|    Sep 23 Sun, 2018 2:25 pm
FLASH NEWS

മല്‍സരമല്ല; പ്രതിഭ തെളിയിക്കലാണ് പ്രധാനം: വിദ്യാഭ്യാസമന്ത്രി

Published : 10th January 2017 | Posted By: fsq

 

കണ്ണൂര്‍: സ്‌കൂള്‍ കലാമേളകളെ മല്‍സരങ്ങള്‍ക്കുള്ള ഇടമായല്ല, ഉല്‍സവേദിയായാണ് ജനങ്ങള്‍ കാണേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. മേളയില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികളും സര്‍ഗപ്രതിഭകളാണ്. പങ്കെടുക്കുകയും സര്‍ഗശേഷി പങ്കുവയ്ക്കുകയും ചെയ്യുകയാണ് പ്രധാനം. മല്‍സരമാവുമ്പോള്‍ അനാരോഗ്യകരമായ പ്രവണതകള്‍ക്ക് വഴിവയ്ക്കുന്നു. ഇതില്ലാതാക്കാ ന്‍ മേളയെ ഉല്‍സവമായി കാണാനുള്ള സന്നദ്ധത അനിവാര്യമാണ്. അങ്ങനെയാവുമ്പോ ള്‍ മാനസികവും ശാരീരികവുമായ എല്ലാപിരിമുറക്കങ്ങളും ഒഴിവാകും. കായികമേളകള്‍ കായികോല്‍സവമായി മാറിയിരിക്കുകയാണ്. അതിന്റെ വിജയം നാം ഇത്തവണ കണ്ടു. ഈ അവിസ്മരണീയമായ മുഹുര്‍ത്തത്തിലാണ് സംസ്ഥാന കലോല്‍സവവും നടക്കുന്നത്. കലോല്‍സവം കുറ്റമറ്റതാക്കുന്നതിന് നടത്തിപ്പിലും വിധിനിര്‍ണയത്തിലുമൊക്കെ സമൂലമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. സംഘാടനംകൂടി മികച്ചതാവുന്നതോടെ 57ാമത് കലാമേള അവിസ്മരണീയമാവും. പ്രചാരണം മുതലുള്ള നടത്തിപ്പിന്റെ എല്ലാഘട്ടങ്ങളിലും പൂര്‍ണമായി ഹരിതപെരുമാറ്റച്ചട്ടം പാലിച്ച് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമാമാങ്കം നടത്താനായാല്‍ അതൊരു ചരിത്രസംഭവമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 20 സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, സംയുക്തയോഗം വിളിച്ച് പരസ്പര ഏകോപനത്തിലൂടെ മേളയെ പരാതിരഹിതമാക്കാന്‍ നിര്‍ദേശം നല്‍കി. ഓരോ വേദിയിലും മറ്റു വേദികളില്‍ നടക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ അറിയാന്‍ സംവിധാനമൊരുക്കണം. കലോല്‍സവങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് ജില്ലാ ഭരണകൂടം തയ്യാറാക്കി വരുന്നതായും മന്ത്രി അറിയിച്ചു. ഓരോ ഇനങ്ങളും കൃത്യസമയത്ത് ആരംഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പഴുതടച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. വിദ്യാര്‍ഥികള്‍ ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നത് ഒഴിവാക്കാന്‍ അവര്‍ക്കായി പ്രത്യേക സ്ഥലം മാറ്റിവയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ മേയര്‍ ഇ പി ലത, എംഎല്‍എമാരായ ജെയിംസ് മാത്യു, ടിവി രാജേഷ്, എ എന്‍ ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡിപിഐ മോഹന്‍കുമാര്‍,  ഹയര്‍സെക്കന്ററി ഡയരക്ടര്‍ എം എസ് ജയ, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പോലിസ് ചീഫ് കെ പി ഫിലിപ്പ്, ജനപ്രതിനിധികള്‍, സംഘാടകസമിതി അംഗങ്ങള്‍, സബ്കമ്മിറ്റി ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss