|    Jan 18 Wed, 2017 4:58 am
FLASH NEWS

മല്‍സരം മുറുകി; കോട്ടക്കലിലും കാര്യങ്ങള്‍ എളുപ്പമാവില്ല

Published : 15th May 2016 | Posted By: SMR

കോട്ടയ്ക്കല്‍: മുസ്‌ലിംലീഗും എന്‍സിപിയും തമ്മില്‍ ഏറ്റുമുട്ടുന്ന കോട്ടയ്ക്കലില്‍ കണക്കുകളെല്ലാം യുഡിഎഫിന് അനുകൂലമാണെങ്കിലും മല്‍സരം മുറുകിയതോടെ കാര്യങ്ങള്‍ എളുപ്പമാവില്ല. കോട്ടയ്ക്കലിനു ഇതു രണ്ടാമത്തെ തിരഞ്ഞെടുപ്പാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ഏറ്റവുമധികം ഭൂരിപക്ഷം നല്‍കിയ മണ്ഡലങ്ങളുടെ പട്ടികയില്‍ കോട്ടയ്ക്കലുമുണ്ട്. എംപി അബ്ദുസമദ് സമദാനി ഇവിടെ വിജയിച്ചത് 35,902 വോട്ടുകള്‍ക്കാണ്. സമദാനി മല്‍സരരംഗത്തു നിന്നു മാറി നിന്നത് ബാധിക്കമോ എന്ന ആശങ്ക മുസ്‌ലിംലീഗിനുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന ലോക്‌സഭ, പഞ്ചായത്ത്തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് തന്നെയാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. 2011 തിരഞ്ഞെടുപ്പില്‍ മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 58.91 ശതമാനം വോട്ടുകളാണ് സമദാനി നേടിയത്. അദ്ദേഹത്തിനു 69,717 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എന്‍സിപി സ്ഥാനാര്‍ഥി സി പി കെ ഗുരുക്കള്‍ നേടിയത് 33,815 വോട്ടുകള്‍. പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോട്ടയ്ക്കലില്‍ നിന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ചത് 11,881 വോട്ടുകളുടെ ഭൂരിപക്ഷമാണ്. കഴിഞ്ഞ നിയമസഭയിലേക്കാള്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഇവിടെ മൂന്നിലൊന്നായി കുറഞ്ഞു. മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും കോണ്‍ഗ്രസ്സുകാര്‍ ലീഗ് വിരുദ്ധ നീക്കം നടത്തിയതും അന്ന് യുഡിഎഫിന്റെ വോട്ടുകള്‍ ചോരാന്‍ കാരണമായി.
കോണ്‍ഗ്രസ്സിന്റെ ലീഗ് വിരുദ്ധരാഷ്ട്രീയം ഇപ്പോഴും നില്‍ക്കുന്ന മണ്ഡലമാണ് കോട്ടയ്ക്കല്‍. കഴിഞ്ഞ പഞ്ചായാത്ത് തിരഞ്ഞെടുപ്പില്‍ മാറാക്കര പഞ്ചായത്തില്‍ വിജയിച്ചത് ലീഗ് വിരുദ്ധ മുന്നണിയാണ്. സിപിഎമ്മും കോണ്‍ഗ്രസ്സുമെല്ലാം ചേര്‍ന്ന സാമ്പാര്‍ മുന്നണിയാണ് ഇവിടെ ഭരണം നടത്തുന്നത്. എന്നാല്‍ മറ്റു പഞ്ചായത്തുകളിലും കോട്ടയ്ക്കല്‍, വളാഞ്ചേരി നഗരസഭകളിലും യുഡിഎഫിനാണ് മുന്‍തൂക്കം. രണ്ടു നഗരസഭകള്‍ ഉള്‍പ്പെടുന്ന ജില്ലയിലെ ഏക മണ്ഡലമാണ് കോട്ടക്കല്‍. മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന മറ്റു പഞ്ചായത്തുകളായ എടയൂര്‍, ഇരിമ്പിളിയം, കുറ്റിപ്പുറം, പൊന്മള എന്നിവയിലും യുഡിഎഫിനാണ് ഭരണം.
യുഡിഎഫ് സ്ഥാനാര്‍ഥി ആബിദ് ഹുസൈന്‍ തങ്ങള്‍ മുസ്‌ലിംലീഗ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന വടക്കാങ്ങര കെകെഎസ് ആറ്റക്കോയ തങ്ങളുടെ മകനാണ്. ഇടതുപക്ഷത്തിനു വേണ്ടി എന്‍സിപിയുടെ എന്‍ എ മുഹമ്മദ്കുട്ടിയാണ് മല്‍സരിക്കുന്നത്. എറണാകുളം കേന്ദ്രമായുള്ള ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ എംഡിയായ അദ്ദേഹം അറിയപ്പെടുന്ന വ്യവസായിയാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി സാമൂഹിക സാംസ്‌കാരിക മനുഷ്യാവകാശ മാധ്യമ പ്രവര്‍ത്തന രംഗങ്ങളിലെ നിറസാനിധ്യമാണ് കോട്ടക്കല്‍ മണ്ഡലത്തിലെ എസ്ഡിപിഐ- എസ്പി സഖ്യ സ്ഥാനാര്‍ഥി കെ പി ഒ റഹ്മത്തുല്ല. 1987ല്‍ മാധ്യമം പത്രത്തിന്റെ തിരൂര്‍, മലപ്പുറം ലേഖകനായി പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു മാധ്യമ രംഗത്തേയ്ക്കുള്ള കടന്നുവരവ്. പിന്നീട് മലബാര്‍ ടുഡേ, മലപ്പുറം വിശേഷം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ നൂറുകണക്കിന് ലേഖനങ്ങളും ഫീച്ചറുകളും എഴുതിയിരുന്നു. അമേരിക്കയിലെ ന്യൂ ജഴ്‌സി റൈറ്റേഴ്‌സ് ഫോറത്തിന്റെ വെസ്റ്റ് യൂത്ത് ജേര്‍ണലിസ്റ്റ് അവാര്‍ഡ്, അബൂദബി മുസ്‌ലിം റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ്, റാഫിന്റെ റോഡ് സേഫ്റ്റി മീഡിയ എക്‌സലന്‍സി അവാര്‍ഡ് നേടിയിട്ടുണ്ട്. പിയുസിഎല്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍,സിഎച്ച്ആര്‍ഒ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. കാശ്മീരിലെ ഹുരിയത്ത് നേതാക്കളുടെ കേരളാ സന്ദര്‍ശനത്തിന്റെ കണ്‍വീനറായിരുന്നു. താനൂര്‍, ഗുരുവായൂര്‍ റയില്‍വിരുദ്ധ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍, ചമ്രവട്ടം പദ്ധതി ആക്ഷന്‍ കൗണ്‍സില്‍ ജോ. കണ്‍വീനര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. മഅ്ദനിയുടെ ജയില്‍വാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തു നടത്തിയ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയായിരുന്നു. മലബാറിലെ പീഢനമനുഭവിക്കുന്ന പാക്ക് പൗരന്‍മാരുടെ വിഷയം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പരിഹാരം കാണുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി കോട്ടയ്ക്കലില്‍ ജനവിധി തേടുന്നത് വി ഉണ്ണികൃഷ്ണന്‍ ആണ്.
മണ്ഡലത്തില്‍ വികസന പദ്ധതികള്‍ ഓരോന്നായി പാഴാക്കിയെന്നാണ് എല്‍ഡിഎഫ് പ്രചാരണത്തില്‍ എടുത്തുകാട്ടുന്നത്. മികച്ച ഒരു പദ്ധതി പോലും കോട്ടയ്ക്കലിനില്ലെന്നും അവര്‍ വോട്ടമാരോടും പറയുന്നു. സ്വപ്‌ന പദ്ധതിയായ ആയുര്‍വേദ സര്‍വകലാശാല പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. അതേസമയം യാതൊരു വിധ ആശങ്കയുമില്ലെന്നും കോട്ടയ്ക്കല്‍ സുരക്ഷിതമുള്ള മണ്ഡലമാണെന്നും യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക