവിധ ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കണമെന്ന് എം രാജഗോപാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ചീമേനിയില്‍ നാവിക അക്കാദമിക്ക് 400 ഏക്കര്‍ ഭൂമി പതിച്ച് നല്‍കാനുള്ള നടപടി പുന:പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാറ്റ്പാക്ക് സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിന് അവശേഷിക്കുന്ന നാല് കിലോമീറ്ററില്‍ ഉടന്‍ സര്‍വ്വേ  പൂര്‍ത്തീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് പറഞ്ഞു.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചെമ്മരങ്കയം തൂക്കുപാലം അറ്റകുറ്റപണി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
തകര്‍ന്ന പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ വേഗത്തിലാക്കണം. നീലേശ്വരം നഗരത്തിലെ കോണ്‍വെന്റ് ജങ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജങ്ഷന്‍ വരെയുള്ള റോഡിന്റെ അറ്റകുറ്റപണിക്ക് 14 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്തത് ഉടന്‍ പരിശോധിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. അഡൂരിലേക്ക് അത്തനടി പാലം വഴിയും സുള്ള്യയിലേക്ക് ബന്തടുക്ക വഴിയും കെഎസ്ആര്‍ടിസി ബസ് റൂട്ട് ആരംഭിക്കണമെന്നും കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു.
പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക