|    Nov 13 Tue, 2018 5:58 am
FLASH NEWS

മല്‍സര ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പ്പ്

Published : 7th December 2015 | Posted By: SMR

തിരുവനന്തപുരം: പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങള്‍ അഭ്രപാളിയില്‍ സമ്മാനിച്ചപ്പോള്‍ മേളയുടെ രണ്ടാം ദിനത്തെ പ്രേക്ഷകര്‍ വരവേറ്റത് ഹര്‍ഷാരവത്തോടെ.
ഇന്നലെ പ്രദര്‍ശിപ്പിച്ചവയില്‍ മല്‍സരവിഭാഗം ചിത്രങ്ങളാണ് ഭൂരിഭാഗം ആസ്വാദകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച ജംഷദ് മുഹമ്മദ് റാസയുടെ ഉറുദു ചിത്രം മൂര്‍ സമ്മിശ്ര പ്രതികരണം നേടി. ആര്‍ ജയരാജിന്റെ ഒറ്റാല്‍, കസാക്കിസ്ഥാന്‍ സിനിമ ബോപെം, സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ചായം പൂശിയ വീട്, ബൗദ്ധായന്‍ മുഖര്‍ജിയുടെ ദ വയലിന്‍ പ്ലെയര്‍ എന്നിവയാണ് മല്‍സരവിഭാഗത്തില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചത്.സാഹിത്യ ഇതിഹാസം ആന്റന്‍ ചെക്കോവിന്റെ പ്രശസ്ത രചന വാന്‍കയെ ആസ്പദമാക്കിയെടുത്ത ഒറ്റാല്‍ കാണാന്‍ പ്രേക്ഷകര്‍ തിക്കിതിരക്കിയെത്തി. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ബാലവേലയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം ചെറുമകനും മുത്തഛനും തമ്മിലുള്ള നിഷ്‌കളങ്കമായ ബന്ധം വരച്ചുകാട്ടുന്നു. അമ്മയുടെ മരണത്തിന് സാക്ഷിയാവേണ്ടിവന്ന മകന്റെ ഒറ്റപ്പെട്ട ജീവിതത്തിലെ മാനസിക സംഘര്‍ഷമാണ് ബോപെം.
ശുഭ ഭാവി മുന്നില്‍ കണ്ട് അപരിചിതന്റെ പിന്നാലെ പോവുന്ന വയലിനിസ്റ്റിനെ പ്രമേയമാക്കിയ ചിത്രമാണ് ദ വയലിന്‍ പ്ലെയര്‍. അദ്ദേഹത്തിന്റെ ഉള്ളിലെ ഒളിച്ചോട്ടക്കാരനെ സസൂക്ഷ്മമായി ചിത്രത്തില്‍ അനാവരണം ചെയ്തിരിക്കുന്നു. റാവുല്‍ പെക്കിന്റ എ മര്‍ഡര്‍ ഇന്‍ പാക്കോട്ടും ശ്രീജിത് മുഖര്‍ജിയുടെ രാജ് കഹാനിയും ശ്രീ വിശാഖിലാണ് പ്രദര്‍ശിപ്പിച്ചത്. ഭൂകമ്പത്തെ തുടര്‍ന്ന് ഗതകാല പ്രൗഡി വീണ്ടെടുക്കാനുള്ള ശ്രമത്തെ ഹെയ്ത്തിയില്‍ നിന്നുള്ള എ മര്‍ഡര്‍ ഇന്‍ പാക്കോട്ട് പങ്കുവയ്ക്കുമ്പോള്‍ അധികാരികളുടെ ഇടപടലിനെതിരെ ശബ്ദമുയര്‍ത്തുന്ന വേശ്യാലയത്തിലെ അന്തേവാസികളെയാണ് രാജ് കഹാനി ഇതിവൃത്തമാക്കിയിരിക്കുന്നത്. നഗ്നരംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നിഷധിക്കപ്പെട്ട ചിത്രമായ ചായം പൂശിയ വീടിന്റെ പ്രഥമ പ്രദര്‍ശനമായിരുന്നു മേളയില്‍. മനുഷ്യരുടെ പുറംകാട്ടലുകളും ആന്തരിക മാനോഭാവവും തമ്മിലുള്ള അഭേദ്യബന്ധത്തെയാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss