|    Nov 21 Wed, 2018 7:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മല്‍കാന്‍ഗിരിയില്‍ അഞ്ച് മാവോവാദികളെ വധിച്ചു

Published : 6th November 2018 | Posted By: kasim kzm

ഭുബനേശ്വര്‍: ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ അഞ്ച് മാവോവാദികളെ പോലിസ് വധിച്ചു. ഒഡീഷ പോലീസും സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും മാവോവാദികള്‍ക്കായി പ്രദേശത്ത് നടത്തിയ തിരച്ചിലിനിടയില്‍ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളും മൂന്നു പുരുഷന്‍മാരുമുണ്ട്. ആന്ധ്രാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കലിമേല പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബെജിങ്വാഡ വനത്തിലായിരുന്നു ഏറ്റുമുട്ടലെന്ന് മാവോവാദി വിരുദ്ധ നീക്കങ്ങളുടെ ചുമതലയുള്ള അഡീഷനല്‍ ഡീജിപി ആര്‍ പി കൊച്ചെ പറഞ്ഞു. സംസ്ഥാനത്തെ മാവോവാദികളുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ഏറ്റുമുട്ടലുണ്ടായ സ്ഥലം.
ഞായറാഴ്ചമുതല്‍ മേഖലയില്‍ മാവോവാദികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. രണ്ട് സംഘങ്ങളായാണ് എസ്പിജി സേന തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടെ 15പേരോളം വരുന്ന മാവോവാദി സംഘം എസ്പിജി ഭടന്‍മാര്‍ക്കുനേര്‍ക്ക് വെടിയുതിര്‍ക്കുകയും തുടര്‍ന്ന് സേനാംഗങ്ങള്‍ തിരിച്ചടിക്കുകയുമായിരുന്നെന്നും ഡിജിപി പറഞ്ഞു.
ഏരിയാ കമ്മിറ്റി അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. ഇവരുടെ പക്കല്‍ നിന്നും രണ്ട് ഇന്‍സാഫ് റൈഫിള്‍, ഒരു സെല്‍ഫ് ലോഡിങ് റൈഫിള്‍ (എസ്എല്‍ആര്‍), ഒരു 303 റൈഫിള്‍, ഒരു ഗ്രനേഡ് എന്നിവ ലഭിച്ചതായി പോലിസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ടു വനിതകളക്കം മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉന്‍ഗ സോധി, മാസെ മാധി, സീമ കേന്ദ്രുക എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
സിപിഐ (മാവോവാദി) കലിമേല ദളം നേതാവായ രണ്‍ദേബ് (ദേബ മാധി)ക്ക് ഏറ്റുമുട്ടലിനിടെ പരിക്കേറ്റെങ്കിലും ഓടി രക്ഷപ്പെട്ടതായി പോലിസ് പറഞ്ഞു. ഏറ്റുമുട്ടല്‍ തുടരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒഡീഷയില്‍ നടന്ന ഏറ്റവും വലിയ മാവോവാദി വേട്ടയാണിതെന്ന് സംസ്ഥാന ഡിജിപി ആര്‍പി ശര്‍മ പ്രതികരിച്ചു. കണ്ഡമാല്‍, ബോലാങ്കീര്‍ ജില്ലകളില്‍ മെയ്മാസത്തില്‍ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മുതിര്‍ന്ന നേതാക്കളടക്കം ഏഴ് മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
2016 ഒക്ടോബറില്‍ ആന്ധ്ര-ഒഡിഷ അതിര്‍ത്തിക്കു സമീപം 27 മാവോവാദികളെ പോലീസ് വെടിവച്ചു കൊന്നിരുന്നു. മാല്‍കാന്‍ഗിരി ജില്ലയിലെ താന്ത്രിക്കു സമീപമായിരുന്നു ഇത്. ആന്ധ്രപോലീസിന്റെ ഗ്രേഹണ്ട് കമാന്‍ഡോകളും ഒഡിഷ പോലീസിന്റെ സായുധവിഭാഗവും ചേര്‍ന്ന് മാവോവാദി സമ്മേളനസ്ഥലം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. മേഖലയില്‍ മാവോവാദികള്‍ക്കു നേരെയുണ്ടായ ഏറ്റവും വലിയ പോലീസ് നടപടിയായിരുന്നു ഇത്. മാല്‍ക്കന്‍ഗിരിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നാരോപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ അന്ന് രംഗത്ത് വന്നിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss